കാസർകോട് : തട്ടിക്കൊണ്ടു പോയ ആളിനെ പൊലീസും നാട്ടുകാരും ചേർന്ന് മോചിപ്പിച്ചു. മഞ്ചേശ്വരം ബന്തിയോട് സ്വദേശി അബൂബക്കർ സിദ്ധിഖിനെ (40) യാണ് രക്ഷപ്പെടുത്തിയത്. കർണ്ണാടക അതിർത്തിയിൽ സോങ്കാലിൽ വെച്ചാണ് സിദ്ധിഖിനെ മോചിപ്പിച്ചത്. തട്ടിക്കൊണ്ടു പോകാൻ ഉപയോഗിച്ച കാർ മഞ്ചേശ്വരം പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കുഴൽപ്പണ ഇടപാട് തർക്കമാണ് സിദ്ധിഖിനെ കാറിൽ കയറ്റി കൊണ്ടുപോകുന്നതിൽ കലാശിച്ചതെന്ന് പറയുന്നു. വിവരം അറിഞ്ഞ ഉടനെ കാസർകോട് പൊലീസ് കർണ്ണാടക പൊലീസിന്റെ സഹായം തേടി. ഉപ്പള സോങ്കാൽ അനക്കൽ എന്ന സ്ഥലത്ത് കാത്തുനിന്ന പൊലീസ് കാർ തടഞ്ഞുനിറുത്തിയാണ് സിദ്ധിഖിനെ രക്ഷപ്പെടുത്തിയത്. കാറിൽ ഉണ്ടായിരുന്ന സംഘം ഓടിരക്ഷപ്പെട്ടതായി പൊലീസ് പറഞ്ഞു.