ഇരിട്ടി : കനത്ത മഴയിൽ റോഡ് ഇടിഞ്ഞു താണതിനെത്തുടർന്ന് ഗതാഗതം നിരോധിച്ച ഇരിട്ടി വീരാജ്‌പേട്ട അന്തർസംസ്ഥാന പാതയിലെ ഗതാഗത തടസം നീക്കാനുള്ള ശ്രമം കുടക് ജില്ലാ ഭരണകൂടം ആരംഭിച്ചു. റോഡ് ഇടിഞ്ഞു താണ ഭാഗത്ത് താത്കാലിക അറ്റകുറ്റ പണികൾ നടത്തി രണ്ട് ദിവസത്തിനുള്ളിൽ തന്നെ ചെറു വാഹനങ്ങളെ കടത്തി വിടാനുള്ള ശ്രമമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. അടിയന്തിര അറ്റകുറ്റപണികളെ കുറിച്ച് വീരാജ് പേട്ട എം എൽ എ കെ.ജി. ബൊപ്പയ്യയും പേരാവൂർ എം എൽ എ സണ്ണിജോസഫും സ്ഥലം സന്ദർശിച്ച് വിലയിരുത്തി.
കഴിഞ്ഞ ഞായറാഴ്ച അർദ്ധരാത്രിയോടെയാണ് പെരുമ്പാടി ചെക്ക്‌പോസ്റ്റിന് നാല് കിലോമീറ്ററിനിപ്പുറം അറുപതു മീറ്ററോളം റോഡ് കൊല്ലിയിലേക്ക് ഇടിഞ്ഞുതാണത്. റോഡ് അപകടാവസ്ഥയിലായതോടെ മടിക്കേരി ജില്ലാ ഭരണകൂടം ഇതുവഴിയുള്ള ഗതാഗതം പൂർണ്ണമായും നിരോധിച്ചു. എത്രയും പെട്ടെന്ന് ഇതുവഴിയുള്ള ഗതാഗതം പുനഃസ്ഥാപിക്കുക എന്ന ലക്ഷ്യം വെച്ചാണ് ഇപ്പോൾ താത്കാലിക പ്രവൃത്തികൾ ആരംഭിച്ചിരിക്കുന്നത്.
മടിക്കേരി, വീരാജ് പേട്ട പൊതുമരാമത്ത് വകുപ്പകളുടെ നേതൃത്വത്തിൽ രണ്ട് എക്‌സിക്യൂട്ടീവ് എൻജിനീയർമാരും നാല് അസിസ്റ്റന്റ് എൻജിനീയർമാരുമാണ് ഇതിന് നേതൃത്വം നൽകുന്നത്. മണ്ണിടിച്ചൽ ഉണ്ടായ ഭാഗത്ത് പൊളിത്തീൻഷീറ്റുകൾ വിരിച്ചിട്ടുണ്ട്. മണൽ ചാക്കുകൾ നിറച്ച് ഇടിഞ്ഞ ഭാഗത്ത് സംരക്ഷണ ഭിത്തി തീർത്തു. സീമന്റ് കട്ടകൾ ഉപയോഗിച്ച് ഇരു ഭാഗത്തും ഭിത്തികൾ നിർമ്മിക്കുന്ന പ്രവ്യത്തികളും നടക്കുകയാണ് . ഇടിഞ്ഞു താണ റോഡിന്റെ ശേഷിക്കുന്ന ഭാഗവും ഓവുചാലും അതിനോട് ചേർന്ന ഭാഗങ്ങളും കൂട്ടിച്ചേർത്ത് ചെറിയ വാഹനങ്ങൾക്ക് കടന്നുപോകാൻ തക്ക രീതിയിലുള്ള താത്കാലിക സംവിധാനമാണ് ഒരുക്കിക്കൊണ്ടിരിക്കുന്നത് . ഓവ് ചാലിൽ കരിങ്കല്ലുകളും ക്വാറി വേസ്റ്റും മറ്റും നിരത്തിയുള്ള പ്രവൃത്തിയാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. രണ്ട് ദിവസത്തിനുള്ളിൽ പ്രവൃത്തി പൂർത്തിയാക്കി ചെറുവാഹനങ്ങൾ കടത്തിവിടാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് പൊതുമരാമത്ത് അധികൃതർ അറിയിച്ചു. ഇപ്പോൾ നടക്കുന്ന അടിയന്തിര അറ്റകുറ്റപണികൾക്ക് ശേഷം മടിക്കേരി അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിൽ ഉന്നത തല സംഘം പരിശോധിച്ച് സുരക്ഷ ഉറപ്പു വരുത്തിയതിന് ശേഷമേ ചെറിയ വാഹനങ്ങൾക്കുള്ള നിരോധനം നീക്കുകയുള്ളൂ. എന്നാൽ ബസുകൾ അടക്കമുള്ള വലിയ വാഹനങ്ങൾക്കുള്ള നിരോധനം നീക്കണമെങ്കിൽ മാസങ്ങൾ വേണ്ടിവരും.

ഇരിട്ടി വീരാജ് പേട്ട അന്തർ സംസ്ഥാന പാതയിൽ മാക്കൂട്ടം ചൂരം റോഡിൽ മണ്ണിടിഞ്ഞ് തകർന്ന ഭാഗം ഗതാഗത യോഗ്യമാക്കാനുള്ള ശ്രമം