കാസർകോട്: ജില്ലയിൽ മൂന്നാം ദിനവും തുടരുന്ന ശക്തമായി മഴയിൽ ഹോസ്ദുർഗ്, വെള്ളരിക്കുണ്ട് താലൂക്കുകളിൽ കനത്ത നാശ നഷ്ടം.

പുഴകൾ കര കവിഞ്ഞ് ഒഴുകി താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. വെള്ളം കയറിയ വീടുകളിൽ നിന്ന് ദുരിതബാധിതരെ ദുരിതാശ്വസ ക്യാമ്പുകളിലേക്കും ബന്ധുവീടുകളിലേക്കും മാറ്റിപാർപ്പിച്ചു. ജില്ലയുടെ വിവിധ ഭാഗങ്ങളിലായി 15 ദുരിതാശ്വസ ക്യാമ്പുകൾ ആരംഭിച്ചു. വെള്ളരിക്കുണ്ട് താലൂക്കിൽ മൂന്നും ഹോസ്ദുർദഗ് താലൂക്കിൽ 12 ഉം ക്യാമ്പുകളാണ് ആരംഭിച്ചത്. ഇവിടെ 394 കുടുംബങ്ങളിലെ 1212 പേരാണ് ഉള്ളത്.

റവന്യൂ, ഫയർ ഫോഴ്‌സ്, പൊലീസ്, തദ്ദേശ സ്വയംഭരണ പ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ ഉൾപ്പെടെയാണ് രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. ഹോസ്ദുർഗ്ഗ് താലൂക്ക് ഓഫീസ് കേന്ദ്രീകരിച്ച് ജില്ലാ കളക്ടർ ഡോ. ഡി. സജിത് ബാബൂവിന്റെ നേതൃത്വത്തിൽ താല്കാലിക കൺട്രോൾ റൂം പ്രവർത്തനം ആരംഭിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി. സി ബഷീർ, കാഞ്ഞങ്ങാട് നഗരസഭാ ചെയർമാൻ വി.വി രമേശൻ എന്നിവർ കൺട്രോൾ റൂം സന്ദർശിച്ചു. ജില്ലാ പൊലീസ് മേധാവി ജെയിംസ് ജോസഫ്, സബ് കളക്ടർ അരുൺ കെ. വിജയൻ തുടങ്ങിയവർ ക്യാമ്പിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നു.

കാഞ്ഞങ്ങാട് കൺട്രോൾ റൂം

ജില്ലയിലെ തെക്കൻ പ്രദേശങ്ങളിൽ രൂക്ഷമായ കാലവർഷക്കെടുതി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ദുരന്തനിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് ജില്ലാ കളക്ടർ ഡോ. ഡി. സജിത് ബാബുവിന്റെ നേതത്വത്തിൽ കാഞ്ഞങ്ങാട് താലൂക്ക് ഓഫീസ് കേന്ദ്രീകരിച്ച് കൺട്രോൾ റൂം പ്രവർത്തനം തുടങ്ങി. ഹൊസ്ദുർഗ, വെള്ളരിക്കുണ്ട് താലൂക്കുകളിലെ മുഴുവൻ ദുരിതാശ്വാസ പ്രവർത്തനങ്ങളും ഏകോപിപ്പിക്കുന്നത് ഈ കൺട്രോൾ റൂമിൽ നിന്നായിരിക്കുമെന്ന് ജില്ലാ കളക്ടർ പറഞ്ഞു. അടിയന്തര സഹായം ആവശ്യമാണെങ്കിൽ ബന്ധപ്പെടുക. ഫോൺ 0467 2204042, 8075325955, 7510935739.

നീലേശ്വരത്ത് പരക്കെ നാശനഷ്ടം

നീലേശ്വരം: കനത്ത മഴയിലും കാറ്റിലും മരം, വൈദ്യുത പോസ്റ്റുകൾ പൊട്ടിവീണു. പാലക്കാട്ട് ചീർമ്മ കാവ് പരിസരത്തെ ദിലീപ് കുറ്റൂരന്റെ വീട്ടുവളപ്പൽ മരം കടപുഴകി വീണു. ചീർമ്മകാവ് പരിസരത്തെ സി.പി.എം.ഏരിയ കമ്മറ്റി ഓഫീസിന് സമീപം വൈദ്യുതി പോസ്റ്റ് പൊട്ടിവീണ് വൈദ്യുതി ബന്ധം താറുമാറായി. കളത്തേര ദാമോദരന്റെ വീടിനു മുകളിൽ പൂമരം പൊട്ടിവീണെങ്കിലും വീടിനുള്ളിൽ ഉറങ്ങുകയായിരുന്ന മകൾ അത്ഭുതകരമായി രക്ഷപ്പെട്ടു.
നീലേശ്വരം - ചിറ്റാരിക്കാൽ റൂട്ടിൽ കുന്നുംകൈ റോഡിൽ മണ്ണിടിഞ്ഞ് വീണ് ഗതാഗതം തടസ്സപ്പെട്ടു. വെള്ളിയാഴ്ച രാത്രി 9 മണിയോടെയാണ് മണ്ണ് റോഡിലേക്ക് ഇടിഞ്ഞ് വീണത്. റോഡിൽ മണ്ണിടിഞ്ഞ് വീണതോടെ ഇത് വഴിയുള്ള ഗതാഗതം മണിക്കൂറുകളോളം സ്തംഭിച്ചു.

തേജസ്വിനി പുഴ കരകവിഞ്ഞതോടെ കയ്യൂരിലുള്ള നിരവധി കുടുംബങ്ങളെ ബന്ധുവീടുകളിൽ മാറ്റി പാർപ്പിച്ചു. പാലായി പ്രദേശങ്ങളിലുള്ളവരെ പാലാത്തടം ക്യാമ്പസിലും കോട്ടപ്പുറം, ഓർച്ച, കൊയാമ്പുറം പ്രദേശങ്ങളിലുള്ളവരെ കോട്ടപ്പുറം വൈകുണ്ഠ ക്ഷേത്ര ഓഡിറ്റോറിയത്തിലും മുണ്ടേമ്മാട് ദ്വീപിലുള്ളവരെ പള്ളിക്കര പള്ളി മദ്രസയിലും പാർപ്പിച്ചിരിക്കുകയാണ്.

വ്യാപാര മഹോത്സവം നറുക്കെടുപ്പ്

കാഞ്ഞങ്ങാട്: മർച്ചന്റ്സ് അസോസിയേഷന്റെ സാമൂഹ്യ സുരക്ഷ പദ്ധതി ധനസഹായ വിതരണവും വ്യാപാര മഹോത്സവം നറുക്കെടുപ്പും നടന്നു.
സാമൂഹ്യ സുരക്ഷ പദ്ധതിയുടെ വിതരണോദ്ഘാടനം ഹൊസ്ദുർഗ് ഡിവൈ.എസ്.പി പി.കെ സുധാകരനും വ്യാപാര മഹോത്സവം പുതിയ നറുക്കെടുപ്പിന്റെ ഉദ്ഘാടനവും സമ്മാനവിതരണവും ഹോസ്ദുർഗ് സി.ഐ വിനോദ് കുമാറും നിർവ്വഹിച്ചു. സി. യൂസഫ് ഹാജി അദ്ധ്യക്ഷത വഹിച്ചു. സി.എ പീറ്റർ എം.വിനോദ്, സി.കെ ആസിഫ്, കെ.വി ലക്ഷ്മണൻ എന്നിവർ സംസാരിച്ചു.