തലശ്ശേരി :പഴയങ്ങാടി തങ്ങളെ വ്യാജ സ്വർണ്ണക്കട്ടി നൽകി കബളിപ്പിച്ച് പണം തട്ടിയ ഒരു പ്രതി കൂടി അറസ്റ്റിൽ.കോഴിക്കോട് ഫറോക്ക് സ്വദേശി കാരായിപറമ്പ് ബി.ബഷീറാണ് (58)​ പിടിയിലായത്. വയനാട് മുട്ടിൽ സ്വദേശി പുതിയപുരയിൽ ഷാഹിദ്ഷുഹൈൽ (49) എന്നയാളെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പഴയങ്ങാടി മാട്ടൂലിലെ ആറ്റകോയ തങ്ങളുടെ പരാതിയിലാണ് അറസ്റ്റ്. നിധിയായി ലഭിച്ച സ്വർണ്ണമാണെന്ന് തെറ്റിദ്ധരിപ്പിച്ച് രണ്ട് ഘട്ടങ്ങളിലായി പത്ത് ലക്ഷം രൂപ കൈക്കലാക്കിയെന്നാണ് പരാതി. ഇക്കഴിഞ്ഞ ജൂൺ 20ന് തങ്ങളെ പുന്നോലിലേക്ക് വിളിച്ചു വരുത്തി വ്യാജ സ്വർണ്ണക്കട്ടി നൽകിയാണ് പണം വാങ്ങിയത്.
. കണ്ണൂരിലെ ഒരു അദ്ധ്യാപകനെയും സമാനരീതിയിൽ വഞ്ചിച്ച് ആറ് ലക്ഷം രൂപയും പ്രതി കൈക്കലാക്കിയിട്ടുള്ളതായി പരാതിയുണ്ട് .ന്യൂ മാഹി പൊലീസിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ തലശ്ശേരി ഡിവൈ.എസ്.പി.വേണുഗോപാലിന്റെ മേൽനോട്ടത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഷാഹിദ് ഷുഹൈലിനെ മഞ്ചേരിയിൽ നിന്നും പിടികൂടിയിരുന്നത്. ന്യൂ മാഹി എസ്.ഐ. പി.രാജേഷ് ,ഡിവൈ.എസ്.പി.യുടെ ക്രൈം സ്‌ക്വോഡ് അംഗങ്ങളായ എ.എസ്.ഐ.അജയകുമാർ, രാജീവൻ, ശ്രീജേഷ്, മീരജ് ,സുജേഷ് തുടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്
സ്വർണ്ണവും പണവും കൈമാറിയത് ന്യൂ മാഹി പോലീസിന്റെ പരിധിയിൽ നിന്നായതിനാലാണ് ന്യൂ മാഹി പോലീസ് കേസെടുത്ത് അന്വേഷണം നടത്തിയത് .മറ്റൊരാൾ കണ്ണൂർ ടൗൺ പോലീസിലാണ് പരാതി നൽകിയത് . കേരളത്തിൽ പല സ്ഥലങ്ങളിലും ഇത്തരത്തിൽ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മന്ത്രവാദം, പൂജ തുടങ്ങിയ നടത്തുന്നവരെ ഉന്നമിട്ടാണ് പ്രതി തട്ടിപ്പ് നടത്തി വരുന്നതുമത്രെ.