lealam
ലേല വിപണിയിൽ ശീതക്കാല പച്ചക്കറി ലേലം നടക്കുന്നു.

മറയൂർ: ഒരു വർഷമായി നിലച്ചിരുന്ന കാന്തല്ലൂർ വി.എഫ്.പി.സി.കെ ലേല വിപണി വെള്ളിയാഴ്ച മുതൽ വീണ്ടും ആരംഭിച്ചു. വിപണിയിൽ എത്തിയ വിളകൾക്ക് കർഷകന് മികച്ച വില ലഭിച്ചു. വിപണി സജീവമായതോടു കൂടി ഓണത്തിന് തയ്യാറായിരിക്കുന്ന വിളകൾക്ക് ന്യായവില കിട്ടുമെന്ന പ്രതീക്ഷയിലാണ് കർഷകർ.ലേല വിപണിയിൽ എത്തുന്ന പച്ചക്കറി ലേലം ചെയ്യുന്നതിനോടൊപ്പം ഹോർട്ടി കോർപ്പിനു വേണ്ടി പച്ചക്കറി സംഭരിച്ചു നല്കുകയും ചെയ്തു വന്നിരുന്നു.എന്നാൽ ഹോർട്ടികോർപ്പും ഇടനിലക്കാരായ വ്യാപാരികളും ലേലത്തിൽ വാങ്ങിയ പച്ചക്കറിക്ക് നൽകേണ്ട വില വലിയ തോതിൽ കുടിശിഖവരുത്തിയതോടു കൂടി കർഷകർക്ക് പച്ചക്കറിയുടെ വില നല്കാൻ കഴിയാതെ വന്നു. ഇതിനാൽ കർഷകർ ലേല വിപണിയിൽ എത്തിക്കാതെ പുറമെയുള്ള വ്യാപാരികൾക്ക് കിട്ടുന്ന വിലക്ക് പച്ചക്കറി നൽകി.ഇതോടു കൂടിയാണ് വിപണിയുടെ പ്രവർത്തനം ഒരു വർഷത്തോളം നിലച്ചത്. കാന്തല്ലൂർ മേഖലയിൽ എത്തിയ കൃഷിമന്ത്രി വി.എസ്.സുനിൽകുമാർ ലേല വിപണിയുടെ പ്രവർത്തനം ഉടനടി ആരംഭിക്കാനുള്ള നിർദ്ദേശം നല്കിയതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ വിപണി തുടങ്ങിയത്. വ്യാപാരികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം വിളിച്ചു കൂട്ടി കുടിശ്ശിഖയുടെ കാര്യത്തിൽ തീരുമാനം എടുക്കുമെന്നും വിപണി അധികൃതർ അറിയിച്ചു.പുറമെ എട്ടുരൂപ ലഭിച്ചിരുന്ന കാബേജിന് 13 രൂപയും എഴുപതു രൂപ മാത്രം ലഭിച്ചിരുന്ന സോയ ബട്ടർ ബീൻസിന് 93 രൂപയും, 35 രൂപയുണ്ടായിരുന്ന മുരിങ്ങ ബീൻസിന് 41 രൂപയുമാണ് വില ലഭിച്ചത്.