കണ്ണൂർ: ജില്ലയിൽ മഴയ്ക്ക് ശമനം ഉണ്ടെങ്കിലും മലയോരം ഉൾപ്പെടെ ദുരന്തം വിതച്ച പ്രദേശങ്ങൾ പൂർവസ്ഥിതിയിലാകാൻ കാലമേറെയെടുക്കും. ജില്ലയിലെ നഷ്ടങ്ങളുടെ കണക്കുകൾ ശേഖരിച്ചു വരുന്നേയുള്ളൂ. രണ്ടു ദിവസത്തിനകം മുഴുവൻ നഷ്ടങ്ങളുടെയും കണക്ക് ശേഖരിക്കാൻ കഴിയുമെന്ന പ്രതീക്ഷയാണ് അധികൃതർക്കുള്ളത്. ശ്രീകണ്ഠാപുരത്ത് മാത്രം 50 കോടിയുടെ നഷ്ടം സംഭവിച്ചിട്ടുണ്ടെന്നാണ് പ്രാഥമിക കണക്ക്. കാർഷിക മേഖലയിലും വ്യാപാര മേഖലയിലുമാണ് ഏറെയും നഷ്ടം സംഭവിച്ചത്. നഗരത്തിലെ മിക്ക കടകളിലും വെള്ളം കയറിയിരുന്നു. പലചരക്ക്, സ്റ്റേഷനറി, വസ്ത്ര വ്യാപാര സ്ഥാപനങ്ങൾ തുടങ്ങി എല്ലാം ചെളിയിലും വെള്ളത്തിലും നശിച്ചിരിക്കയാണ്. പെരുന്നാൾ, ഓണം ആഘോഷങ്ങൾക്കായി ഒരുങ്ങിയ വ്യാപാര കേന്ദ്രങ്ങളാണ് അപ്രതീക്ഷിതമായി എത്തിയ കനത്തമഴയിൽ നശിച്ചത്. വെള്ളംകയറിയ കടകൾ വൃത്തിയാക്കിയാൽ മാത്രമേ വ്യാപാരം പുനഃസ്ഥാപിക്കാൻ കഴിയൂ. നിലവിലുള്ള സാധനങ്ങളിൽ ഏറെയും വിൽപ്പനയോഗ്യമല്ലാത്ത പരുവത്തിലാണുള്ളത്.

ശ്രീകണ്ഠപുരം മേഖലയിൽ ചില പ്രദേശങ്ങൾ ഇപ്പോഴും വെള്ളക്കെട്ടിലാണ്. കണ്ണൂർ നഗരത്തിനടുത്ത കക്കാട് മേഖലയിലും വെള്ളം പൂർണമായും നീങ്ങിയില്ല. പാമ്പുരുത്തി ഉൾപ്പെടെ പ്രദേശങ്ങൾ സാധാരണ നിലയിലേക്ക് വരുന്നു. ചെളികൾ നിറഞ്ഞ വീടുകൾ വൃത്തിയാക്കിയെടുക്കാൻ പാടുപെടുകയാണ് ക്യാമ്പുകൾ വിട്ടവർ. വീടുകളിലും കടകളിലും പാമ്പുകളുടെ ഉൾപ്പെടെ ശല്യവുമുണ്ട്. ക്യാമ്പുകളിൽ അസൗകര്യങ്ങളൊന്നും ഇല്ലെങ്കിലും വീടുകളെ ഓർത്ത് ആശങ്കയിലാണ് അന്തേവാസികൾ.

ഇരിട്ടി നഗരത്തിലെ അവസ്ഥയും മറിച്ചല്ല. നഗരത്തിലെ കടകളിൽ സംഭവിച്ച നഷ്ടം കണക്കാക്കി വരുന്നതേയുള്ളു. റോഡുകൾ തകർന്നതിനാൽ നാട്ടുകാർ നേരിടുന്ന യാത്രാക്ളേശം വലുതാണ്. പാൽചുരവും മറ്റും പൂർണനിലയിൽ പുനഃസ്ഥാപിക്കപ്പെട്ടിട്ടില്ല.

പാപ്പിനിശ്ശേരി, പറശ്ശിനിക്കടവ് മേഖലകളിലും മഴ കനത്ത നഷ്ടമാണ് ഉണ്ടാക്കിയത്. ഇന്നലെ മുതൽ ക്യാമ്പുകളിൽ നിന്ന് പലരും വീടുകളിലേക്ക് മടങ്ങിയിട്ടുണ്ട്. ക്യാമ്പുകളിൽ നിന്ന് മടങ്ങുന്നവരുടെ വീടുകളും കടകളും ശുചീകരിക്കാൻ കൈമെയ് മറന്ന് സന്നദ്ധസംഘടനകൾ രംഗത്തുണ്ട്. ഇവർക്കു വേണ്ട ക്ളീനിംഗ് ഉപകരണങ്ങൾ വേണ്ടത്ര ക്യാമ്പുകളിൽ എത്തിയിട്ടില്ല. ഇവയുടെ ശേഖരണവും തുടരുന്നുണ്ട്. ഭക്ഷ്യവസ്തുക്കൾക്ക് ക്യാമ്പുകളിൽ വല്ലാത്ത ക്ഷാമമില്ല. ഉദ്യോഗസ്ഥരും നാട്ടുകാരും സജീവമായി രക്ഷാപ്രവർത്തനത്തിലാണ്. ആരോഗ്യസംബന്ധമായ ആശങ്കകൾ നിലനിൽക്കുന്നതിനാൽ ആരോഗ്യവകുപ്പ് സജീവമായി രംഗത്തുണ്ട്.