മറയൂർ: ഓണമടുത്തിട്ടും കാന്തല്ലൂർ മലനിരകളിൽ നിന്നും ശീതകാല പച്ചക്കറി സംഭരിക്കാതെ ഹോർട്ടികോർപ്പ്. വിളവായിട്ടും വാങ്ങാൻ ആളില്ലാതെ വിളകൾ മഴയത്ത് നശിക്കുന്നതിനാൽ കർഷകർ ദുരിതത്തിലാണ്. വട്ടവടയിൽ സ്വന്തമായി സംഭരണ കേന്ദ്രമുള്ള ഹോർട്ടികോർപ്പ് അവിടെ നിന്നു മാത്രമാണ് ഇപ്പോൾ പച്ചക്കറി സംഭരിക്കുന്നത്. എന്നാൽ ഒരു കിലോ പച്ചക്കറി പോലും ഓണക്കാലത്തിനായി കാന്തല്ലൂരിൽ നിന്നും ഹോർട്ടികോർപ്പ് സംഭരിച്ചിട്ടില്ല. കാബേജ്, കാരറ്റ്, വിവിധയിനം ബീൻസുകൾ, ഉരുളകിഴങ്ങ് എന്നിവയാണ് വിളവെടുക്കുവാൻ പാകത്തിൽ ഉള്ളത്. ഹോർട്ടികോർപ്പിനു വേണ്ടി കാന്തല്ലൂർ വി.എഫ്.പി.സി.കെ ലേല വിപണിയും കാന്തല്ലൂർ ശീതകാല പച്ചക്കറി വിപണന സംഘവുമാണ് പച്ചക്കറി സംഭരിച്ചു വരുന്നത്. ലേല വിപണിക്ക് 7 ലക്ഷം രൂപയും സംഘത്തിന് 9.65 ലക്ഷം രൂപയും പച്ചക്കറി വാങ്ങിയതിന് ഹോർട്ടികോർപ്പ് നല്കുവാനുമുണ്ട്.2017 മുതലുള്ള കുടിശികയാണിത്.കഴിഞ്ഞ ഓണക്കാലത്തും പ്രളയകാലമായതിനാൽ പച്ചക്കറി ഹോർട്ടികോർപ്പ് സംഭരിച്ചിരുന്നില്ല. മൂന്നാർ മറയൂർ പാതയിൽ ഗതാഗത നിരോധനമുണ്ടെങ്കിലും തമിഴ്‌നാട് വഴി കോഴിക്കോട്, പാലക്കാട്, കണ്ണൂർ, തൃശൂർ മേഖലകളിലേക്ക് പച്ചക്കറി എത്തിക്കുവാൻ കഴിയുമെന്ന് കർഷക കൂട്ടായ്മകൾ പറയുന്നു.

രണ്ടു ദിവസത്തിനകം കാന്തല്ലൂർ മേഖലയിൽ നിന്നും പച്ചക്കറി സംഭരിച്ചു തുടങ്ങുമെന്ന് ഹോർട്ടികോർപ്പ് അധികൃതർ അറിയിച്ചു.

വിളവെടുക്കുവാൻ പാകമായ കാബേജ് തോട്ടം