കട്ടപ്പന: ഒന്നെങ്കിൽ ജോലി അല്ലെങ്കിൽ മരണം എന്ന ലക്ഷ്യവുമായി ഭിന്നശേഷിക്കാരിയായ യുവതിയുടെ 48 മണിക്കൂർ ഉപവാസ സമരം ആരംഭിച്ചു. കട്ടപ്പന ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ച് പടിക്കലാണ് യുവതി സമരം നടത്തുന്നത്.
ഇടുക്കിക്കവല മുട്ടത്ത് സാബുവിന്റെയും, ലിസി സാബുവിന്റെയും മകൾ ഡയാന സാബു (27) ആണ് സർക്കാർ ജോലി ലഭിക്കാൻ പന്തൽ കെട്ടി സമരം നടത്തുന്നത്. കടുത്ത ശാരീരിക വൈകല്യങ്ങൾ ജന്മനാ ഉണ്ടായിട്ടും ബിരുധാനാന്തര ബിരുദം വരെ നേടിയ ഡയാന ഭിന്നശേഷി വിഭാഗകാർക്ക് എഴുതാവുന്ന പി എസ് സി യുടെ വിവിധ പരീക്ഷകൾ എഴുതിയിട്ടുണ്ട്. അതോടൊപ്പം, ഒരു ജോലിക്കായി പല സ്വകാര്യ സ്ഥാപനങ്ങളെയും സമീപിച്ചു. എല്ലാ വഴികളും അടഞ്ഞപ്പോഴാണ് സമരത്തിനിറങ്ങിയത്. മുനിസിപ്പൽ ചെയർമാൻ ജോയി വെട്ടിക്കുഴി സമരം ഉദ്ഘാടനം ചെയ്തു. കൗൺസിലർ ഉണ്ണി രമേഷ് പ്രസംഗിച്ചു. കലാ സാംസ്‌കാരിക രംഗത്തുള്ള നിരവധി പേർ സമരത്തിന് പിന്തുണയുമായി എത്തുന്നുണ്ട്.