വെങ്ങല്ലൂർ: എസ്.എൻ.ഡി.പി യോഗം വെങ്ങല്ലൂർ ശാഖയുടെ ആഭിമുഖ്യത്തിൽ ശ്രീനാരായണ ഗുരുദേവന്റെ 165-ാമത് ജയന്തി ആഘോഷം 13ന് നടക്കും. ഇതോടൊപ്പം രാവിലെ ശാഖയുടെ വജ്രജൂബിലിയും ഗുരുദേവ പ്രതിമ അനാച്ഛാദനവും പുതിയ കെട്ടിടത്തിന്റെ സമർപ്പണവും നടക്കും. രാവിലെ ഒമ്പതിന് ശാഖാപ്രസിഡന്റ് അശോക്‌കുമാർ കെ.ആർ പതാക ഉയർത്തും. 9.15ന് ഗുരുദേവ പ്രതിമ അനാച്ഛാദനം ചെറായിക്കൽ ക്ഷേത്രം മേൽശാന്തി വൈക്കം ബെന്നി ശാന്തി നിർവഹിക്കും. 9.30ന് രവിവാര പാഠശാല കുട്ടികളുടെ ദീപാർപ്പണം. തുടർന്ന് ജയന്തി സമ്മേളനത്തിൽ ശാഖാപ്രസിഡന്റ് ആശോക്‌കുമാർ കെ.ആർ അദ്ധ്യക്ഷത വഹിക്കും. തൊടുപുഴ യൂണിയൻ കൺവീനർ ഡോ. കെ. സോമൻ പുതിയ മന്ദിര സമർപ്പണം നടത്തും. നർത്തകി ബിന്ദു എം.ജി ഉദ്ഘാടനം ചെയ്യും. യോഗം അസിസ്റ്റന്റ് സെക്രട്ടറി ജയേഷ്. വി ജയന്തി സന്ദേശം നൽകും. വൈക്കം ബെന്നി ശാന്തി പ്രഭാഷണം നടത്തും. ഡോ. ആര്യമോൾ അശോക് കുഴിവേലിൽ, ഡോ. അപർണ പി. ഗീതാനിവാസ് എന്നിവരെ ആദരിക്കും. വാർഡ് കൗൺസിലർ ബിജി സുരേഷ് സമ്മാനവിതരണം നടത്തും. ആദ്യ ശാഖാ പ്രസിഡന്റ് മെഴുവനാൽ കണ്ടയുടെ ഭാര്യ ലക്ഷ്മി, ആദ്യ ശാഖാ സെക്രട്ടറി തെക്കേൽ കൃഷ്ണന്റെ ഭാര്യ ലക്ഷ്മി കൃഷ്ണൻ, 80 വയസിന് മുകളിൽ പ്രായമുള്ള ശാഖാ അംഗങ്ങൾ, ന്യായവിലയ്ക്ക് ശാഖയ്ക്ക് സ്ഥലം നൽകിയ സോമൻ പഴുപ്ലാക്കൽ മണക്കാട് എന്നിവരെ പൊന്നാട അണിയിക്കും. ശാഖാ വൈസ് പ്രസിഡന്റ് കെ.കെ. മോഹൻ കൊച്ചുകുടിയിൽ, മുൻ മുനിസിപ്പൽ കൗൺസിലർ ഗോപാലകൃഷ്ണൻ പരുന്തുംകുന്നേൽ, കുടുംബയോഗം കൺവീനർ തങ്കമണി വയമ്പാടത്ത്, ചെറായിക്കൽ ക്ഷേത്രം മാതൃസമിതി പ്രസിഡന്റ് സുശീല വിജയൻ മടത്താട്ട്, രവിവാര പാഠശാല അദ്ധ്യാപിക സുമ ശിവൻ എന്നിവർ ആശംസകളർപ്പിക്കും.
ശാഖാ സെക്രട്ടറി പി.ആർ. ശശി സ്വാഗതവും യൂണിയൻ കമ്മിറ്റി മെമ്പർ ശശി പുത്തൻകണ്ടത്തിൽ നന്ദിയും പറയും. ഉച്ചയ്ക്ക് 1.30ന് ചതയസദ്യ.