കാസർകോട് :കനത്തമഴയിൽ മണ്ണിടിഞ്ഞ് ഗതാഗതം പൂർണ്ണമായും തടസപ്പെട്ട ചെർക്കള കല്ലടുക്ക സംസ്ഥാന പാതയിലെ കരിമ്പലയിൽ ഗതാഗതം പുനഃസ്ഥാപിച്ചു. നിയന്ത്രണങ്ങളോടെ ഒരു വശത്തുകൂടി വാഹനങ്ങൾ കടന്നുപോകാനാണ് ജില്ലാകളക്ടറുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനമായത്ത്. ചരക്കുവാഹനങ്ങൾക്കുള്ള നിരോധനം തുടരും. എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീർ എന്നിവരുടെ സാന്നിധ്യത്തിലാണ് യോഗം നടത്തിയത്.

ബസുകളിൽ സ്ത്രീകൾക്കും കുട്ടികൾക്കും രോഗികൾക്കും ഇരുന്ന് ഇതുവഴി യാത്രചെയ്യാം. എന്നാൽ മറ്റുയാത്രക്കാർ കാൽനടയായി മറുവശത്തേക്ക് പോകണം. ഗതാഗത നിയന്ത്രണത്തിന് പൊലീസിനേയും റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസറെയും ചുമതലപ്പെടുത്തി. രാവിലെ 7 മുതൽ രാത്രി 7 മണിവരെയാണ് ഇതുവഴി ബസ് ഗതാഗതം അനുവദിച്ചിട്ടുളളത്. ചെറുവാഹനങ്ങൾ ഉൾപ്പെടെയുളള വാഹനങ്ങൾ വേഗതകുറച്ച് കടന്നുപോകണം. മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുന്നതിനാൽ കൂടുതൽ പഠനത്തിന് നാഷണൽ സെന്റർ ഫോർ എർത്ത് സയൻസിലെ വിദഗ്ധരുടെ സേവനം ആവശ്യപ്പെടുന്നതിന് തീരുമാനിച്ചു.

ശക്തമായ മഴ തുടർന്നാൽ ഇതുവഴിയുളള ഗതാഗതം പൂർണ്ണമായും നിരോധിക്കുമെന്ന് കളക്ടർ പറഞ്ഞു. യോഗത്തിൽ ജില്ലാ പഞ്ചായത്ത് മെമ്പർ കെ ശ്രീകാന്ത് ബ്ലോക്ക്ഗ്രാമ പഞ്ചായത്ത് പ്രതിനിധികൾ, എ.ഡി.എം., എൻ. ദേവിദാസ്, പൊതുമരാമത്ത് റോഡ്‌സ് എക്‌സിക്യൂട്ടീവ് എൻജിനിയർ വിനോദ്കുമാർ, സീനിയർ ജിയോളജിസ്റ്റ് വി. ദിവാകരൻ തുടങ്ങിയവർ പങ്കെടുത്തു.