കണ്ണൂർ: രണ്ടാം ദിവസവും കണ്ണൂർ ജില്ലയിൽ കനത്ത മഴ തുടരുകയാണ്. മലയോരം പൂർണമായും ഒറ്റപ്പെട്ട നിലയിലാണ്. ഇരിട്ടിയിൽ വെള്ളക്കെട്ടിൽ വീണ് വൃദ്ധൻ മരിച്ചു. കോളിത്തട്ടിലെ ജോയി (72) ആണ് മരിച്ചത്.
കൊട്ടിയൂർ മേഖലയിൽ നാലിടത്ത് ഇന്നലെ ഉരുൾപൊട്ടി. ഇരുനൂറോളം വീടുകൾ പൂർണമായും മുന്നൂറോളം വീടുകൾ ഭാഗികമായും തകർന്നു. ചുഴലിക്കാറ്റിലും മഴയിലും നിരവധി കൃഷിയിടങ്ങളും നശിച്ചിട്ടുണ്ട്.
അഞ്ചിടങ്ങളിലായി 445 പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. കഴിഞ്ഞ പ്രളയകാലത്ത് നാശം വിതച്ച കൊട്ടിയൂർ, ഇരിട്ടി, ആറളം മേഖലകളിലാണ് മഴ കൂടുതൽ ദുരിതം വിതച്ചത്. കൊട്ടിയൂർ ചപ്പമലയിലും ആറളം വനമേഖലയിലും അടക്കാത്തോട്ടുമാണ് ഉരുൾപൊട്ടലുണ്ടായത്. ബാവലി, ചീങ്കണ്ണി പുഴകൾ കര കവിഞ്ഞൊഴുകിയതിനെ തുടർന്ന് നിരവധി വീടുകളും കൃഷിയിടങ്ങളും വെള്ളം കയറി നശിച്ചു. പല ഭാഗത്തും ബസോട്ടം നിലച്ചിരിക്കുകയാണ്. വൈദ്യുതി ബന്ധവും തകരാറിലായി.
പഴശ്ശി ഡാം ഷട്ടറുകൾ തുറന്നതിനാൽ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ ടി.വി. സുഭാഷ് മുന്നറിയിപ്പ് നൽകി.