health

സമൂ​ലമാ​യ ഔ​ഷ​ധ​വൃ​ക്ഷമാ​യ ആ​ര്യ​വേപ്പ് ഔ​ഷ​ധ​മെ​ന്ന​തി​ന് പുറ​മെ ജൈവകീ​ട​നാ​ശി​നി​യായും ഉ​പ​യോ​ഗി​ച്ചു​വ​രുന്നു. ഇ​തിന്റെ ഇ​ല, തൊലി, വിത്ത്, ത​ടി തു​ട​ങ്ങി​യ​വ​യെല്ലാം ഔ​ഷ​ധ​ഗു​ണ​മു​ള്ള​വ​യാണ്. ആ​യു​ർവേ​ദ സം​ഹി​ത​ക​ളി​ലെല്ലാം ഇ​തി​ന്റെ ഗു​ണങ്ങ​ളെ കു​റി​ച്ച് പ​റ​യു​ന്നു​ണ്ട് എ​ന്നുള്ള​ത് ഇ​തി​ന്‌​ ആ​യു​ർ​വേ​ദ​ത്തി​ലു​ള്ള പ്രാ​ധാ​ന്യം വ്യ​ക്ത​മാ​ക്കുന്നു.

ഇന്ത്യയിൽ എല്ലായിടത്തും തന്നെ ഈ മരം കാണാറുണ്ട്. കൂടാതെ നമ്മുടെ അയൽ രാജ്യങ്ങളിലും സമൃദ്ധമായി വളരുന്നു. മറ്റു സസ്യങ്ങളെ അപേക്ഷിച്ച് വേപ്പിലയ്ക്ക്​ കയ്പ്പുരസമാണ്​. പൂവിന്​ മഞ്ഞകലർന്ന വെള്ള നിറമാണുള്ളത്. കായകൾ പാകമാകുമ്പോൾ മഞ്ഞനിറത്തിൽ കാണപ്പെടുന്നു.

വേപ്പിന്റെ തണ്ട് പല്ല് വൃത്തിയാക്കുന്നതിനായി ഉപയോഗിക്കാറുണ്ട്. കൂടാതെ ത്വക്ക് രോഗങ്ങൾ, സന്ധിവാതം, വ്രണം, ചുമ, പ്രമേഹം തുടങ്ങിയ രോഗങ്ങളുടെ ഔഷധ നിർമ്മാണത്തിനായി വേപ്പിന്റെ പല ഭാഗങ്ങളും ഉപയോഗിക്കുന്നു. ആര്യവേപ്പുള്ളിടത്തു മഹാമാരികൾ അടുക്കില്ല എന്നൊരു ചൊല്ലുണ്ട്. രോഗാണുക്കളെയും കീടങ്ങളെയും നശിപ്പിക്കാനും അന്തരീക്ഷത്തിലേക്ക് ഏറെ ശുദ്ധവായു പ്രദാനം ചെയ്യാനും കഴിവുള്ള ചെടിയാണിത്. ഇതിന്റെ ഇലകളിൽ തട്ടി കടന്നുവരുന്ന കാറ്റ് ശ്വസിക്കുന്നതു പോലും ആരോഗ്യപ്രദമാണ്. വീടിന്റെ പരിസരങ്ങളിൽ വേപ്പ് നട്ടു വളർത്തുന്നതും ഇതുകൊണ്ടു തന്നെ.

ആര്യവേപ്പിലയും പച്ചമഞ്ഞളും ചേർത്ത് തിളപ്പിച്ച വെള്ളത്തിൽ സ്ഥിരമായി കുളിച്ചാൽ എല്ലാവിധ ത്വക്ക് രോഗങ്ങൾക്കും ശമനമുണ്ടാകുമെന്ന് പറയുന്നു. തൊലിപ്പുറത്തുണ്ടാകുന്ന അലർജി രോഗങ്ങളുടെ ചൊറിച്ചിൽ ശമിക്കുവാൻ വേപ്പില കൊണ്ട് തലോടുന്നത് നല്ലതാണ്.

പയറുവർഗ്ഗങ്ങൾ തുടങ്ങിവയ്‌ക്കൊപ്പം ആര്യവേപ്പിന്റെ ഏതാനും ഇലകൾ കൂടി നിക്ഷേപിച്ചാൽ അവയ്ക്ക് കീടബാധ ഏല്ക്കുകയില്ലെന്നാണ് അനുഭവം. ദീർഘനാൾ കേടു കൂടാതെയിരിക്കും. വേപ്പിൻ തൈലം നല്ലൊരു കീടനാശിനിയായി ഔഷധത്തോട്ടങ്ങളിൽ ഉപയോഗിക്കാവുന്നതാണ്. ആര്യവേപ്പിന്റെ എണ്ണ ആട്ടിയെടുത്ത ശേഷം മാറ്റുന്ന വേപ്പിൻ പിണ്ണാക്ക് നല്ലൊരു ജൈവവളമാണ്. വേപ്പിൻ തൈലം കൈകാലുകളിൽ പുരട്ടിയാലോ, വെള്ളവുമായി മിശ്രണം ചെയ്ത് മുറിക്കുള്ളിൽ സന്ധ്യാസമയത്ത് ചെറുതായി സ്‌പ്രേ ചെയ്താലോ കൊതുകു ശല്യം കുറയ്ക്കാം.

ഡോ. ഇറിന എസ്. ചന്ദ്രൻ,

പുല്ലായിക്കൊടി ആയുർവേദ,

പൂക്കോത്ത്നട, തളിപ്പറമ്പ്.

ഫോൺ: 9544657767