കണ്ണൂർ: വെള്ളമടിച്ചവരെ പിടികൂടാൻ ഇനി വഴിയിൽ പൊലീസിന്റെ ഊത്തില്ല, പകരം ഒന്നു മിണ്ടിയാൽ മതി! മദ്യം അകത്തുണ്ടെങ്കിൽ പുതിയ ബ്രെത്ത് അനലൈസർ അപ്പോൾ പിടിക്കും. ആൾ ജർമ്മൻ. സംഗതി കിടിലം. വില അരലക്ഷം.
സംസ്ഥാനത്തെ എൺപതോളം ആർ.ടി.ഓഫീസുകൾക്കും അത്രതന്നെ സ്ക്വാഡുകൾക്കുമായി അടുത്ത മാസം പുതിയ ബ്രെത്ത് അനലൈസറുകൾ വരും. കണ്ണിൽക്കണ്ടവരെയൊക്കെ പിടിച്ചുനിർത്തി ഊതിച്ച് പേരുദോഷം കേൾപ്പിച്ച പഴഞ്ചൻ ശ്വസന പരിശോധനാ യന്ത്രങ്ങൾ അതോടെ ഔട്ട്. പലതും പത്തു വർഷം വരെ പഴക്കമുള്ളത്. ചുണ്ടുകൾക്കിടയിൽ വച്ച് ഊതിക്കുന്നതുകൊണ്ട് ഇവ രോഗം പകരാൻ ഇടയാക്കുമെന്ന് പരാതിയുണ്ടായിരുന്നു. അണുവിമുക്തമാക്കാൻ സംവിധാനമില്ല.പുള്ളിക്കാരൻ തരുന്ന റിപ്പോർട്ട് ആകട്ടെ, വ്യക്തവുമല്ല.
പുതിയ കക്ഷിയോട് ഈ പരാതിയൊന്നും പറഞ്ഞാൽ ഒഴിവാകില്ല. ഊതുന്ന മട്ടിൽ ചുണ്ട് കൂട്ടിപ്പിടിച്ച് ശ്വാസം അകത്തേക്കു വലിച്ച് പൊലീസിനെ പറ്റിക്കുന്ന പരിപാടി തീരെ നടപ്പില്ല. അല്ലെങ്കിൽ ഊമയായി അഭിനയിക്കേണ്ടിവരും. മിണ്ടിയാൽ മതി, സാധനം അകത്തുണ്ടെങ്കിൽ യന്ത്രത്തിൽ ചുവപ്പു ലൈറ്റ് മിന്നും. 'കുടിയനെ പിടിച്ചേ' എന്ന അർത്ഥത്തില്ം ബീപ് ശബ്ദവും കേൾക്കും. അടിച്ച മദ്യത്തിന്റെ അളവു സഹിതം പ്രിന്റ് അടിച്ച് കൈയിൽ തരും. കേസ് രേഖകളിൽ പ്രിന്റ് അറ്റാച്ച് ചെയ്യാം. ഊരിപ്പോരാൻ പറ്റില്ല.
16 സെന്റിമീറ്റർ നീളവും 12 സെന്റിമീറ്റർ വീതിയുമുള്ള ഇലക്ട്രോണിക് ഉപകരണം. പാന്റ്സിന്റെ പോക്കറ്റിലിടാം. ഓൺ ചെയ്ത് 30 സെക്കൻഡിനകം ഡ്യൂട്ടി തുടങ്ങും. സംസാരിക്കുമ്പോൾത്തന്നെ ആൾക്കഹോളിന്റെ അളവ് മെഷീൻ സ്ക്രീനിൽ തെളിയും. മദ്യപിക്കാത്തവരെ മിനക്കെടുത്താതെ പറഞ്ഞു വിടാം. ബ്രെത്ത് അനലൈസർ പൂട്ടിയ കക്ഷിയെ നേരെ രക്തപരിശോധനയ്ക്ക് കൊണ്ടുപോകാം. രക്തത്തിൽ 30 മില്ലി ഗ്രാമിനു മുകളിൽ ആൾക്കഹോൾ ഉണ്ടെന്നു തെളിഞ്ഞാലേ കേസ് ചാർജ് ചെയ്യാനാവൂ.
85 സ്ക്വാഡിനും 80 ആർ.ടി ഓഫീസുകൾക്കുമായി 165 ബ്രെത്ത് അനലൈസറുകളാണ് വേണ്ടത്. ടെൻഡർ നടപടികൾ പൂർത്തിയായി. ഉടനെ എത്തിക്കാൻ കമ്പനിയോട് നിർദേശിച്ചിട്ടുണ്ട്. പുതിയ പരിശോധനാ സംവിധാനത്തോടെ മദ്യപിച്ചുള്ള ഡ്രൈവിംഗ് വലിയ തോതിൽ കുറയ്ക്കാനാകും.
-രാജീവ് പുത്തലത്ത്
ജോയിന്റ് ട്രാൻസ്പോർട്ട് കമ്മിഷണർ