കാഞ്ഞങ്ങാട്: പ്രളയദുരന്തം കണ്ണീർ വീഴ്ത്തിയ പശ്ചാത്തലത്തിൻ ദുരിതബാധിതരോട് ഐക്യദാർഢ്യം പുലർത്തിയും, അവർക്കായി പ്രാർത്ഥിച്ചും നാടെങ്ങും ബലി പെരുന്നാൾ ആഘോഷം.
ദൈവം നമ്മുക്കു തന്ന അനുഗ്രഹങ്ങൾ ജനങ്ങളെ സേവിക്കാനുള്ള അവസരമാക്കി പ്രകൃതി ദുരന്തങ്ങളിൽ നിന്നും പാഠം ഉൾക്കൊള്ളാൻ കോട്ടച്ചേരി ഹിറാ മസ്ജിദിൽ പെരുന്നാൾ നിസ്‌കാരത്തിന് നേതൃത്വം നൽകിയ ആലിയ കോളേജ് പ്രിൻസിപ്പാൾ മുഹമ്മദലി പറഞ്ഞു. ദൈവത്തെ വിസ്മരിച്ച് സുഖലോലുപരായി പ്രകൃതിയെയും ജീവ ജാലങ്ങളെയും മനുഷ്യരെയും ചൂഷണം ചെയ്തതിന്റെ ദുരന്തഫലങ്ങളാണ് ഇന്ന് നാം അനുഭവിക്കുന്നത്. ദൈവത്തെ വിസ്മരിക്കുന്ന അഹങ്കാരികളായി മാറാതിരിക്കാൻ വിശ്വാസികൾ ശ്രദ്ധിക്കണമെന്ന് മുഹമ്മദലി പറഞ്ഞു.
സ്ത്രീകളുൾപ്പെടെ നൂറുക്കണക്കിന് വിശ്വാസികൾ പ്രാർത്ഥനയിൽ പങ്കാളികളായി.പരസ്പരം ആശ്ലേഷിച്ചും ആശംസകൾ കൈമാറിയും പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനകൾ നൽകിയുമാണ് വിശ്വാസികൾ പിരിഞ്ഞത്.
ചെണ്ടയിൽ വിസ്മയം തീർത്ത് കുരുന്നുകൾ
പരവനടുക്കം: ചെണ്ടയിൽ വിസ്മയം തീർക്കുകയാണ് ചെമ്മനാട് ഗ്രാമപഞ്ചായത്തിലെ തലക്ലായി എന്ന പ്രദേശത്തെ ഒന്നാം ക്ലാസുമുതൽ പ്ലസ്ടുവരെയുള്ള 20 കുട്ടികൾ. പാർത്ഥസാരഥി ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ നാലു മാസത്തെ പരിശീലനത്തിലൂടെയാണ് ഇവർ ചെണ്ടയിൽ പ്രാവീണ്യം നേടിയത്. എല്ലാ ദിവസവും രാവിലെയും വൈകിട്ടും രണ്ട് മണിക്കൂറായിരുന്നു പരിശീലനം. ഉദുമയിലെ ബാലകൃഷ്ണൻ, ഷിനോജ് ചാത്തങ്കൈ, ഷിബു കീഴൂർ എന്നിവരാണ് പരീശീലനം നൽകിയത്. കഴിഞ്ഞ ദിവസം പ്രഭാകര ഗുരുസ്വാമിയുടെ അനുഗ്രഹത്തോടെ തലക്ലായി ശ്രീധർമ്മശാസ്താ ഭജനമന്ദിരത്തിൽ രാമായണമാസാചരണപരിപാടിയിൽ പാർത്ഥസാരഥി വാദ്യ സംഘമെന്ന നാമകരണത്തിൽ അരങ്ങേറ്റം കുറിച്ചു.
പാർത്ഥസാരഥി വാദ്യ സംഘത്തിലെ കുരുന്നുകൾ