തൊടുപുഴ: സംസ്ഥാന സർക്കാരും സഹകരണ വകുപ്പും സംയുക്തമായി നടപ്പാക്കുന്ന ഓണം വിപണനമേളയുടെ ഭാഗമായി തൊടുപുഴ റൂറൽ കോ- ഓപ്പറേറ്റീവ് സൊസൈറ്റി ആരംഭിക്കുന്ന ഓണചന്തയുടെ ഉദ്ഘാടനം ഇന്ന് രാവിലെ 10.30ന് പി.ജെ. ജോസഫ് എം.എൽ.എ നിർവഹിക്കും. തൊടുപുഴ അമ്പലം ബൈപാസിലുള്ള പാഞ്ചജന്യം കോംപ്ലക്‌സിലാണ് ഓണചന്ത പ്രവർത്തിക്കുന്നത്. കുത്തരി, പച്ചരി, പഞ്ചസാര, വെളിച്ചെണ്ണ, ചെറുപയർ, കടല, ഉഴുന്ന്, തുവരപ്പരിപ്പ്, മുളക്, മല്ലി മുതലായവ സർക്കാർ സബ്‌സിഡിയോടെ വിതരണം ചെയ്യും. റേഷൻ കാർഡ് ഒന്നിന് ഇത്രയും സാധനങ്ങൾ അടങ്ങിയ ഓരോ കിറ്റുകളാണ് നൽകുന്നത്. ഒന്ന് മുതൽ 10 വരെ രാവിലെ 10 മുതൽ അഞ്ച് വരെ വിപണനം ഉണ്ടാകും. ഉദ്ഘാടന ചടങ്ങിൽ സംഘം പ്രസിഡന്റ് കെ. സുരേഷ് ബാബു അദ്ധ്യക്ഷത വഹിക്കും. വാർഡ് കൗൺസിലർ കെ. ഗോപാലകൃഷ്ണൻ, സംഘം വൈസ് പ്രസിഡന്റ് ജലജ ശശി, സെക്രട്ടറി പി.എസ്. സോണിയ, പി.കെ. മധു, കെ.എ. സിദ്ധിക് എന്നിവർ സംസാരിക്കും.