ചെറുവത്തൂർ: രണ്ടുപതിറ്റാണ്ടുകളായി അച്ചാംതുരുത്തിയടക്കമുള്ള ചെറുവത്തൂരിന്റെ പടിഞ്ഞാറൻ മേഖലയിലെ ജനങ്ങൾ പുറംലോകവുമായി ബന്ധപ്പെടാൻ പ്രധാനമായും ആശ്രയിച്ചിരുന്ന അച്ചാംതുരുത്തി - കോട്ടപ്പുറം നടപ്പാലം കനത്ത മലവെള്ളപാച്ചലിൽ ഒലിച്ചുപോയി. വ്യാഴാഴ്ച രാത്രി പെയ്ത കനത്തമഴയെ തുടർന്നുണ്ടായ മലവെള്ള പാച്ചിലിലാണ് പാലത്തിന്റെ മദ്ധ്യഭാഗം പുഴയെടുത്തത്.
പരിസരത്തുപുതുതായി നിർമ്മിച്ച കോൺക്രീറ്റ് പാലം തുറന്നുകൊടുക്കുന്നത് വരെ പ്രദേശ വാസികൾ കോട്ടപ്പുറത്തേക്കും, നീലേശ്വരത്തേക്കു മടക്കം ജില്ലയുടെ വടക്കൻ മേഖലയിലേക്കും യാത്ര ചെയ്യാൻ ആശ്രയിച്ചിരുന്ന പാലമായിരുന്നു ഇത്. മരക്കുറ്റിയും, മരപ്പലകയും പ്രധാനമായി ഉപയോഗിച്ച് 2001 ലാണ് ഈ പാലം പൂർത്തിയാക്കി നാട്ടുകാർക്കു തുറന്നു കൊടുത്തത്. ജില്ലാ പഞ്ചായത്ത്, നീലേശ്വരം ചെറുവത്തുർ പഞ്ചായത്തുകൾ നാട്ടുകാരുടെ അകമഴിഞ്ഞ സഹകരണത്തടെ 29 ലക്ഷം രൂപ ചെലവിലാണ് പാലം നിർമ്മിച്ചത്. ഈ കാലവർഷം ആരംഭിക്കുന്നതുവരെ നാട്ടുകാർ ഈ പാലത്തിലൂടെ യാത്ര ചെയ്തിരുന്നു. യാത്രാ സൗകര്യങ്ങൾ പരിമിതമായിരുന്ന ദശാബ്ദങ്ങൾക്ക് മുൻപ് തീരദേശവാസികൾക്ക് ഒരനുഗ്രഹമായിരുന്നു സംസ്ഥാനത്തെ ഏറ്റവും നീളം കൂടിയ ഈ മരപ്പാലം. 360 മീറ്റർ നീളത്തിലാണ് തേജസ്വിനിക്ക് കുറുകെ പാലം നിലകൊണ്ടിരുന്നത്.
നാട്ടുകാരുമായി ഏറെ ഹൃദയബന്ധം പുലർത്തിയിരുന്ന ഈ പാലം തകർച്ചയുടെ വക്കിലാണെന്നും സംരക്ഷിക്കാനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്നുമുള്ള ജനങ്ങളുടെ ആവശ്യം കേരളകൗമുദി രണ്ടാഴ്ച മുൻപ് റിപ്പോർട്ട് ചെയ്തിരുന്നു.
ടൂറിസ്റ്റുകളുടെ പ്രിയപാലം
കനത്ത മഴയെ തുടർന്ന് കുതിച്ചെത്തിയ മഴവെള്ള പാച്ചലിൽ തകർന്നടിഞ്ഞ അച്ചാംതുരുത്തി കോട്ടപ്പുറം നടപ്പാലം പ്രദേശത്തെത്തുന്ന സ്വദേശ-വിദേശ വിനോദ സഞ്ചാരികളുടെ ആകർഷണ കേന്ദ്രമായിരുന്നു. ഹൗസ് ബോട്ട് സവാരിക്കെത്തുന്ന ടൂറിസ്റ്റുകൾ വിശാലമായ തേജസ്വിനിയുടെ വിരിമാറിലൂടെ കടന്നുപോകുന്ന ഈ പാരമ്പര്യ നിർമ്മാണത്തിന് മുകളിലൂടെ യാത്ര ചെയ്യുന്നത് നിത്യകാഴ്ചയാണ്.
തേജസ്വിനിയും കാര്യങ്കോടും കരകവിഞ്ഞു
ചെറുവത്തൂർ: കനത്ത മഴയെ തുടർന്ന് തേജസ്വിനി കരകവിഞ്ഞു. മയ്യിച്ചയിലടക്കം തീരങ്ങളിൽ പ്രളയം. നിരവധി കുടുംബങ്ങൾ വീടൊഴിഞ്ഞു. വൈദ്യുതി ബന്ധം താറുമാറായി. കുഞ്ഞിപ്പെണ്ണ്, ചിരുത കുഞ്ഞി എന്നിവരുടെ വീട്ടിനുള്ളിൽ വെള്ളം കയറി. എ.കെ.ജി.ക്ലബ്ബിലും വെള്ളം ഇരച്ചെത്തി. പ്രദേശത്തെ റോഡുകളിലും വഴികളിലും ഒരു മീറ്ററോളം ഉയരത്തിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണ് മയ്യിച്ച നിവാസികൾക്ക്.
മഴവെള്ളത്തോടൊപ്പം ഒഴുകിയെത്തിയ മരങ്ങൾ ഉടക്കി കിഴക്കെ മുറി പാലത്തിന് കേടുപാടു സംഭവിച്ചു. നാട്ടുകാർ രംഗത്തെത്തി മരങ്ങൾ നീക്കം ചെയ്തു.തേജസ്വിനിയുടെ തീരത്തുള്ള കയ്യൂർ-ചീമേനി പഞ്ചായത്തിലെ വിവിധ പ്രദേശങ്ങൾ വെള്ളത്തിനടിയിലാണ്. വെള്ളാട്ട് മൂന്നു കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു.
ചിരുതക്കുഞ്ഞിയുടെ വീട് വെള്ളം കയറിയ നിലയിൽ
നീലേശ്വരം: കാര്യങ്കോട് പുഴ കരകവിഞ്ഞതിനെ തുടർന്ന് താഴ്ന്ന പ്രദേശങ്ങളിലുള്ളവരെ മാറ്റി പാർപ്പിച്ചു. കാര്യങ്കോട്, ചെമ്മാക്കര, മുണ്ടേമ്മാട്, കൊയാമ്പുറം, ചാത്തമത്ത്, പൊടോതുരുത്തി, പാലായി, നീലായി, തോട്ടുമ്പുറം പ്രദേശങ്ങളിലുള്ള 60 ഓളം കുടുംബങ്ങളെയാണ് ബന്ധുവീടുകളിൽ മാറ്റി പാർപ്പിച്ചത്. താൽക്കാലികമായി ചില കുടുംബങ്ങളെ ചാത്തമത്ത് പാടാർ കുളങ്ങര ഭഗവതി ക്ഷേത്ര ഓഡിറ്റോറിയത്തിലും, പാലാത്തടം പി.കെ രാജൻ മെമ്മോറിയൽ കാമ്പസിലും മാറ്റി പാർപ്പിച്ചു.
കരകവിഞ്ഞൊഴുകിയ തേജസ്വിനി പുഴ