narayanan-nair

കാസർകോട്: ലോക്കൽ പൊലീസ് മുതൽ സി.ബി.ഐവരെ നടത്തിയ അന്വേഷണം, രാഷ്ട്രീയ എതിരാളികൾ, സഹപ്രവർത്തകർ, ബാങ്ക് കവർച്ചക്കാർ എന്നിവരിലേക്കെല്ലാം നീണ്ട ചോദ്യംചെയ്യൽ. എന്നാൽ, 25 വർഷം പിന്നിട്ടിട്ടും മടിക്കൈ സർവീസ് സഹകരണ ബാങ്കിലെ വാച്ച്മാൻ നാരായണൻ നായരുടെ കൊലയാളി ഇപ്പോഴും കാണാമറയത്തുതന്നെ! പലരെയും ലോക്കപ്പിലിട്ട് തല്ലിച്ചതച്ചു. അന്വേഷണത്തിന് എട്ടോളം ഉദ്യോഗസ്ഥർ മാറി മാറി വന്നു. എന്നിട്ടും പൊലീസ് ഉത്തരംമുട്ടി നിൽക്കുമ്പോൾ കുടുംബം നീതിക്കായി അലയുകയാണ്.

കാസർകോട് ജില്ലയിലെ ഗ്രാമീണ മേഖലയായ മടിക്കൈയിൽ അമ്പലത്തുകരയിലുള്ള ബാങ്കിന് സമീപത്തൊക്കെ ഇന്ന് നിരവധി കടകൾ പ്രവർത്തിക്കുന്നുണ്ടെങ്കിലും അന്ന് ഒറ്റപ്പെട്ട മേഖലയായിരുന്നു. 1994 ഏപ്രിൽ 2. മടിക്കൈ സർവീസ് സഹകരണ ബാങ്കിൽ പതിവുപോലെ പാറാവിനെത്തിയതായിരുന്നു പൊളിയപ്രത്തെ അമ്പത്തിരണ്ടുകാരനായ നാരായണൻ നായർ. സജീവ സി.പി.എം പ്രവർത്തകനും പാർട്ടി ലോക്കൽ കമ്മിറ്റി അംഗവുമായിരുന്ന അദ്ദേഹം നാട്ടിൽ എല്ലാവർക്കും സുപരിചിതൻ.
പിറ്റേന്ന് പുലർച്ചെ അഞ്ചുമണിയോടെ അതുവഴിപോയ കാൽനടയാത്രക്കാരനാണ് ബാങ്കിനടുത്ത് നിന്ന് നിലവിളി കേട്ടത്. ഭയന്നുവിറച്ച യാത്രക്കാരനും നിലവിളിച്ചപ്പോൾ ആരൊക്കെയോ ഇരുളിലേക്ക് ഓടിമറഞ്ഞു. അവരാരെന്നോ എത്രപേരുണ്ടെന്നോ ഒന്നും അയാൾക്കറിയില്ല. ശബ്ദംകേട്ട് അയൽവാസികളായ ചിലരൊക്കെ ഓടിയെത്തി. ബാങ്കിന് മുന്നിലെ തെങ്ങിൻ ചുവട്ടിൽ തലയ്ക്ക് അടിയേറ്റ നിലയിലായിരുന്നു നാരായണൻ നായരുടെ മൃതദേഹം. തലയുടെ പിന്നിൽ ചെവിയ്ക്ക് താഴെ ശക്തമായ അടിയേറ്റ് തകർന്ന നിലയിലായിരുന്നു.

