തലശേരി: ലോക് സഭാ തിരഞ്ഞെടുപ്പിൽ വടകര മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായിരുന്ന മുൻ സി.പി.എം നേതാവ് സി.ഒ.ടി നസീറിനെ വധിക്കാൻ ശ്രമിച്ച കേസിൽ ഗൂഢാലോചന നടന്നതായി കരുതുന്ന കാർ പൊലീസ് കസ്റ്റഡിയിലെടുത്തു. സി.പി.എം സംസ്ഥാന കമ്മിറ്റി അംഗവും എം.എൽ.എയുമായ എ.എൻ. ഷംസീറിന്റെ സഹോദരന്റെ ഉടമസ്ഥതയിലുള്ള കെ.എൽ 07 സി.ഡി 6887 ഇന്നോവ കാറാണ് കസ്റ്റഡിയിലെടുത്തത്.
ഈ വാഹനം ഷംസീർ എം.എൽയുടെ ബോർഡ് വച്ചാണ് ഉപയോഗിച്ചിരുന്നത്. ഇന്നോവ പലപ്പോഴും ഓടിച്ചിരുന്നത് വധശ്രമക്കേസിൽ അറസ്റ്റിലായ രാഗേഷാണ്. ഗൂഡാലോചനയിൽ ഷംസീറിനു പങ്കുണ്ടെന്ന് നസീർ ആരോപിച്ചിരുന്നത് ഈ ബന്ധം വച്ചായിരുന്നു. കഴിഞ്ഞ മാസം 27ന് കണ്ണൂർ അഴീക്കോടൻ മന്ദിരത്തിൽ നടന്ന സി.പി.എം ജില്ലാ കമ്മിറ്റി യോഗത്തിൽ പങ്കെടുക്കാൻ ഷംസീർ ഈ വാഹനത്തിലെത്തിയതും വിവാദമായിരുന്നു..
എം.എൽ.എയുടെ സഹോദരന്റെ പേരിലുള്ള വാഹനത്തിലാണ് നസീറിനെ ആക്രമിക്കാൻ പദ്ധതി തയ്യാറാക്കിയതെന്ന് കേസിലെ ആറാം പ്രതി പൊന്ന്യം കുണ്ടുചിറയിലെ പൊട്ട്യൻ സന്തോഷ് മൊഴി നൽകിയിരുന്നു.
എം.എൽ.എ എന്ന ബോർഡ് വാഹനത്തിൽ നിന്നും പിന്നീട് നീക്കം ചെയ്തിരുന്നു. നേരത്തെ ഇന്നോവ ഓടിച്ചിരുന്നത് നസീർ വധശ്രമക്കേസിൽ പ്രതിയായ സി.പി.എം പുല്യോട് ബ്രാഞ്ച് സെക്രട്ടറി എൻ.കെ. രാഗേഷായിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തിയിരുന്നത്. വാഹനം കസ്റ്റഡിയിലെടുക്കാൻ പൊലീസ് നടപടി സ്വീകരിച്ചില്ലെന്ന് നസീർ ആരോപിച്ചിരുന്നു.. നസീർ വധശ്രമക്കേസിൽ കസ്റ്റഡിയിൽ കിട്ടാനുള്ള വാഹനത്തിനായി നോട്ടീസ് നൽകുമെന്ന് നേരത്തെ തലശേരി സി.ഐ കെ. സനൽകുമാർ പറഞ്ഞിരുന്നു.
കഴിഞ്ഞ മേയ് 18ന് രാത്രിയാണ് തലശേരി കായ്യത്ത് റോഡിൽ നസീർ ആക്രമിക്കപ്പെട്ടത്. നസീറിനോട് തങ്ങൾക്ക് ഒരു തരത്തിലുള്ള വിരോധവും ഉണ്ടായിരുന്നില്ലെന്ന് അക്രമത്തിൽ നേരിട്ട് പങ്കെടുത്ത മൂന്നു പ്രതികൾ ചോദ്യം ചെയ്യലിൽ പൊലീസിനോട് വ്യക്തമാക്കിയിരുന്നു.