rajadhani

കാസർകോട്: ദീർഘനാളത്തെ ആവശ്യത്തിനൊടുവിൽ രാജധാനി എക്‌സ്പ്രസ്സിന് കാസർകോട് സ്റ്റോപ്പ് അനുവദിച്ചു കിട്ടിയിട്ടും യാത്രക്കാർ അത് പ്രയോജനപ്പെടുത്താതിരുന്നത് കുറഞ്ഞ വിമാനനിരക്കുകൾ.

കാസർകോട് നിന്ന് ഡൽഹിയിലേക്ക് രാജധാനിയുടെ ഫസ്റ്റ് ക്ലാസ് എസി ടിക്കറ്റിന് 6885 രൂപയും സെക്കൻഡ് എസിക്ക് 4105 രൂപയുമാണ് നിരക്ക്. കണ്ണൂർ, മംഗളൂരു വിമാനത്താവളങ്ങളിൽ നിന്ന് ഡൽഹിയിലേക്കുള്ള വിമാനനിരക്കും നാലായിരത്തിനും ആറായിരത്തിനും ഇടയ്ക്കാണ്. തിരക്ക് കുറഞ്ഞ സമയങ്ങളിൽ പലപ്പോഴും വിമാനടിക്കറ്റ് രാജധാനിയുടെ നിരക്കിനേക്കാൾ കുറയും. ബിസിനസ് ആവശ്യങ്ങൾക്കായി യാത്ര നടത്തുന്നവർ മൂന്നു ദിവസമെടുക്കുന്ന രാജധാനി യാത്രയേക്കാൾ മണിക്കൂറുകൾ കൊണ്ട് ലക്ഷ്യസ്ഥാനത്തെത്തുന്ന വിമാനയാത്ര മാത്രമേ തിരഞ്ഞെടുക്കുകയുള്ളൂ.

കുടുംബസമേതം വിനോദയാത്ര പോകുന്നവരോ ദൂരസ്ഥലങ്ങളിലുള്ള കുടുംബാംഗങ്ങളുടെ അടുത്തേക്കു പോകുന്നവരോ ആണ് മുമ്പ് രാജധാനിയെ കൂടുതലായും പ്രയോജനപ്പെടുത്തിയിരുന്നത്. ഇപ്പോൾ കണ്ണൂർ വിമാനത്താവളം കൂടി വന്നതോടെ വിമാനയാത്രയുടെ അനുഭവം ആസ്വദിക്കുകയെന്ന ലക്ഷ്യത്തോടെ ഈ വിഭാഗവും കൂടുതലായി വിമാനയാത്രയിലേക്കു മാറിയിരിക്കുകയാണ്.

ഫെബ്രുവരി 18 മുതൽ ആറുമാസത്തേക്കാണ് പരീക്ഷണാടിസ്ഥാനത്തിൽ രാജധാനിക്ക് കാസർകോട് സ്റ്റോപ്പ് അനുവദിച്ചിരുന്നത്. ഈ കാലയളവിൽ ആവശ്യത്തിനു യാത്രക്കാരെ ലഭിക്കാതിരുന്നതിനാൽ സ്റ്റോപ്പ് നിർത്തുന്നതിനു മുന്നോടിയായി ഈ മാസം 23 മുതൽ കാസർകോട് സ്റ്റേഷനിൽ നിന്ന് ഈ ട്രെയിനിന് ടിക്കറ്റ് റിസർവേഷൻ അനുവദിക്കേണ്ടതില്ലെന്ന് നിർദേശം നൽകിയിരിക്കുകയാണ്. പലപ്പോഴും കാസർകോട് നിന്ന് രാജധാനിയുടെ ഇരുപതിൽ താഴെ ടിക്കറ്റുകൾ മാത്രമാണ് ആഴ്ചയിൽ ബുക്കുചെയ്യുന്നത്. പൊതുവേ ഒരു സ്റ്റേഷനിൽ ട്രെയിൻ നിർത്തുന്നതിനാവശ്യമായ ഇന്ധനച്ചെലവിനുള്ള തുക പോലും ലഭിക്കാത്ത സാഹചര്യത്തിലാണ് റെയിൽവേയുടെ തീരുമാനം. തൊട്ടടുത്ത മംഗളൂരു ജംഗ്ഷനിലും കണ്ണൂരിലും ബുക്കിംഗ് ഇപ്പോൾ ഗണ്യമായി കുറഞ്ഞിട്ടുണ്ട്.