കാസർകോട്: പ്രളയ മഴ സർവ്വസ്വവും തകർത്തപ്പോൾ സങ്കട കടലുമായി സ്‌കൂളുകളിലും പള്ളികളിലും അമ്പലങ്ങളിലും പൊതു ഇടങ്ങളിലും അഭയം തേടിയവരെ ഇരുകൈകളും നീട്ടിയാണ് ജനകീയ കൂട്ടായ്മകൾ സ്വീകരിച്ചത്. രാഷ്ട്രീയം മറന്നു ജാതിമത ഭിന്നതകൾ ഇല്ലാതെ കൈത്താങ്ങായി സമൂഹം ഒന്നാകെ വാരിപ്പുണർന്നപ്പോൾ ക്യാമ്പുകളിൽ കഴിയുന്ന ദുരിതബാധിതർക്ക് തത്ക്കലത്തേക്കെങ്കിലും സങ്കടം മറക്കാനായി.
വീടും പുരയിടവും വെള്ളം നിറഞ്ഞെങ്കിലും ക്യാമ്പുകളിൽ അവർക്ക് ലഭ്യമാകുന്നത് മികച്ച പരിചരണം. മന്ത്രിയും എം.പിയും മുൻ എം.പിയും ജനപ്രതിനിധികളും രാഷ്ട്രീയ നേതാക്കളും ഉദ്യോഗസ്ഥരും ഓടിയെത്തി ദുരിതബാധിതരുടെ കണ്ണീർ ഒപ്പുന്നു. അര നൂറ്റാണ്ടിന് മുമ്പുണ്ടായതിന് സമാനമായ വെള്ളപ്പൊക്കം ആണ് കാസർകോട് ജില്ലയിൽ ഉണ്ടായത്.
'രാത്രി വെള്ളത്തിന്റെ വരവ് കണ്ടപ്പോൾ എല്ലാം തീർന്നു എന്ന് തോന്നിയതാണ് ആരൊക്കെയോ രക്ഷപ്പെടുത്തി ഇവിടെ എത്തിച്ചു. എനിക്ക് 61 വയസായി, എന്റെ ഓർമ്മയിൽ ഇതു പോലൊരു പ്രളയം ഉണ്ടായിട്ടില്ല...' കാടങ്കോട് ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്ന കാരിയിൽ താമസിക്കുന്ന തുരുത്തി കഴകത്തിലെ രാഘവൻ വെളിച്ചപ്പാട് പുഴയിലെ വെള്ളം പൊങ്ങിയതിന്റെ അനുഭവം വിവരിക്കുന്നു.
കാരി പ്രദേശത്ത് നിന്നുമാത്രം 30 ഓളം കുടുംബക്കാർ ഈ ക്യാമ്പിലുണ്ട്. കഴിഞ്ഞ ദിവസങ്ങളിലെ പേമാരിയിൽ ദുരിതത്തിലായവർക്ക് വേണ്ടി കാസർകോട് ജില്ലയിൽ 30 ക്യാമ്പുകളാണ് ആരംഭിച്ചിട്ടുള്ളത്. പടന്ന ക്ഷേത്രത്തിലെ ക്യാമ്പിൽ ഉണ്ടായിരുന്ന 90 പേർ വീടുകളിലേക്ക് തിരിച്ചു പോയി. 3790 പേരാണ് നിലവിൽ ക്യാമ്പിലുള്ളത്. ദുരിതബാധിതരുടെ എണ്ണത്തിനനസുരിച്ചാണ് ക്യാമ്പുകൾ തുറന്നിട്ടുള്ളത്. റവന്യു വകുപ്പാണ് ക്യാമ്പുകൾ നിയന്ത്രിക്കുന്നത്. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമാരുടെ നേതൃത്വത്തിലുള്ള ഏകോപനവും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് സഹായമാകുന്നു
സന്നദ്ധ പ്രവർത്തകർ, യുവജന കൂട്ടായ്മകൾ, സ്റ്റുഡന്റ്‌സ് പൊലിസ് കേഡറ്റുകൾ, എൻ.എസ്.എസ് വളണ്ടിയർമാർ, രാഷ്ട്രീയ പാർട്ടി പ്രവർത്തകർ, എൻ.ജി.ഒകൾ തുടങ്ങിയവരുടെ സജീവ സഹകരണത്തോടെയാണ് ക്യാമ്പുകൾ പ്രവർത്തിക്കുന്നത്. ക്യാമ്പിലുള്ളവർക്ക് ഭക്ഷണങ്ങൾ തയ്യാറാക്കുന്നതിനായി ക്യാമ്പുകൾ സ്ഥിതി ചെയ്യുന്ന പ്രദേശങ്ങളിലെ നാട്ടുകാരുടെ ആത്മാർത്ഥമായ സഹകരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. വിവിധ മേഖലകളിൽ സ്ഥിതി ചെയ്യുന്ന ദുരിതാശ്വാസ ക്യാമ്പുകളിൽ രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി, എം.എൽ.എമാരായ കെ. കുഞ്ഞിരാമൻ, എൻ.എ നെല്ലിക്കുന്ന്, എം. രാജഗോപാലൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ എ.ജി.സി ബഷീർ എന്നിവരും സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തുന്നു. ഇന്നലെ മഴയ്ക്ക് അല്പം ശമനം ഉണ്ടായതിനാൽ പുഴകളിൽ ജലനിരപ്പ് കുറയുന്നുണ്ട്. മഴ കുറഞ്ഞു വന്നാൽ ദുരിതങ്ങൾ കുറയുമെന്ന് ജില്ലാ കളക്ടർ ഡോ. ഡി. സജിത് കുമാർ പറഞ്ഞു.
വിജ്ഞാനോത്സവം 20 ന്
ചെറുവത്തൂർ: കനത്ത മഴയെത്തുടർന്ന് വിദ്യാലയങ്ങൾക്ക് തുടർച്ചയായി അവധി ആയതിനാൽ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് വിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ചു നടത്തുന്ന വിജ്ഞാനോത്സവത്തിന്റെ സ്കൂൾ തല മത്സരങ്ങൾ 20ന് ഉച്ചക്ക് 2 മണിയിലേക്ക് മാറ്റി.