വണ്ണപ്പുറം: ബ്രേക്ക് നഷ്ടപ്പെട്ട കെ.എസ്.ആർ.ടി.സി ബസ് നിയന്ത്രണം വിട്ട് റോഡരികിലെ തിട്ടയിലിടിച്ചുണ്ടായ അപകടത്തിൽ 36 പേർക്ക് പരിക്ക്. ഇന്നലെ വൈകിട്ട് 5.45ന് വണ്ണപ്പുറത്തിന് സമീപം കമ്പക്കാനത്തെ കൊടുംവളവുകൾ നിറഞ്ഞ കുത്തിറക്കിത്തിലായിരുന്നു അപകടം. ചേലച്ചുവട് നിന്ന് കോലഞ്ചേരിക്ക് പോവുകയായിരുന്ന ബസ് കമ്പകക്കാനത്ത് ഇറക്കം ഇറങ്ങുന്നതിനിടെ ബ്രേക്ക് നഷ്ടപ്പെടുകയായിരുന്നു. ഹാൻഡ് ബ്രേക്കടക്കം ഉപയോഗിച്ച് ഡ്രൈവർ ബസ് നിറുത്താൻ ശ്രമിച്ചെങ്കിലും സാധിക്കാതെ വന്നതോടെ റോഡിന് ഇടത് വശത്തുള്ള തിട്ടയിൽ ഇടിച്ചു നിറുത്തുകയായിരുന്നു. ഇതുവഴിയെത്തിയ വാഹനങ്ങളിലും പിന്നാലെയെത്തിയ കെ.എസ്.ആർ.ടി.സി ബസിലുമായി പരിക്കേറ്റവരെ ആശുപത്രികളിലെത്തിച്ചു. കൂടുതൽ പേർക്കും ബസിന്റെ കമ്പിയിലും മറ്റുമിടിച്ച് മുഖത്താണ് പരിക്കേറ്റത്. അഞ്ചോളം പേരുടെ താടിയെല്ല് പൊട്ടി പല്ലുകൾ നഷ്ടപ്പെട്ടിട്ടുണ്ട്. ഗുരുതുര പരിക്കേറ്റ വണ്ണപ്പുറം താഴത്തേടത്ത് സ്വദേശി ടി.എച്ച്. സലിമിനെ കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബാക്കിയുള്ള 30 പേരെ മുതലക്കോടത്തെയും അഞ്ച് പേരെ തൊടുപുഴയിലെയും സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പരിക്ക് സാരമേറിയതാണെങ്കിലും ആരുടെയും നില ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. പൊലീസും ഫയർഫോഴ്‌സും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഡ്രൈവർ എറണാകുളം വടയമ്പാടി സ്വദേശി രാജൻ, കണ്ടക്ടർ വണ്ണപ്പുറം സ്വദേശി നിസാർ, സന്ധ്യ കെ.എസ് പഴേരി, ബാബു പഴേരി, അമ്പിളി മോഹൻ, ബിന്ദു കെ.ടി വണ്ണപ്പുറം, സതീഷ് വണ്ണപ്പുറം, സോനു കെ. ജോസഫ് പനംകുട്ടി, ഷിജോ ദേവസ്യ കാളിയാർ, ഗർഭിണിയായ ഭാര്യ ഷീന ഷിജോ കാളിയാർ, മക്കളായ എട്ടുവയസുള്ള അലീന, ആൽബിൻ, സുഭാഷ് ചാത്തമറ്റം, ത്രേസ്യാമ്മ ദേവസ്യ രണ്ടാർ, ജോമിറ്റ തൃശൂർ, ജിഷ അമ്പലത്തിനാൽ, ഷീന കാളിയാർ, ഷിജി സെബാസ്റ്റ്യൻ പാറപ്പുറത്ത് രണ്ടാർ, ഷീബ ജോളി കോടിക്കുളം, മോനിഷ രാഹുൽ, വെൺമറ്റം, എൽസമ്മ തങ്കച്ചൻ മുണ്ടൻമുടി, ജോർജ് മുണ്ടൻമുടി, കിഷോർ വണ്ണപ്പുറം, സെബാസ്റ്റ്യൻ ആനിക്കാട്, ദിയ എം.വി ഈസ്റ്റ് കലൂർ, സുദീഷ് എസ് പടി. കോടിക്കുളം, ആന്റണി ജോസഫ് മുണ്ടൻമുടി, ബിജോയ് തൃശൂർ, ബിബിൻ ബിജു അമയപ്ര, സുരേഷ് ഉടുമ്പന്നൂർ, രവീന്ദ്രൻ കഞ്ഞിക്കുഴി എന്നിവർ മുതലക്കോടത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ജോമിയ ജോൺ പട്ടയക്കുടി, അൻഷാദ് വണ്ണപ്പുറം, പി.ആർ. അനന്ദു വണ്ണപ്പുറം, ഇബ്രാഹിം കഞ്ഞിക്കുഴി, അരുൺ പി.എം വണ്ണപ്പുറം എന്നിവർ തൊടുപുഴയിലെ സ്വകാര്യആശുപത്രിയിലും ചികിത്സയിലാണ്.
ഡ്രൈവർ ബസിൽ കുടുങ്ങി
ഇടിയുടെ ആഘാതത്തിൽ ബസിന്റെ സ്റ്റിയറിംഗ് അകത്തേക്ക് തള്ളിയതിനെ തുടർന്ന് ഡ്രൈവർ എറണാകുളം വടയമ്പാടി സ്വദേശി രാജൻ ഇറങ്ങാനാകാതെ കുടുങ്ങി പോയി. തുടർന്ന് ജെ.സിബി ഉപയോഗിച്ച് ബസ് പിന്നോട്ടെടുത്ത ശേഷമാണ് ഡ്രൈവറെ പുറത്തിറക്കിയത്. അപകടത്തിൽ രാജന്റെ കാലിന് പരിക്കേറ്റു.