കോളിളക്കം, പ്രക്ഷോഭം
കമ്പിപ്പാര ഉപയോഗിച്ച് വാച്ച്മാനെ മൃഗീയമായി കൊലപ്പെടുത്തിയ സംഭവം അന്ന് കേരള രാഷ്ട്രീയത്തിൽ കോളിളക്കം സൃഷ്ടിച്ചിരുന്നു. ഹൊസ്ദുർഗ് സി.ഐയായിരുന്ന കെ.എസ് ജയപ്രകാശിനായിരുന്നു ആദ്യം അന്വേഷണ ചുമതല. ബാങ്ക് കവർച്ചയ്ക്കെത്തിയ മോഷ്ടാക്കളുമായുള്ള ബലപ്രയോഗത്തിനിടെ തലയ്ക്കടിയേറ്റ് മരിച്ചു എന്ന രീതിയിലാണ് കേസന്വേഷണത്തിന്റെ തുടക്കം. എന്നാൽ, പ്രതികളെ കണ്ടെത്താനാകാത്തതോടെ അന്വേഷണ സംഘത്തിന് നേരെ പ്രതിഷേധം ഉയർന്നു. പ്രക്ഷോഭത്തിനും തുടക്കമായി.
സി.പി.ഐയുടെ നേതൃത്വത്തിലാണ് ആദ്യം പ്രതിഷേധം ആരംഭിക്കുന്നത്. അന്നത്തെ ഹൊസ്ദുർഗ് എം.എൽ.എയായിരുന്ന എം.നാരായണനായിരുന്നു സമര നേതൃത്വത്തിൽ. വൈകാതെ അന്നത്തെ ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്തിരുന്ന സി.പി.എമ്മും സമരപാതയിലായി. കാഞ്ഞങ്ങാട് ഡിവൈ.എസ്.പി ഓഫീസിലേക്ക് മാർച്ച് നടത്തി. സമരം ശക്തമായതോടെ അന്വേഷണം ക്രൈംബ്രാഞ്ചിന്റെ കൈകളിലെത്തി. അന്വേഷണം പിന്നെയും ഇഴഞ്ഞുനീങ്ങുന്നത് ചൂണ്ടിക്കാട്ടി എം.നാരായണൻ കാഞ്ഞങ്ങാട്ട് നടത്തിയ അനിശ്ചിതകാല ഉപവാസം സംസ്ഥാനമാകെ ശ്രദ്ധിക്കപ്പെട്ടു. ഹക്കീം ബത്തേരിയുടെ നേതൃത്വത്തിൽ ക്രൈംബ്രാഞ്ച് ഉണർന്നുപ്രവർത്തിച്ചു. അപ്പോഴേക്കും അന്വേഷണം സംശയത്തിന്റെ നിഴലിൽ നിറുത്തിയത് നാരായണൻ നായരുടെ ചില സുഹൃത്തുക്കളെയായിരുന്നു. സി.പി.എം പ്രവർത്തകരായ ചിലരെ അറസ്റ്റുചെയ്തു. പ്രതികളെ പൊലീസ് ലോക്കപ്പിൽ മർദ്ദിച്ചുവെന്ന ആരോപണം ഉയർന്നു. അതിനിടെ ഭരണം യു.ഡി.എഫിന്റെ കൈകളിലെത്തി. കേസിൽ കുറ്റപത്രം പോലും നൽകാനാകാതെ ഹക്കീം ബത്തേരിയെന്ന ഉദ്യോഗസ്ഥനും കേസിൽ നിന്ന് പിന്മാറി. പിന്നീട് പിടിയിലായ പ്രതികൾക്കെതിരെ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി അവരെ ഒഴിവാക്കി.

സി.ബി.ഐ എത്തുന്നു
നാരായണൻ നായരുടെ ബന്ധുക്കൾ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചു. സർക്കാരും അനുകൂല നിലപാട് സ്വീകരിച്ചതോടെ അന്വേഷണം സി.ബി.ഐ ഏറ്രെടുത്തു.
എന്നാൽ, വലിയതോതിൽ അന്വേഷണം മുന്നോട്ടുകൊണ്ടുപോകാൻ സി.ബി.ഐയ്ക്കുമായില്ല. ഒടുവിൽ കോടതിയെ സമീപിച്ച് തെളിവുകളില്ലെന്നും അന്വേഷണം അവസാനിപ്പിക്കാൻ അനുവദിക്കണമെന്നും സി.ബി.ഐ ആവശ്യപ്പെടുകയായിരുന്നു. അന്വേഷണം വഴിമുട്ടിയതോടെ നാരായണൻ നായരുടെ കൊലപാതകത്തിന് ഇപ്പോഴും ഉത്തരം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. കാൽനൂറ്റാണ്ടായ കേസ് ഇനി തെളിയുമോ എന്നാണ് കണ്ടറിയേണ്ടത്.