അടിമാലി ഗ്രാമപഞ്ചായത്ത് നടപ്പിലാക്കുന്ന ഉത്തരവാദിത്വ ടൂറിസം പദ്ധതിയുടെ ഭാഗമായി നടന്നു വന്നിരുന്ന ഫോട്ടോ പ്രദർശനം സമാപിച്ചു.പരിപാടിയുടെ രണ്ടാം ദിവസം അടിമാലിയുടെ മനോഹാരിത ഉൾക്കൊള്ളുന്ന വീഡിയോ പ്രദർശനം ഒരുക്കിയിരുന്നു.സമാപന സമ്മേളനത്തിൽ ജനപ്രിയ ഫോട്ടോ ഗ്രാഫി, വീഡിയോ ഗ്രാഫി വിജയികളെ പ്രഖ്യാപിച്ചു.
വിനോദ സഞ്ചാരമേഖലയിൽ പുതിയ വാതായനം തുറക്കാൻ ലക്ഷ്യമിട്ട് അടിമാലി ഗ്രാമപഞ്ചായത്ത് നടപ്പിലാക്കുന്ന ഉത്തരവാദിത്വ ടൂറിസം പദ്ധതിയുടെ ഭാഗമായിട്ടായിരുന്നു ഫോട്ടോ പ്രദർശനവും വീഡിയോ പ്രദർശനവും ഒരുക്കിയിരുന്നത്.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ദീപാ രാജീവ് ഫോട്ടോ വീഡിയോ പ്രദർശനങ്ങളുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. പൊതുജനങ്ങളിൽ നിന്നും സ്വീകരിച്ച ചിത്രങ്ങളും വീഡിയോകളുമായിരുന്നു മത്സര വിഭാഗത്തിൽ പ്രദർശിപ്പിച്ചത്.വരും ദിവസങ്ങളിൽ ടൂറിസം സെമിനാറടക്കമുള്ള കൂടുതൽ പ്രവർത്തനങ്ങളുമായി മുമ്പോട്ട് പോകുമെന്ന് ഗ്രാമപഞ്ചായത്ത് ഭരണ സമതി അറിയിച്ചു.ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, അയൽക്കൂട്ടം അംഗങ്ങൾ, സാംസ്‌കാരിക പ്രതിനിധികൾ ഉദ്യോഗസ്ഥർ തുടങ്ങിയവർചടങ്ങിൽ പങ്കെടുത്തു.