രാജാക്കാട്: ജില്ലയിലെ പൊതുവിതരണ രംഗത്ത് വൻ കാൽവയ്പുമായി സിവിൽ സപ്ളൈസ് കോർപ്പറേഷൻ. ആധുനിക സംവിധാനങ്ങളോടെയുള്ള മൂന്ന് സപ്ളൈകോ സൂപ്പർ മാർക്കറ്റുകളുടെയും നെടുങ്കണ്ടത്തെ നവീകരിച്ച സൂപ്പർ മാർക്കറ്റിന്റെയും പ്രവർത്തനോദ്ഘാടനം ഇന്ന്. രാജാക്കാട്, കൂട്ടാർ, പുറ്റടി എന്നിവിടങ്ങളിലെ മാവേലി സ്റ്റോറുകളാണ് സൂപ്പർ മാർക്കറ്റുകളായി ഉയർത്തിയിരിക്കുന്നത്. രാജാക്കാട് സൂപ്പർമാർക്കറ്റ് ഉദ്ഘാടനം രാവിലെ 10ന് മന്ത്രി എം.എം. മണിയുടെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ മന്ത്രി പി. തിലോത്തമൻ നിർവഹിക്കും. ബസ് സ്റ്റാൻഡിൽ പ്രവർത്തിക്കുന്ന മാവേലി സ്റ്റോർ പൊതുജനങ്ങളുടെ താത്പര്യാർത്ഥമാണ് വിപുലീകരിച്ചിരിക്കുന്നത്. വിപുലമായ സൗകര്യങ്ങളോടെ ചർച്ച് റോഡിലെ പുതിയ കെട്ടിടത്തിലാണ് പ്രവർത്തനം ആരംഭിക്കുന്നത്. നെടുങ്കണ്ടത്തെ സൂപ്പർ മാർക്കറ്റ് പടിഞ്ഞാറേക്കവലയിലെ നവീകരിച്ചതും വിശാലവുമായ പുതിയ കെട്ടിടത്തിലേയ്ക്ക് മാറ്റി പ്രവർത്തനം ആരംഭിക്കും. ഉച്ചയ്ക്ക് 12ന് ഉദ്ഘാടനം നടത്തും. ഉച്ചകഴിഞ്ഞ് രണ്ടിന് കൂട്ടാർ മാവേലി സ്റ്റോറും, മൂന്നിന് പുറ്റടിയിലെ മാവേലി സ്റ്റോറും സൂപ്പർസ്റ്റോറുകളായി ഉയർത്തും. പൊതുവിപണിയിയേക്കാൾ പത്ത് ശതമാനത്തിലധികം വില കുറച്ച് ലഭിയ്ക്കും. ഹോർട്ടികോർപ്പിന്റെ പച്ചക്കറികളും ഇവിടങ്ങളിൽ നിന്ന് വാങ്ങാനാകും.