aama

നക്ഷത്ര ആമകളും നീർനായകളും ആഗോള സംരക്ഷിത പട്ടികയിൽ ഉൾപ്പെടുത്തി. ഇവയെ പിടികൂടുന്നതും കടത്തുന്നതും വളർത്തുന്നതും പൂർണ്ണമായി നിരോധിക്കാൻ ജനീവയിൽ നടന്ന ആഗോള പ്രകൃതിസംരക്ഷണ സംഗമത്തിൽ തീരുമാനമായി. വംശനാശ ഭീഷണി നേരിടുന്ന ജീവികളെയും സസ്യങ്ങളെയും സംരക്ഷിക്കുവാനായി ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന കൺസർവേഷൻ ഓൺ ഇന്റർനാഷണൽ ട്രെയ്ഡ് ഇൻ എൻഡേഞ്ചേർഡ് സ്പീഷിസ് ഫോർ വൈൽഡ് ഫ്‌ളോറ ആന്റ് ഫോണാ എന്ന രാജ്യാന്തര സംഘടനയുടെ നേതൃത്വത്തിൽ നടന്ന ഉച്ചക്കോടിയിൽ സമർപ്പിക്കപ്പെട്ട നിർദ്ദേശമാണ് അംഗീകരിക്കപ്പെട്ടത്. വംശനാശ ഭീഷണി നേരിടുന്ന ഇനത്തിൽപ്പെട്ട നക്ഷത്ര ആമകൾ നിലവിൽ പട്ടിക രണ്ട് വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിരുന്നത്. പുതിയ തീരുമാനപ്രകാരം ഇവയെ പട്ടിക രണ്ടിൽ നിന്നും പട്ടിക ഒന്നിലേക്ക് സംരക്ഷണ പദവി ഉയർത്തുന്നതോടു കൂടി ഇവയെ ജീവനോടെയോ, കൊന്നോ ശരീര ഭാഗങ്ങളോടെയോ കടത്തുന്നത് കടുത്ത ശിക്ഷ ലഭിക്കുന്ന കുറ്റമായി മാറും.

മറയൂർ: ചിന്നാർ വന്യജീവി സങ്കേതത്തിലെ വനമേഖലകളിലാണ് ഇന്ത്യയിൽ നക്ഷത്ര ആമകൾക്ക് പ്രകൃതിദത്തമായി വളരാൻ അനുയോജ്യമായ സാഹചര്യമുള്ളത്.നൂറു കണക്കിന് നക്ഷത്ര ആമകൾ ഇവിടെ ഉണ്ട്. കേരളത്തിൽ എവിടെ നക്ഷത്ര ആമകളെ പിടികൂടിയാലും ഇവയെ ചിന്നാർ വനത്തിൽ എത്തിച്ചാണ് തുറന്നു വിടുന്നത്.ഇന്ത്യയിലെ വിവിധ ഭാഗങ്ങളിൽ നിന്നും നിയമവിരുദ്ധമായി വിദേശത്തേക്ക് കടത്താൻ ശ്രമിക്കവെ പിടിയിലായ നക്ഷത്ര ആമകളുടെ പുനരധിവാസ പദ്ധതി വൻവിജയമായതോടു കൂടിയാണ് ചിന്നാർ വന്യജീവി സങ്കേതം ഏറെ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്. ഇതോടു കൂടി ചിന്നാർ വന്യജീവി സങ്കേതം നക്ഷത്ര ആമകളുടെ രാജ്യത്തെ ഏക പുനരധിവാസ കേന്ദ്രമായി മാറി. മറ്റു സംസ്ഥാനങ്ങളാൽ പുനരധിവാസം 30 ശതമാനം മാത്രം വിജയിച്ചപ്പോൾ ചിന്നാറിൽ 80 ശതമാനം വിജയിച്ചു.സാധാരണ നക്ഷത്ര ആമകളെ വനമേഖലയിൽ തുറന്നു വിടുകയാണ് പതിവ്.2014 ഏപ്രിലിൽ തിരുവനന്തപുരം അന്തർദേശിയ വിമാനതാവളത്തിൽ വിദേശത്തേക്ക് കടത്തുവാൻ ശ്രമിച്ച 357 നക്ഷത്ര ആമകളെ ചിന്നാറിലെത്തിച്ച് പുനരധിവസിപ്പിക്കുന്നതിന് പ്രത്യേകം പദ്ധതിയൊരുക്കി.പ്രത്യേകം സ്ഥലമൊരുക്കി ഭക്ഷണം, ഭക്ഷണക്രമങ്ങൾ എന്നിവ നിരീക്ഷിച്ച് കണ്ടെത്തിയാണ് തുടക്കത്തിൽ പുനരധിവസിപ്പിച്ചത്. ഇവയുടെ ഇഷ്ട വിഭവങ്ങളായ തഴുതാമ, എകിടി, കള്ളിമുള്ള് എന്നിവ് ശേഖരിച്ച് നല്കി. വിദഗ്ധ ഡോക്ടർമാരുടെ സേവനം ഉറപ്പാക്കി.ദീർഘനാളത്തെ പരിചരണത്തിന് ശേഷം ഇവയെ ചിന്നാർ വനമേഖലയിലേക്ക് തുറന്നു വിടുകയായിരുന്നു. ഇവയിൽ 80 ശതമാനം നക്ഷത്ര ആമകളുംം സുരക്ഷിതരാണെന്ന് പിന്നീട് വനം വകുുപ്പ് നടത്തിയ പഠനത്തിൽ കണ്ടെത്തിയിരുന്നു.മൂന്നാർ മുൻ വാർഡൻ ജി.പ്രസാദ്, മുൻ അസി. വാർഡൻമാരായ എൻ.റ്റി.സിബിൻ, പി.എം.പ്രഭു ,നിലവിലെ വാർഡൻ ആർ.ലക്ഷ്മി എന്നിവരുടെ നേതൃത്വത്തിൽ തയ്യാറാക്കിയ പുനരധിവാസ പദ്ധതിയുടെ വിജയമായിരുന്നു ചിന്നാറിനെ ലോക ശ്രദ്ധയിലേക്ക് കൊണ്ടുവന്നത്. ഇവിടെ നിന്നും നക്ഷത്ര ആമയെ കടത്തുന്ന സംഘത്തെയും ഇവർ പിടികൂടിയിരുന്നു.