2358 പേർ ദുരിതാശ്വാസ ക്യാമ്പുകളിൽ.
ഇരിട്ടി: മൂന്നാം ദിവസവും തുടരുന്ന തോരാമഴയിൽ മലയോരത്ത് വൻ നാശനഷ്ടം. കച്ചേരിക്കടവ് പഴയപാലം മലവെള്ളപ്പാച്ചിലിൽ ഒഴുകിപ്പോയി. ഇരിട്ടി നഗരസഭയിലെ വട്ടക്കയം കുണ്ടെറിഞ്ഞി മല, മുഴക്കുന്ന് പഞ്ചായത്തിലെ അമ്പലക്കണ്ടി, കൊട്ടിയൂർ പഞ്ചായത്തിലെ വെങ്ങലോടി, കേളകം പഞ്ചായത്ത് അടക്കാത്തോട്, മാക്കൂട്ടം വനം എന്നിവിടങ്ങളിലാണ് വെള്ളിയാഴ്ച ഉരുൾപൊട്ടിയത്.
മാക്കൂട്ടം വനമേഖലയോട് ചേർന്ന് മുടിക്കയത്ത് കുടുങ്ങിപ്പോയ 2 കുടുംബങ്ങളിലെ 9 പേരെ സൈന്യത്തിന്റെ നേതൃത്വത്തിൽ രക്ഷപ്പെടുത്തി. തൊട്ടിൽപാലത്ത് ഒറ്റപ്പെട്ട നിലയിൽ കഴിഞ്ഞ 50 കുടുംബങ്ങളെ രക്ഷപ്പെടുത്തി ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. പടിയൂർ പഞ്ചായത്തിലെ പെടയങ്ങോട് 30 കുടുംബങ്ങളെയും മത്സ്യത്തൊഴിലാളികളുടെ സഹായത്താൽ രക്ഷപ്പെടുത്തി. കൊട്ടിയൂർ, കേളകം മേഖലയിൽ ഉണ്ടായ ഉരുൾപൊട്ടലിൽ കാണിച്ചാർ നഗരം വെള്ളത്തിൽ മുങ്ങി.
കൊട്ടിയൂരിലെ വെങ്ങലോടിയിൽ വ്യാഴാഴ്ച രാത്രിയും വെള്ളിയാഴ്ച പകലുമായി രണ്ടുതവണയാണ് ഒരേ സ്ഥലത്ത് ഉരുൾപൊട്ടിയത് .അഞ്ചു വീട്ടുകാരെ വീടുകളിലേക്ക് മാറ്റിപ്പാർപ്പിച്ചു. മൂന്ന് ഏക്കറോളം സ്ഥലത്തെ കൃഷി നശിച്ചു .ചീങ്കണ്ണി പുഴയിൽ ഉണ്ടായ മലവെള്ളപ്പാച്ചിലിനെ തുടർന്ന് വളയഞ്ചാൽ തൂക്കുപാലം തകർന്നു. അമ്പായത്തോട് ചുങ്കക്കുന്ന് എന്നിവിടങ്ങളിലെ ഇരുന്നൂറോളം പേരെ മാറ്റിപ്പാർപ്പിച്ചു. പരിക്കളം, വയത്തൂർ മേഖലകളിലായി 25 ഓളം കുടുംബങ്ങളെ മണ്ണിടിച്ചിൽ ഭീഷണിയെ തുടർന്ന് മാറ്റിപ്പാർപ്പിച്ചു. മേഖലയിൽ മൂന്നാം ദിവസവും ഗതാഗതം പൂർണമായും തടസ്സപ്പെട്ടു. മണിക്കടവ് ഉളിക്കൽ, ഉളിക്കൽ പയ്യാവൂർ, ഉളിക്കൽ തേർമല എന്നിവിടങ്ങളിലാണ് ഗതാഗതം തടസ്സപ്പെട്ടത് .പത്തോളം ഇതര സംസ്ഥാന തൊഴിലാളികളെ നാട്ടുകാർ രക്ഷപ്പെടുത്തി ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി.
