തൊടുപുഴ: കുമളി ചൂരക്കുളം എസ്സ്റ്റേറ്റിന് സമീപത്ത് നിന്ന് 10.650 കിലോഗ്രാം ഹാഷിഷ് ഓയിൽ പിടി കൂടിയ സംഭവവുമായി ബന്ധപ്പെട്ട് ശാന്തൻപാറ കള്ളിപ്പാറ കരയിൽ വരിക്കത്തറപ്പേൽ വീട്ടിൽ മനോജ്, രാജകുമാരി വില്ലേജ് കരയിൽ കൊല്ലപ്പള്ളിയിൽ വീട്ടിൽ പ്രസാദ് എന്നിവർക്ക് 15 വർഷം കഠിന തടവിനും രണ്ട് ലക്ഷം രൂപ പിഴയും തൊടുപുഴ എൻ ഡി പി എസ് കോടതി സ്പെഷ്യൽ ജഡ്ജ് കെ.കെ.സുജാത ശിക്ഷ വിധിച്ചു. പിഴ അടച്ചില്ലെങ്കിൽ 15 മാസം കൂടി കഠിന തടവ് അനുഭവിക്കണം. 2016 ഏപ്രിൽ 29 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രതികളിൽ നിന്ന് ഹാഷിഷ് ഓയിൽ പിടികൂടുമ്പോൾ ഇതിന്റെ വിപണി വില 11 കോടി രൂപയോളം വരുമായിരുന്നു. വണ്ടിപ്പെരിയാർ എക്സൈസ് റേഞ്ച് ഇൻസ്പെക്ടറായിരുന്ന ഇപ്പോൾ എക്സൈസ് സർക്കിൾ ഇൻസ്പെക്ടറുമായ സി.കെ.സുനിൽരാജിന്റെ നേതൃത്വത്തിലുള്ള സ്‌പെഷ്യൽ എക്സൈസ് സംഘമാണ് ഇത് പിടിച്ചെടുത്തത്.കേസിന്റെ തുടർ അന്വേഷണം നടത്തി പ്രതികൾക്കെതിരെ കുറ്റപത്രം കോടതിയിൽ സമർപ്പിച്ചത് ഇടുക്കി എക്സൈസ് ഡെപ്യൂട്ടി കമ്മിഷണർ ജി.പ്രദീപ് കുമാറിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരാണ്.തൊടുപുഴ സ്പെഷ്യൽ കോർട്ട് പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ.ബി.രാജേഷാണ് പ്രോസിക്യൂഷന് വേണ്ടി ഹാജരായത്.