കണ്ണൂർ: യുവഹൃദയങ്ങളിലെ അനശ്വര രക്തസാക്ഷി ചെ ഗുവേരയുടെ മകൾ ഡോ. അലൈഡ ഗുവേരയ്ക്ക് കണ്ണൂരിൽ ആവേശകരമായ സ്വീകരണം. 1959 ജൂലായ് ഒന്നിന് ഇന്ത്യയിലെത്തിയ പിതാവ് ഏർണസ്‌റ്റോ ചെ ഗുവേരയുടെ സന്ദർശനത്തിന് കൃത്യം 60 വർഷം തികയുമ്പോഴാണ് ക്യുബൻ ഐക്യദാർഢ്യസമ്മേളനത്തിൽ പങ്കെടുക്കുന്നതിനും പ്രസാധന രംഗത്തെ പെൺ കൂട്ടായ്മയായ സമതയുടെ പുസ്തക പ്രകാശനത്തിനുമായി മകൾ അലൈഡ കണ്ണൂരിലെത്തിയത്. സ്വതന്ത്ര ക്യൂബയുടെ അറുപതാം വാർഷികത്തോടനുബന്ധിച്ച് ഇന്ത്യയിലും നേപ്പാളിലുമായി നടക്കുന്ന പരിപാടികളിൽ സംബന്ധിക്കാനായി എത്തിയ അലൈഡയുടെ കേരളത്തിലെ ആദ്യ പൊതു പരിപാടിയായിരുന്നു കണ്ണൂരിലേത്.
വൈകിട്ട് കണ്ണൂർ എ ..കെ.. ജി സ്‌ക്വയറിൽ നിന്ന് അലൈഡയെ പൗരാവലി സ്വീകരിച്ച് സമ്മേളന വേദിയായ ടൗൺ സ്‌ക്വയറിലേക്ക് ആനയിച്ചു. വേദിയിൽ പ്രദർശിപ്പിച്ച പിതാവിനെ കുറിച്ചുള്ള വീഡിയോകളും അവർ ആസ്വദിച്ചു..
സ്വീകരണ സമ്മേളനം സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഉദ്ഘാടനംചെയ്തു. സി .പി.എം പോളിറ്റ് ബ്യൂറോ അംഗവും ക്യുബൻ ഐക്യദാർഢ്യസമിതി കൺവീനറുമായ എം.എ.ബേബി അദ്ധ്യക്ഷത വഹിച്ചു.സംഘാടക സമിതിയുടെ ഉപഹാരം സി.പി.എം ജില്ലാ സെക്രട്ടറി എം വി . ജയരാജനും സമതയുടെ ഉപഹാരം മാനേജിംഗ് ട്രസ്റ്റി പ്രൊഫ.ടി.എ. ഉഷാകുമാരിയും അലൈഡയ്‌ക്ക് സമ്മാനിച്ചു. ധനരാജ് കീഴറ വരച്ച ചെഗുവേരയുടെ ചിത്രവും നൽകി. സമതയുടെ വെബ്സൈറ്റിന്റെ പ്രകാശനം എം.വി.ജയരാജൻ നിർവഹിച്ചു. സമത പ്രസിദ്ധീകരിക്കുന്ന 14 പുസ്തകങ്ങളുടെ പ്രകാശനവും അലൈഡ നിർവഹിച്ചു..
എസ്.എഫ്.ഐ പ്രവർത്തകൻ അഭിമന്യുവിന്റെ അമ്മ ഭൂപതി, സൈമൺ ബ്രിട്ടോയുടെ മകൾ കയിനിലാ, തിരുനൽവേലിയിലെ ഡി വൈ എഫ് ഐ പ്രവർത്തകൻ അശോകിന്റെ സഹോദരൻ എം.സതീഷ്, അഴീക്കോടൻ രാഘവന്റെ ഭാര്യ മീനാക്ഷി ടീച്ചർ തുടങ്ങിയ രക്തസാക്ഷി കുടുംബാംഗങ്ങളും പി.കെ.ശ്രീമതി ,ലൈബ്രറി കൗൺസിൽ സംസ്ഥാന സെക്രട്ടറി അഡ്വ.പി.അപ്പുക്കുട്ടൻ, പുരോഗമന കലാ സാഹിത്യ സംഘം ജനറൽ സെക്രട്ടറി അശോകൻ ചരുവിൽ, മഹിളാ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി അഡ്വ പി..സതീദേവി,ഡി.വൈ എഫ് ഐ അഖിലേന്ത്യാ പ്രസിഡന്റ് അഡ്വ. പി.എ.മുഹമ്മദ് റിയാസ്, എസ് .എഫ് ..ഐ അഖിലേന്ത്യാ പ്രസിഡന്റ് വി.പി.സാനു, ചടയൻ ദേവകി, കരിവെള്ളൂർ മുരളി ,കെ.കെ.മാരാർ,ധർമ്മൻ എഴോം,സന്തോഷ് കീഴാറ്റൂർ,സി.കെ.വിനീത് തുടങ്ങിയവരും പരിപാടിയിൽ പങ്കെടുത്തു.
വിപ്ലവ ഗായിക പി.കെ.മേദിനി,നാടക,ചലച്ചിത്ര നടി നിലമ്പൂർ ആയിഷ, നാടകനടി രജിതാമധു എന്നിവരെയും ചടങ്ങിൽ ആദരിച്ചു.. അവർക്കുള്ള ഉപഹാരങ്ങൾ അലൈഡ വിതരണം ചെയ്തു.
സംഘാടക സമിതി ജനറൽ കൺവീനർ കെ.പി.സഹദേവൻ സ്വാഗതവും കൺവീനർ എം.ഷാജർ നന്ദിയും പറഞ്ഞു.
തിരുവനന്തപുരത്തു നിന്ന് രാവിലെ എട്ട് മണിയോടെ കണ്ണൂരിലെത്തിയ ഡോ.അലൈഡയ്‌ക്ക് കണ്ണൂർ റെയിൽവേ സ്‌റ്റേഷനിൽ സംഘാടക സമിതിയുടെ നേതൃത്വത്തിൽ വിപുലമായ വരവേൽപ്പ് നൽകിയിരുന്നു.