കോളിത്തട്ടിൽ ഉരുൾപൊട്ടൽ ഭീഷണിയെത്തുടർന്ന് അഞ്ചു കുടുംബങ്ങളെ ഒഴിപ്പിച്ചു. വട്ടക്കയം കുണ്ടെറിഞ്ഞി മലയിൽ ഉണ്ടായ ഉരുൾപൊട്ടലിൽ കുണ്ടെറിഞ്ഞാൽ മുത്തപ്പൻകരി റോഡ് ഒഴുകിപ്പോയി. പ്രദേശത്തെ നിരവധി വീടുകളിൽ വെള്ളം കയറി . ഉളിയിൽ യു.പിസ്‌കൂൾ വെള്ളത്തിലായി .വെള്ളിയാഴ്ച പുലർച്ചയോടെ വെള്ളമിറങ്ങി തുടങ്ങിയത് ജനങ്ങളിൽ അല്പം ആശ്വാസമായി. ഇരിട്ടിയിൽ നിന്നും വള്ളിത്തോട് ,പേരാവൂർ മേഖലകളിലേക്കുള്ള ഗതാഗതം ഒമ്പതുമണിയോടെ പുനഃസ്ഥാപിച്ചു. എന്നാൽ ഉച്ചയ്ക്ക് രണ്ടുമണിയോടെ മഴ ശക്തമാകുകയും മേഖലയിലുണ്ടായ ഉരുൾപൊട്ടലിനെ തുടർന്ന് വീണ്ടും റോഡുകളിലേക്ക് വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടു. ഇരിട്ടി ടൗണിൽ ഉൾപ്പെടെ ഇറങ്ങിയ വെള്ളം വീണ്ടും കയറി. ഇരിട്ടി താലൂക്കിൽ 19 ക്യാമ്പുകളാണ് തുറന്നത്. അയ്യങ്കുന്ന് വില്ലേജിൽ വാണിയപ്പാറ ഉണ്ണീശോ പള്ളി, ആനപ്പന്തി എൽ പി സ്‌കൂൾ, കച്ചേരിക്കടവ് എൽ പി സ്‌കൂൾ എന്നിവിടങ്ങളിലും, കോളാരി വില്ലേജിൽ മണ്ണൂർ എൽ പി സ്‌കൂൾ, പൊറോറ യു.പി സ്‌കൂൾ, മേറ്റടി ജി.എൽ.പി സ്‌കൂൾ എന്നിവിടങ്ങളിലായി 3 ക്യാമ്പുകളും, കൊട്ടിയൂർ വില്ലേജിൽ ചുങ്കക്കുന്ന്പ്പള്ളി ,അമ്പായത്തോട് യു.പി എന്നിവിടങ്ങളിൽ 2 ക്യാമ്പും, പായം യു.പി സ്‌കൂൾ, ഡോൺ ബോസ്‌ക്കോ കോളിക്കടവ് ,വട്ട്യറ എൽപി എന്നിവിടങ്ങളിലാണ് ക്യാമ്പുകൾ തുറന്നത്. വിളമനവില്ലേജിൽ കുന്നോത്ത് സെന്റ് ജോസഫ് എൽപി സ്‌കൂളുകളിൽ തുടങ്ങിയ ക്യാമ്പിൽ 65 കുടുംബങ്ങളെ പാർപ്പിച്ചു. വയത്തൂർ വില്ലേജിൽ തൊട്ടിൽപ്പാലത്തും നുച്ചാട് വില്ലേജിൽ നുച്യാട് യുപി പരിക്കുളം യു പി എന്നിവിടങ്ങളിലുമാണ് ക്യാമ്പുകൾ തുറന്നത് .ചാവശ്ശേരി വില്ലേജിൽ ബാഫഖി തങ്ങൾ എൽ.പിയിലും വെളിയമ്പ്ര യു.പിയിലും തുടങ്ങിയ ക്യാമ്പുകളിൽ നൂറ്റിമുപ്പതോളം കുടുംബങ്ങളെയും പാർപ്പിച്ചു. കീഴൂർ എൽ.പി സ്‌കൂളിൽ തുടങ്ങിയ ക്യാമ്പിൽ അഞ്ചു കുടുംബങ്ങളും, പടിയൂർ നാരായണ വിലാസം സ്‌കൂളിൽ പതിനൊന്നു കുടുംബങ്ങളെയും ആണ് ക്യാമ്പുകളിലേക്ക് മാറ്റിയത് .
തഹസിൽദാർ കെ.കെ ദിവാകരൻ നേതൃത്വത്തിൽ റവന്യൂ അധികൃതർ എല്ലാ ക്യാമ്പുകളിലും എത്തി അടിസ്ഥാന സൗകര്യങ്ങൾ വിലയിരുത്തി .കെ. സുധാകരൻ എം.പി, സണ്ണി ജോസഫ് എം.എൽ.എ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ ദുരിത മേഖലകളിൽ എത്തി. സ്ഥിതിഗതികൾ വിലയിരുത്തി. ഡിവൈ.എസ്.പി സജീഷ് വാഴാളപ്പിലിന്റെ നേതൃത്വത്തിൽ വിവിധ ക്യാമ്പുകളിൽ സന്ദർശനം നടത്തി.