കല്പറ്റ: കണ്ണീരിൽ മുങ്ങിയ വയനാട്ടിൽ കനത്ത മഴ തുടരുന്നതിനാൽ ആശങ്കയൊഴിയുന്നില്ല. മഴ ശക്തിപ്രാപിക്കാനുള്ള സാധ്യതയാണ് കാലാവസ്ഥാ മുന്നറിയിപ്പുകളിലുള്ളത്. റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. വീണ്ടും ഉരുൾപൊട്ടലിനും സാധ്യതയുണ്ട്. കൂടാതെ ബാണാസുരസാഗർ അണക്കെട്ട് ഇന്ന് വൈകിട്ട് മൂന്നിന് തുറക്കുമെന്ന മുന്നറിയിപ്പുള്ളതിനാൽ തീരപ്രദേശത്തെ ജനങ്ങളെ മാറ്റിപ്പാർപ്പിക്കുന്നുണ്ട്. ഇന്ന് രാവിലെ അണക്കെട്ട് തുറക്കുമെന്ന് പറഞ്ഞിരുന്നുവെങ്കിലും പിന്നീടിത് വൈകിട്ടേക്ക് മാറ്റുകയായിരുന്നു.
വയനാട്ടിലേക്ക് എത്തിപ്പെടാനും ഏറെ പ്രയാസമാണ്. കുറ്റ്യാടി ചുരം അടച്ചു. ചുരങ്ങളിൽ മണ്ണിടിച്ചിൽ ഭീതിയുമുണ്ട്. വൻ ഉരുൾുപൊട്ടലുണ്ടായ പുത്തുമലയിൽ എത്താൻ കഴിയാതെ രക്ഷാ പ്രവർത്തകരും കുടുങ്ങി. ഇടമുറിയാതെ ഇപ്പോഴും ഇവിടെ മഴ തുടരുകയാണ്. കഴിഞ്ഞദിവസമുണ്ടായ ദുരന്തത്തിൽ 40 പേരെ കാണാതായതാണ് നാട്ടുകാർ പറയുന്നത്. ഇതിൽ 9 മൃതദേഹങ്ങളാണ് ഇന്നലെ കണ്ടെത്താനായത്. ഹാരിസൺ പ്ളാന്റേഷനിലെ തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്. മണ്ണിനടിയിൽ കുടുങ്ങി കിടക്കുന്നവരുടെ കൃത്യമായ എണ്ണം ജില്ലാ ഭരണകൂടത്തിനും കണക്കാക്കാൻ കഴിഞ്ഞിട്ടില്ല. സബ് കളക്ടർ ഉൾപ്പെടെയുള്ളവർ ദുരന്ത സ്ഥലത്ത് എത്താൻ ശ്രമിക്കുന്നുണ്ടെങ്കിലും മലവെള്ള പാച്ചിൽ ഒന്നും ചെയ്യാൻ കഴിയാത്ത സ്ഥിതിയാണ് രാവിലെയുണ്ടായത്.
എൻ.ടി.ആർ.എഫും ആർമിയും രക്ഷാദൗത്യത്തിന് ശ്രമിച്ചുവരികയാണ്. 15 പേരാണ് അപകടത്തിൽപ്പെട്ടതെന്നാണ് ഔദ്യോഗികമായ സ്ഥിരീകരണം. എന്നാൽ ഹാരിസൺ കമ്പനി അധികൃതരിൽ നിന്ന് കണക്കുകൾ ഇന്ന് ലഭിച്ചാൽ മാത്രമേ യഥാർത്ഥ കണക്ക് ലഭിക്കൂവെന്നാണ് വിവരം. ബംഗാൾ ആസാം തൊഴിലാളികളാണ് കൂടുതലുമെന്നാണ് കമ്പനി നല്കുന്ന വിവരം.
വീണ്ടും മണ്ണിടിച്ചിലുണ്ടായാൽ ആൾനാശമുണ്ടാവില്ലെന്നാണ് അധികൃതർ പറയുന്നത്. ഇവിടെയുള്ളവരെയെല്ലാം മാറ്റിയിട്ടുണ്ടെന്ന് പറയുന്നു. അതിനിടെ രക്ഷാ പ്രവർത്തനത്തിനിടെ ജീവന്റെ തുടിപ്പുമായി ഒരാളെ പുറത്തെടുക്കാൻ കഴിഞ്ഞിട്ടുണ്ടെന്ന വാർത്തയും പുറത്ത് വന്നു. ഇരുപത്തിനാല് മണിക്കൂർ മണ്ണിനടിയിൽ കിടന്ന ആളെയാണ് രക്ഷാ പ്രവർത്തകർ ഇന്നലെ മണ്ണിനടിയിൽ നിന്ന് വീണ്ടെടുത്തത്. ഇയാളെ മാനന്തവാടി ആശുപത്രിയിലേക്ക് മാറ്റി.
കഴിഞ്ഞ ദിവസം വൈകിട്ടോടെയാണ് മേപ്പാടി പുത്തുമലയിൽ നാടിനെ നടുക്കിയ ദുരന്തം ഉണ്ടാകുന്നത്. വലിയൊരു മല നിന്നിരുന്നിടം ഇടിഞ്ഞ് താഴ്ന്ന് അപ്പാടെ ഒഴുകി ഒരു പ്രദേശത്തെ ആകെ പ്രളയമെടുത്ത അവസ്ഥയാണ് പുത്തുമലയിലുള്ളത്.
തോട്ടം തൊഴിലാളികൾ താമസിക്കുന്ന പാടി അടക്കം വീടുകളും ആരാധനാലയങ്ങളും കടകളും വാഹനങ്ങളും എല്ലാം ഒലിച്ച് പോയ അവസ്ഥയിലാണ് ഇപ്പോൾ പുത്തുമല ഉള്ളത്. ബാണാസുരസാഗർ അണക്കെട്ട് തുറക്കുന്നത് കണക്കിലെടുത്ത് പനമരം, കോട്ടത്തറ, പടിഞ്ഞാറേത്തറ തുടങ്ങിയ ഭാഗങ്ങളിൽ മുന്നറിയിപ്പ് നല്കിയിട്ടുണ്ട്. രക്ഷാ പ്രവർത്തനത്തിന് കനത്ത മഴ തടസമാണ്. സൈന്യം 12 കിലോമീറ്റർ ദൂരം നടന്നാണ് ആ ഭാഗത്തേക്ക് എത്തുന്നത്. ഇപ്പോഴും തുടരുന്ന മണ്ണിടിച്ചിലും രക്ഷാദൗത്യത്തിന് തടസമാകുന്നുണ്ട്.