തൊടുപുഴ: പാലായിൽ ജയസാദ്ധ്യതയുള്ള സ്ഥാനാർത്ഥിയാണെങ്കിൽ മാത്രം ചിഹ്നം നൽകുമെന്ന് കേരള കോൺഗ്രസ് (എം) വർക്കിംഗ് ചെയർമാൻ പി.ജെ. ജോസഫ് പാർട്ടി നേതൃയോഗത്തിന് ശേഷം മാദ്ധ്യമങ്ങളോട് പറഞ്ഞു.

പൊതുസ്വീകാര്യനായ സ്ഥാനാർത്ഥി വരണമെന്നാണ് കഴിഞ്ഞ യു.ഡി.എഫ് യോഗത്തിലുണ്ടായ ധാരണ. നിഷ ജോസ് കെ. മാണിക്ക് പൊതു സ്വീകാര്യതയുണ്ടോ എന്ന ചോദ്യത്തിന്, അതൊന്നും ഇപ്പോൾ പറയില്ലെന്നും ആരുടെയും പേര് പറയാൻ ആഗ്രഹിക്കുന്നില്ലെന്നുമായിരുന്നു ജോസഫിന്റെ പ്രതികരണം. പാലായിൽ സ്ഥാനാർത്ഥി നിർണയം വൈകിയിട്ടില്ല. യു.ഡി.എഫ് സ്ഥാനാർത്ഥിയെ ഒടുവിലാണ് തീരുമാനിക്കുന്നത്. ചിഹ്നം നൽകുന്നതു സംബന്ധിച്ച തീരുമാനം വരുന്നതേയുള്ളൂ. സ്ഥാനാർത്ഥി നിർണയം സംബന്ധിച്ച് പാർട്ടിക്ക് സ്വന്തമായ അഭിപ്രായങ്ങളുണ്ട്. ആ നിലപാടിൽ ഉറച്ചു നിൽക്കുമെന്നും ജോസഫ് പറഞ്ഞു.
അതിനിടെ, പാർട്ടി അംഗമല്ലാത്ത നിഷയ്ക്ക് എങ്ങനെ ചിഹ്നം കൊടുക്കുമെന്ന് കേരളാ കോൺഗ്രസ് (എം) കോട്ടയം ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പൻ ചോദിച്ചു. നിഷയെക്കുറിച്ച് ചർച്ച ചെയ്യേണ്ട കാര്യം ഇപ്പോഴില്ല. നിഷ പൊതുസ്വീകാര്യയാണെന്ന് യു.ഡി.എഫിന് ബോദ്ധ്യപ്പെട്ടാൽ ഇതേക്കുറിച്ച് പി.ജെ. ജോസഫ് അഭിപ്രായം പറയുമെന്നും സജി പറഞ്ഞു.