കാസർകോട്: കഴിഞ്ഞദിവസങ്ങളിലെ പേമാരിയിൽ ദുരിതത്തിലായ ജില്ലയെയും സഹോദര ജില്ലകളിലെയും ജനങ്ങൾക്ക് സാന്ത്വന സ്പർശം നൽകുന്നതിനായി ജില്ലയിലാരംഭിച്ച ദുരിതാശ്വാസ സഹായത്തിനുള്ള കളക്ഷൻ കേന്ദ്രങ്ങളിലേക്ക് നാടിന്റെ വിവിധ പ്രദേശങ്ങളിൽ നിന്ന് സഹായ ഹസ്തം.
ഹോസ്ദുർഗ് താലൂക്ക് ഓഫീസിലെ കളക്ഷൻ സെന്ററിലും പടന്നക്കാട് കാർഷിക കോളേജിലെ ദുരിതാശ്വാസ സഹായ കേന്ദ്രത്തിലുമാണ് ദുരിതബാധിതർക്ക് വേണ്ടിയുള്ള സഹായങ്ങൾ സ്വീകരിക്കുന്നത്. ജില്ലയിലെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന നിരവധി സന്നദ്ധ പ്രവർത്തകരും കൂട്ടായ്മകളും യുവജന ക്ലബുകളും സ്ഥാപനങ്ങളും വ്യക്തികളുമാണ് സഹായ സഹകരണങ്ങളുമായി മുന്നോട്ട് വരുന്നത്. അരി, പഞ്ചസാര, ധാന്യങ്ങൾ, ഭക്ഷ്യവസ്തുക്കൾ, വസ്ത്രങ്ങൾ, സാനിറ്ററി നാപ്കിനുകൾ, ബിസകറ്റ്, കുട്ടികൾക്കുള്ള പോഷകാഹാരങ്ങൾ തുടങ്ങിയ അവശ്യസാധനങ്ങളാണ് കളക്ഷൻ കേന്ദ്രങ്ങളിലേക്ക് നൽകുന്നത്. മഴക്കെടുതി മൂലം ദുരിതമനുഭവിക്കുന്നവർക്കായി ജില്ലയിൽ ആരംഭിച്ച ക്യാമ്പുകളിലേക്ക് വില്ലേജ് ഓഫീസർമാർ ആവശ്യപ്പെടുന്നതിനനുസരിച്ച് സാധനസാമഗ്രികൾ വിതരണം ചെയ്യുന്നുണ്ട്
കളക്ഷൻ കേന്ദ്രങ്ങളിൽ നിന്നും ആവശ്യാനുസരണം ഇതര ജില്ലകളിലേക്കും സഹായങ്ങൾ എത്തിക്കും.വെള്ളപ്പൊക്കത്തിലും ഉരുൾപ്പൊട്ടലിലും വീടും കിടപ്പാടവും നഷ്ടപ്പെട്ടവർക്ക് സഹായ സഹകരണം എത്തിക്കുന്നതിനായി പൊതുസമൂഹം ഇനിയും മുന്നോട്ടു വരണമെന്ന് ജില്ലാ കളക്ടർ ഡോ. ഡി. സജിത് ബാബു ആവശ്യപ്പെട്ടു.
ഫോട്ടോ അടിക്കുറിപ്പ്
ഹോസദുർഗ് താലൂക്ക് ഓഫീസിൽ ആരംഭിച്ച കളക്ഷൻ സെന്ററിലേക്ക് സന്നദ്ധ പ്രവർത്തകർ എത്തിച്ച സാധനസാമഗ്രികൾ ജില്ലാ കളക്ടർ ഡോ. ഡി. സജിത് ബാബുവിന്റെ നേതൃത്വത്തിൽ സ്വീകരിക്കുന്നു.
പുസ്തക ചർച്ച
തൃക്കരിപ്പൂർ: മഹാകവി കുമാരനാശാന്റെ ചിന്താവിഷ്ടയായ സീതയുടെ നൂറാം വാർഷികത്തോടനുബന്ധിച്ച് പൊള്ളപ്പൊയിൽ ബാലകൈരളീ ഗ്രന്ഥാലയത്തിൽ പുസ്തക ചർച്ച സംഘടിപ്പിച്ചു.ശാന്ത ജയദേവൻ വിഷയം അവതരിപ്പിച്ചു. വി.വി. ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഡോ. പി. പ്രശാന്ത്, കെ.എ .ശങ്കരൻ നമ്പൂതിരി, സി. രത്‌നാകരൻ, പി. ഹരിത, പി. തേജസ്വിനി സംസാരിച്ചു. പ്രദീപ് കൊടക്കാട് സ്വാഗതവും കെ. കുഞ്ഞിരാമൻ നന്ദിയും പറഞ്ഞു.