കട്ടപ്പന:ഹൈക്കോടതി ജഡ്ജി ജസ്റ്റിസ്. എൻ. അനിൽകുമാർ കട്ടപ്പന നഗരസഭയെ കേരളത്തിലെ പ്രഥമ വിധവാ സൗഹൃദ നഗരസഭയായി പ്രഖ്യാപിച്ചു. നഷ്ടബോധത്തിന്റെയും വേദനയുടെയും മുഖഭാവങ്ങളിൽ നിന്നും മോചിതരായി കരുത്താർജിച്ച വിഭാഗമായി ഇവർ മാറണമെന്ന് അദ്ദേഹം പറഞ്ഞു.
സമൂഹത്തിലെ പാർശ്വവത്ക്കരിക്കപ്പെട്ട വിഭാഗമായ വിധവകൾക്കായി കേന്ദ്ര സംസ്ഥാന സർക്കാരുകൾ നടപ്പാക്കിയിട്ടുള്ള ക്ഷേമ പദ്ധതികളുടെ പ്രയോജനം യഥാസമയം ലഭ്യമാക്കുകയും ഇവർക്ക് ആവശ്യമായ പിന്തുണയും സഹായവും നല്കി ജില്ലയെ വിധവാ സൗഹൃദമാക്കുന്നതിന്റെ ഭാഗമായിട്ടാണ് ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയും വിധവാ സെല്ലും ചേർന്ന് പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. പദ്ധതിയുടെ ഭാഗമായി മുൻസിപ്പാലിറ്റി, പഞ്ചായത്തു തലത്തിൽ വിധവകളുടെ കണക്കെടുപ്പും കേന്ദ്രസംസ്ഥാന സർക്കാരുകൾ നടപ്പാക്കുന്ന ക്ഷേമ പദ്ധതികളെക്കുറിച്ച് വിവരിക്കുന്ന കൈപ്പുസ്തകം തയ്യാറാക്കി നൽകും. ക്ഷേമ പദ്ധതികൾ യഥാർത്ഥഗുണഭോക്താക്കൾക്ക് ലഭിക്കുമെന്ന് ഉറപ്പുവരുത്തുകയും ചെയ്യും.
ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി ചെയർമാനും പ്രിൻസിപ്പൽ
ജില്ലാ ജഡ്ജുമായ മുഹമ്മദ് വസിം അദ്ധ്യക്ഷത വഹിച്ചു. വിവിധ ആരോഗ്യ വിഭാഗങ്ങളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച മെഡിക്കൽക്യാമ്പ് സംസ്ഥാന ലീഗൽ സർവ്വീസസ് അതോറിറ്റി മെമ്പർ സെക്രട്ടറി കെ.ടി. നിസാർ അഹമ്മദ് ഉദ്ഘാടനം ചെയ്തു. ലീഗൽ അതോറിറ്റി ജില്ലാ സെക്രട്ടറി ദിനേശ്. എം പിള്ള പദ്ധതി വിശദീകരിച്ചു. കുടുംബക്കോടതി ജഡ്ജി ഫെലിക്‌സ് മേരിദാസ് മുഖ്യ പ്രഭാഷണം നടത്തി. നഗരസഭാ ചെയർമാൻ ജോയി വെട്ടിക്കുഴി സ്വാഗതം പറഞ്ഞു.
നഗരസഭാ വൈസ് ചെയർപേഴ്‌സൺ ലൂസി ജോയി, ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ.പി.ടി. മാത്യു, നഗരസഭ മുൻ ചെയർമാൻ അഡ്വ. മനോജ് എംതോമസ്, വാർഡ് കൗൺസിലർ സി.കെമോഹനൻ, താലൂക്ക് ലീഗൽ സർവ്വീസസ് സെക്രട്ടറി ഷാജി എബ്രഹാം തുടങ്ങിയവർ സംസാരിച്ചു. നഗരസഭയിലെ 2300 ഓളം വിധവകൾ പരിപാടിയിൽ പങ്കെടുത്തു. ആയുർവേദം, അലോപ്പതി, ഹോമിയോവകുപ്പുകളുടെ നേതൃത്വത്തിൽ മെഡിക്കൽക്യാമ്പും സംഘടിപ്പിച്ചിരുന്നു. വിധവാസൗഹൃദപദ്ധതിയുടെ ഭാഗമായി മുനിസിപ്പാലിറ്റിയിലെ മുഴുവൻ വിധവകളുടെയും ലിസ്റ്റ് തയ്യാറാക്കി സർക്കാർ ആനുകൂല്യങ്ങൾ ലിസ്റ്റിൽ ഉൾപ്പെട്ടവർക്ക് ലഭിച്ചിട്ടുണ്ടോയെന്ന് പരിശോധന നടത്തുകയും അർഹരായവർക്ക് ആനുകൂല്യങ്ങൾ ലഭിച്ചിട്ടില്ലെങ്കിൽ അത് നേടിയെടുക്കുന്നതിനായും വിവിധ വകുപ്പുകൾ വിധവകൾക്കായി നടപ്പാക്കുന്ന ക്ഷേമ പദ്ധതികളെ കുറിച്ച് മനസിലാക്കുന്നതിനായും സർക്കാർ വകുപ്പുകളെ ഏകോപിപ്പിച്ച് അദാലത്തും ഇതോടൊപ്പം നടന്നു. കൃഷി, ആരോഗ്യവകുപ്പ്, എംപ്ലോയ്‌മെന്റ് , പോലീസ്, കുടുംബശ്രീ , വ്യവസായം, റവന്യൂ, ഐ.സി.ഡി.എസ്, കെ.എസ്.എഫ്.ഇ, ബാങ്കുകൾ, പഞ്ചായത്ത് തുടങ്ങിയ വകുപ്പുകളാണ് അദാലത്തിൽ പങ്കെടുത്തത്.
'വിധവകളെന്ന പേരിൽ മാറ്റം വരുത്തുന്നത് ഉചിതമായിരിക്കും ഭർത്താവ് മരിച്ച സ്ത്രീകൾ വിധവകളെന്ന പേരിൽ ബ്രാൻഡ് ചെയ്യപ്പെടാൻ പാടില്ല. സമൂഹത്തിന്റെ എല്ലാ പിന്തുണയും ആവശ്യമുള്ളവരാണ് ഈ ജനവിഭാഗം. ഇവരിൽ മാനസിക സംഘർഷമനുഭവിക്കുന്നവർക്ക് ആവശ്യമായ കൗൺസലിംഗ് സഹായം ലീഗൽ സർവ്വീസസ് അതോറിറ്റി മുഖേന ലഭ്യമാക്കും."
ജസ്റ്റിസ് എൻ.അനിൽകുമാർ
'വിധവാ സൗഹൃദ നഗരസഭയായ കട്ടപ്പന നഗരസഭയിൽ ഇനി മുതൽ മാസത്തിൽ രണ്ടു ദിവസം വിധവകൾക്കായി ലീഗൽ എയ്ഡ് ക്ലിനിക്ക് പ്രവർത്തിക്കും. നഗരസഭയുടെ വനിതാ ക്ഷേമപദ്ധതികളിൽ വിധവകൾക്കായി പ്രൊജക്ട് ഉൾക്കൊള്ളിക്കും. കട്ടപ്പന നഗരസഭയുടെ പരിധിയിലുള്ള എല്ലാ വിധവകൾക്കും വിധവാ പെൻഷൻ ലഭിക്കുന്നുവെന്ന് ഉറപ്പാക്കും".
ജോയി വെട്ടിക്കുഴി
കട്ടപ്പന നഗരസഭാ ചെയർമാൻ