ഇടമലക്കുടി വില്ലേജ് ഓഫീസ് ഓണത്തിന്‌ശേഷം

ഇടുക്കി: പദ്ധതി വിഹിതം സമയബന്ധിതമായി ചെലവഴിക്കുന്നതിന്റെ ഉത്തരവാദിത്വം തദ്ദേശഭരണസ്ഥാപനധികൃതർക്കെന്നപോലെ വകുപ്പ് നിർവ്വഹണോദ്യോഗസ്ഥർക്കുമുണ്ടെന്ന് ജില്ലാ കലക്ടർ എച്ച്. ദിനേശൻ. ജില്ലാ വികസന സമിതി യോഗത്തിൽ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. മൂന്നാറിലെ എട്ട് വില്ലേജിൽ മാത്രമായിരുന്ന കെട്ടിടനിർമ്മാണ നിയന്ത്രണം ജില്ല മുഴുവൻ ബാധകമാക്കിയ പുതിയ സർക്കാർ ഉത്തരവ് പിൻവലിക്കണമെന്ന് ഡീൻ കുര്യാക്കോസ് എം.പി വികസന സമിതി യോഗത്തിൽ ആവശ്യപ്പെട്ടു. കഴിഞ്ഞ വികസനസമിതി യോഗത്തിൽ എംപിയും എംൽഎയും ഉന്നയിച്ച വിവിധ പ്രശ്‌നങ്ങളിൽ പരിഹരിക്കാൻ സ്വീകരിച്ചത് യോഗത്തിൽ വിശദീകരിച്ചു . ഇടമലക്കുടി ഗ്രാമപഞ്ചായത്ത് ഓഫീസ് ഇടമലക്കുടിയിൽ തന്നെ പ്രവർത്തിക്കാനുള്ള നടപടി സ്വീകരിക്കണെമന്ന് എസ്.രാജേന്ദ്രൻ എംഎൽഎ ആവശ്യപ്പെട്ടിരുന്നു. ഓഫീസ് പ്രവർത്തിക്കുന്നതിന് ആവശ്യമായ ഇന്റർനെറ്റ്, ടെലിഫോൺ സൗകര്യങ്ങളും ജീവനക്കാർക്ക് താമസ സൗകര്യങ്ങളും ലഭ്യമാകുന്ന മുറയ്ക്ക് ഓഫീസിന്റെ പ്രവർത്തനം ഇടമലക്കുടിക്ക് മാറ്റുമെന്നും പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ മറുപടി നൽകി. ഓണത്തിനു ശേഷം ഇടമലക്കുടി വില്ലേജ് ഓഫീസ് ഇടമലക്കുടിയിൽ പ്രവർത്തനം ആരംഭിക്കുമെന്ന് ജില്ലാ കളക്ടർ പറഞ്ഞു. കാന്തല്ലൂർ, മറയൂർ, വട്ടവട പ്രദേശങ്ങളിൽ ഡ്രൈവിംഗ് ടെസ്റ്റിന് 200 കിലോമീറ്ററിലധികം യാത്രചെയ്ത് അടിമാലി പത്താംമൈലിൽ ടെസ്റ്റിന് ഹാജരാകണമെന്നതിനാൽ മൂന്നാറിൽ ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ട് ഒരുക്കണമെന്ന എംഎൽഎയുടെ ആവശ്യം പരിഗണിച്ച് ട്രാൻസ്‌പോർട്ട് കമ്മീഷണറേറ്റിൽ പ്രൊപോസൽ സമർപ്പിക്കാൻ യോഗം നിർദ്ദേശിച്ചു. ശോച്യാവസ്ഥയിലായ തൊടുപുഴ ഉപ്പുകുന്ന്പാറമട റോഡ് നന്നാക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചതായി പൊതുമരാമത്ത് എക്‌സിക്യൂട്ടീവ് എൻജിനിയർ അറിയിച്ചു. കളക്ടറേറ്റ് ജീവനക്കാർക്ക് വേണ്ടി തൊടുപുഴയിൽ നിന്ന് ചെറുതോണിയിലേക്കും, ദേവികുളത്ത് നിന്ന് മൂന്നാറിലേക്കും കെഎസ്ആർടിസി ബസ് സർവീസുകൾ ആരംഭിച്ചതായി ജില്ലാ ട്രാൻസ്‌പോർട്ട് ഓഫീസർ അറിയിച്ചു.

മൂന്നാർ ഭൂമി സംരക്ഷണവുമായി ബന്ധപ്പെട്ട് വ്യവസായിക നിർമ്മാണ പ്രവർത്തനങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തിയ പ്രത്യേക സർക്കാർ ഉത്തരവ് ജില്ലയിൽ വ്യാപകമാക്കുന്നത് പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്നും, നിർമ്മാണ പ്രവർത്തനങ്ങൾ പൂർണമായി നിലയ്ക്കുമെന്നും വികസനസമിതിയോഗത്തിൽ എംപി ഡീൻ കുര്യാക്കോസ് പറഞ്ഞു. കഞ്ഞിക്കുഴി തട്ടേക്കണ്ണി പ്രദേശങ്ങളിൽ ജണ്ടക്ക് പുറത്ത് താമസിക്കുന്നവർക്ക് കുടിയൊഴിപ്പിക്കാൻ നോട്ടീസ് അയച്ച വനം വകുപ്പിന്റെ നടപടിയെ എം.പി അപലപിച്ചു. എസ്.രാജേന്ദ്രൻ എംഎൽഎ, ജില്ലാ പ്ലാനിംഗ് ഓഫീസർ കെ.കെ ഷീല, ജില്ലാ ഫോറസ്റ്റ് ഓഫീസർ കണ്ണൻ എം.വി.ജി എന്നിവർ സംസാരിച്ചു.