കണ്ണൂർ: രണ്ട് ദിവസമായി തുടരുന്ന കനത്ത മഴയിൽ കണ്ണൂരിൽ വ്യാപക നാശം. മലയോരം പൂർണമായും ഒറ്റപ്പെട്ടു. ജില്ലയുടെ വിവിധ ഭാഗങ്ങൾ വെള്ളത്തിനടിയിലാണ്. അറുപതോളം വീടുകൾ തകർന്നു. കുറുമാത്തൂർ, ചെങ്ങളായി, ശ്രീകണ്ഠാപുരം, മയ്യിൽ, കൊളച്ചേരി, ആലക്കോട് തുടങ്ങിയ പ്രദേശങ്ങൾ ഒറ്റപ്പെട്ട നിലയിലാണ്.
കൊട്ടിയൂർ മേഖലയിൽ കനത്ത മഴ തുടരുന്നതിനാൽ ജില്ലയിലെ പുഴകളിൽ വെള്ളം ഉയരാനുള്ള സാദ്ധ്യതയുണ്ട്. പുഴയോരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് കളക്ടർ ടി.വി. സുഭാഷ് അറിയിച്ചു. പകർച്ചവ്യാധികൾ തടയാനുള്ള മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്നും ക്യാമ്പുകളിലേക്ക് അവശ്യസാധനങ്ങൾ എത്തിക്കണമെന്നും ജില്ലാ ഭരണകൂടം നിർദ്ദേശിച്ചു. പൊലീസ്, ഫയർഫോഴ്‌സ്, ഫിഷറീസ് വകുപ്പുകളുടെ സേവനങ്ങൾ ഏർപ്പെടുത്താനും യോഗം നിർദ്ദേശിച്ചു. വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിൽ രക്ഷാദൗത്യം പുരോഗമിക്കുകയാണ്.