ഓഫീസ് പ്രവർത്തിക്കുന്നത് താലൂക്ക് ഓഫീസ് കെട്ടിടത്തിന്റെ പിറകുഭാഗത്ത്

കളക്ടറേറ്റിനോ ബേക്കൽ കോട്ടയ്ക്കോ സമീപം ഓഫീസ് സ്ഥാപിക്കണമെന്നാവശ്യം

നിലവിലുള്ളത് 5 ജീവനക്കാർ

കാസർകോട്: ലോകത്തെമ്പാടുമുള്ള വിനോദ സഞ്ചാരികൾക്ക് വടക്കൻ കേരളത്തിലെ ടൂറിസം രംഗത്തെക്കുറിച്ച് വിവരങ്ങൾ കൈമാറാൻ തുടങ്ങിയ കാസർകോട് ജില്ലാ ടൂറിസം ഇൻഫർമേഷൻ സെന്റർ പ്രവർത്തിക്കുന്നത് നഗരത്തിലെ ഓണംകേറാമൂലയിലെ ഇടുങ്ങിയ കെട്ടിടത്തിൽ. അവിടെയാകട്ടെ ഇൻഫർമേഷനുമില്ല, ടൂറിസവുമില്ല എന്ന അവസ്ഥയും.

കാസർകോട് താലൂക്ക് ഓഫീസ് കെട്ടിടത്തിന്റെ പിറകുഭാഗത്തായി കാലപ്പഴക്കം ചെന്ന കെട്ടിടത്തിലെ ആരും കാണാത്ത ഒറ്റമുറിയിലാണ് അഞ്ചുജീവനക്കാർ ജോലി ചെയ്യുന്ന ടൂറിസം ഇൻഫർമേഷൻ സെന്ററിന്റെ പ്രവർത്തനം. ടൂറിസം ഇൻഫർമേഷൻ ഓഫീസർ, അസി. ഇൻഫർമേഷൻ ഓഫീസർ, യു.ഡി ക്ലർക്ക്, എൽ.ഡി ക്ലർക്ക്, പ്യൂൺ എന്നിവരാണ് ഈ കുടുസുമുറിയിൽ ജോലി ചെയ്യുന്നത്.

ഇവിടെ എത്തുന്നവർക്ക് ഇരിക്കാൻ ഒരു ഇരിപ്പിടം പോലുമില്ല. ഇൻഫർമേഷൻ ഓഫീസ് കണ്ടെത്തണമെങ്കിൽ തന്നെ ഏറെ ബുദ്ധിമുട്ടണം. ടൂറിസം ഓഫീസിന് സ്വന്തമായി കെട്ടിടം നിർമ്മിക്കണമെന്ന് ആവശ്യപ്പെടാൻ തുടങ്ങിയിട്ട് കാലമേറെയായിട്ടും ഇതുവരെ നടപടി ഉണ്ടായിട്ടില്ല. ഡി.ടി.പി.സിയുടെ അധീനതയിൽ വിദ്യാനഗറിലെ കളക്ട്രേറ്റിന് സമീപമുള്ള അഞ്ചുസെന്റ് സ്ഥലത്ത് ടൂറിസം ഇൻഫർമേഷൻ സെന്റർ തുടങ്ങണമെന്ന് ജില്ലാ കളക്ടർ നേരത്തെ ശുപാർശ ചെയ്തിരുന്നെങ്കിലും നടപടികൾ ഒന്നും വെളിച്ചം കണ്ടിട്ടില്ല. സിവിൽ സ്റ്റേഷനു സമീപം ഈ ഓഫീസ് സ്ഥാപിച്ചാൽ ടൂറിസ്റ്റുകൾക്ക് ഏറെ പ്രയോജനപ്രദമായിരിക്കും. വിനോദസഞ്ചാരികൾ പലവിധ ആവശ്യങ്ങൾക്കായി കളക്ട്രേറ്റുമായി ബന്ധപ്പെടുന്നുണ്ട്. അതല്ലെങ്കിൽ അന്താരാഷ്ട്ര ടൂറിസം കേന്ദ്രമായ ബേക്കൽ കോട്ടയ്ക്ക് സമീപവും ഓഫീസ് സ്ഥാപിക്കാവുന്നതാണ്.

കുടുസുമുറിയിൽ പ്രവർത്തിക്കുന്ന കാസർകോട് ജില്ലാ ടൂറിസം ഇൻഫർമേഷൻ ഓഫീസ്.