കാസർകോട്: കാലവർഷക്കെടുതി നേരിടുന്നതിൽ സംസ്ഥാനം ഒറ്റക്കെട്ടായാണ് പ്രവർത്തിക്കുന്നതെന്ന് ആരോഗ്യ മന്ത്രി കെ.കെ ശൈലജ പറഞ്ഞു. ജില്ലയിലെ കാലവർഷക്കെടുതി അവലോകനം ചെയ്യുന്നതിന് ഹൊസ്ദുർഗ് താലൂക്ക് ഓഫീസിൽ ചേർന്ന യോഗത്തിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
കാലാവസ്ഥ വ്യതിയാനം കാരണമുള്ള പ്രകൃതിദുരന്തം തികച്ചും അപ്രതീക്ഷിതമാണ്. ദുരന്തം വന്നാൽ മനുഷ്യരുടെ ജീവൻ രക്ഷിക്കാനുള്ള പ്രവർത്തനമാണ് ഏറ്റവും പ്രധാന്യത്തോടെ നടക്കുന്നത്. 2018ൽ സംസ്ഥാനത്ത് 31000 കോടി രൂപയുടെ നഷ്ടമാണുണ്ടായത്. ഈ വർഷം അതേ ഭീകരതയോടെയുള്ള വെള്ളപ്പൊക്കമാണുണ്ടായത്. ക്യാമ്പിൽ വരാൻ മടിച്ചുനിൽക്കുന്ന ധാരാളം ആളുകളുണ്ട്. ക്യാമ്പിൽ വരാത്തതിന്റെ പേരിൽ അർഹരായ ദുരിതബാധിതർക്ക് ആനുകൂല്യം നിഷേധിക്കില്ല. ഇക്കാര്യം റവന്യു ഉദ്യോഗസ്ഥർ പ്രത്യേകം ശ്രദ്ധിക്കണം. റേഷൻ കാർഡില്ലാത്തവർക്കും ദുരിതബാധിതരാണെങ്കിൽ സഹായം എത്തിക്കണം.
ആരോഗ്യ വകുപ്പ് കൺട്രോൾ റൂം തുറന്നിട്ടുണ്ട്. ക്യാമ്പിൽ ഓൺ കോളിൽ ഡോക്ടർമാർ എത്തും. പകർച്ചവ്യാധികളുള്ളവരെ ആശുപത്രികളിലേക്ക് മാറ്റണം. സർക്കാർ സ്വകാര്യാശുപത്രി ഡോക്ടർമാരുടെ സഹായം ലഭ്യമാകും. വയനാടും മലപ്പുറത്തും രൂക്ഷമായ സാഹചര്യമാണ്. ഈ ദുരന്തത്തെ നമ്മൾക്ക് അതിജീവിക്കാനാകുമെന്ന് മന്ത്രി പറഞ്ഞു
യോഗത്തിൽ രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി, എം.എൽ.എ മാരായ കെ. കുഞ്ഞിരാമൻ എൻ.എ നെല്ലിക്കുന്ന്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീർ നഗരസഭ ചെയർമാന്മാരായ പ്രൊഫ. കെ.പി ജയരാജൻ, വി.വി രമേശൻ, ജില്ലാ കളക്ടർ ഡോ. ഡി. സജിത് ബാബു, ജില്ലാ പോലീസ് മേധാവി ജെയിംസ് ജോസഫ് തുടങ്ങിയവർ പങ്കെടുത്തു
പടം.. കാസർകോട് ജില്ലയിലെ കാലവർഷക്കെടുതി വിലയിരുത്താൻ മന്ത്രി കെ.കെ ശൈലജയുടെ നേതൃത്വത്തിൽ ചേർന്ന യോഗം
വെസ്റ്റ് എളേരി കുന്നുംകൈയിൽ റോഡിൽ ഇടിഞ്ഞു വീണ മണ്ണ് ജെ.സി.ബി ഉപയോഗിച്ച് നീക്കം ചെയ്യുന്നു. ഡപ്യൂട്ടി കളക്ടർ രവികുമാർ, തഹസിൽദാർ പി. കുഞ്ഞികണ്ണൻ നേതൃത്വം നൽകി.
കരിച്ചേരി വളവിൽ മണ്ണിടിഞ്ഞു വീണു ഗതാഗതം തടസപ്പെട്ടപ്പോൾ
തങ്കയം തട്ടാർകടവ് മുത്തപ്പൻ ക്ഷേത്രത്തിൽ വെള്ളം കയറിയ നിലയിൽ