തൊടുപുഴ: നഗരത്തിൽ നടപ്പിൽ വരുത്തേണ്ട ഗതാഗത പരിഷ്‌ക്കാരങ്ങളെ സംബന്ധിച്ച് അടുത്ത നഗരസഭ കൗൺസിലിൽ വിശദമായ ചർച്ച നടത്താൻ ഇന്നലെ ചേർന്ന കൗൺസിൽ യോഗം തീരുമാനിച്ചു. ചർച്ചയിൽ ഉരുത്തിരിയുന്ന തീരുമാനങ്ങൾ ക്രോഡീകരിച്ച് ഗതാഗത ഉപദേശകസമിതിയ്ക്ക് സമർപ്പിക്കാനും കൗൺസിൽ തീരുമാനിച്ചു. കൗൺസിലർമാരുടെ നിർദേശങ്ങൾക്കു പുറമെ 2017ൽ ഗതാഗത ഉപദേശക സമിതി എടുത്ത ഗതാഗത പരിഷ്‌കാരങ്ങളെ സംബന്ധിച്ച തീരുമാനങ്ങൾ വീണ്ടും ചർച്ച ചെയ്ത് ആവശ്യമായ മാറ്റങ്ങളോടെ പുതിയ നിർദേശങ്ങൾ സമർപ്പിക്കും. ഗതാഗത ഉപദേശക സമിതി കൈക്കൊള്ളുന്ന തീരുമാനങ്ങൾ വീണ്ടും കൗൺസിലിൽ ചർച്ച ചെയ്ത് നടപ്പിൽ വരുത്താനും കൗൺസിലിൽ തീരുമാനിച്ചു.
ലീഗർ സർവീസ് അഥോറിറ്റിയുടെ നേതൃത്വത്തിൽ വഴിക്കണ്ണ് പദ്ധതിയുടെ ഭാഗമായി നടത്തിയ മെഗാ ട്രാഫിക് അദാലത്തിൽ ഉയർന്ന നിർദേശങ്ങൾ സംബന്ധിച്ച് ഇന്നലെ ചേർന്ന കൗൺസിൽ യോഗത്തിൽ ചർച്ചയ്ക്ക വന്നെങ്കിലും 2017ൽ എടുത്ത തീരുമാനങ്ങൾ പോലും നടപ്പാക്കാൻ കഴിഞ്ഞിട്ടില്ലെന്ന് കൗൺസിലർമാർ ചൂണ്ടിക്കാട്ടി. ഇത് വീണ്ടും ചർച്ച ചെയ്ത് ആവശ്യമായ ഭേദഗതികളോടെ നടപ്പിലാക്കണമെന്ന് കൗൺസിലർമാരായ സഫിയ ജബ്ബാർ, എ.എം.ഹാരിദ്, ടി.കെ.സുധാകരൻനായർ എന്നിവർ പറഞ്ഞു.
ഗതാഗത ഉപദേശക സമിതിയുടെ തീരുമാനങ്ങൾ നടപ്പിലാക്കാൻ നഗരസഭ മുൻകൈയെടുത്തെങ്കിലും ഭരണപക്ഷത്തെ ചിലരുടെ സ്വാധീനത്താൽ പൊലീസ് ഗതാഗത പരിഷ്‌ക്കാരം നടപ്പിലാക്കുന്നതിൽ അലംഭാവം കാട്ടുകയായിരുന്നെന്ന് ഏതാനും കൗൺസിലർമാർ ആരോപിച്ചു. ഗതാഗത പരിഷ്‌കാരം നടപ്പിലാക്കുന്നതിനു മുൻപ് നഗരത്തിലെ തകർന്ന റോഡുകൾ അറ്റകുറ്റപ്പണി നടത്തുകയാണ് വേണ്ടതെന്ന് ബാബു പരമേശ്വരൻ പറഞ്ഞു. പുതിയ ട്രാഫിക് ഉപദേശക സമിതിയിൽ എംഎൽഎയെ വരെ ഒഴിവാക്കിയതിനാൽ സമിതിയുടെ ജനകീയ മുഖം നഷ്ടമായതായും കൗൺസിലിൽ ആരോപണമുയർന്നു. നഗരസഭ ചെയർപേഴ്‌സൺ, തഹസീൽദാർ, ഡിവൈഎസ്പി, ആർടിഒ, പൊതുമരാമത്ത് എൻജിനിയർ എന്നിവരാണ് ഉപദേശക സമിതിയിലുള്ളത്.