കണ്ണൂർ:പത്ത് മിനിട്ട്, ഒന്ന് വൈദ്യുതി മുടങ്ങിയാൽ കെ.എസ്.ഇ.ബിയിലേക്ക് ഫോൺ വിളികളുടെ പ്രവാഹം പതിവുള്ളതാണ്.എന്നാൽ ഈ പ്രളയ കാലത്ത് കെ.എസ്.ഇ.ബിയിലേക്ക് വിളിച്ചവർ വിരളമാണ്. പ്രളയം ആരംഭിച്ച അന്ന് മുതൽ കെ.എസ്.ഇ.ബിയിലെ ഒാഫീസർമാർ തൊട്ട് സാധാരണ ജീവനക്കാർ വരെയുള്ളവരുടെ കൈമെയ് മറന്നുള്ള കൂട്ടായ പരിശ്രമം തന്നെയാണ് ഇതിന് പിന്നിൽ .വെള്ളത്തിൽ മുങ്ങിയ പലയിടങ്ങളിലെ ദുരിതങ്ങൾക്കും രക്ഷാപ്രവർത്തനങ്ങൾക്കും വെളിച്ചം നൽകിയത് കെ.എസ്.ഇ.ബി ജീവനക്കാരുടെ മുഴുവൻ സമയ പ്രവർത്തനം ഒന്നു കൊണ്ട് മാത്രമാണ്.
മഴ ശക്തിപ്രാപിക്കാൻ തുടങ്ങിയത് മുതൽ 80 ശതമാനം ട്രാൻസ്ഫോർമറുകളും ചാർജ് ചെയ്യാൻ അധികൃതർ പ്രത്യേകം ശ്രദ്ധിച്ചു.കൺട്രോൾ റൂമുകൾ 24 മണിക്കൂറും ജഗ്രതയോടെ പ്രവർത്തിച്ചു.ഫീൽഡ് സ്റ്റാഫിന് പുറത്തുള്ള ജീവനക്കാരും വൈദ്യുതി മുടങ്ങിയ സ്ഥലങ്ങളിലെത്തി പരിശോധന നടത്തുകയും എത്രയും പെട്ടെന്ന് പ്രശ്നങ്ങൾ പരിഹരിക്കുകയും ചെയ്തു. പലയിടങ്ങളിലും ഉണ്ടായ കെ.എസ്.ഇ.ബിയുടെ ഇടപെടലുകൾ സമൂഹ മാധ്യമങ്ങളിൽ വരെ കൈയടി നേടി.
ശക്തമായ മഴയിൽ മരക്കൊമ്പുകൾ മുറിച്ചു മാറ്റുന്നതിനും പോസ്റ്റുകളിൽ വലിഞ്ഞു കയറി ലൈൻ ശരിയാക്കുന്നതിനും യാതൊരു പിശുക്കും ജീവനക്കാർ കാണിച്ചില്ല.അതുകൊണ്ട് തന്നെ നാട്ടുകാരുടെ ഭാഗത്ത് നിന്ന് ദുരനുഭവങ്ങൾ ഒന്നും തന്നെ ഉണ്ടായിട്ടില്ലെന്നും നാട്ടുകാരുടെ പൂർണ്ണ സഹായം എല്ലാ പ്രദേശങ്ങളിൽ നിന്നും ലഭിച്ചിട്ടുണ്ടെന്നും കെ.എസ്.ഇ.ബി അധികൃതർ പറഞ്ഞു. വയർമാൻ അസോസിയേഷൻ, ട്രാൻസ്മിഷൻ വിംഗ് തുടങ്ങിയവരുടെ പ്രവർത്തനവും കെ.എസ്.ഇ.ബിക്ക് കൂടുതൽ കരുത്ത് പകർന്നു.
കൂടുതൽ ജീവനക്കാർ എത്തും
കൊല്ലത്തു നിന്ന് 32 പേരും തിരുവനന്തപുരത്ത് നിന്ന് 47 പേരും അടങ്ങുന്ന സംഘം ഇന്ന് ജില്ലയിൽ എത്തും.ഇവരെ മലയോര മേഖലയിൽ വിന്യസിപ്പിക്കാനാണ് തീരുമാനം.എൽ.ടി ലൈനുകൾ നന്നാക്കാൻ ഇനിയും കൂടുതൽ പരിശ്രമിക്കേണ്ടതുണ്ട്.പാപ്പിനിശ്ശേരി തുരുത്തി,കേളകം ,മാതമംഗംലം, മലയോര മേഖലകളായ ശ്രീകണ്ഠാപുരം,ആലക്കോട് തുടങ്ങിയ സ്ഥലങ്ങളിലെല്ലാം വൈദ്യുതി പൂർണ്ണമായി പുനസ്ഥാപിച്ചിട്ടില്ല.ഇവിടങ്ങളിൽ ഇനിയും കൂടുതൽ പ്രവർത്തനങ്ങൾ ആവശ്യമാണ് .
ജില്ലയിൽ കെ.എസ്.ഇ.ബിക്ക് നഷ്ടം 15 കോടി
മലയോര മേഖലയിൽ വൈദ്യുതി എത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു.
കൊല്ലം,തിരുവനന്തപുരം ജില്ലകളിൽ നിന്നും സംഘം ഇന്ന് എത്തും
"കെ.എസ്.ഇ.ബിയിലേക്ക് വരുന്ന തെറിവിളികൾ ഒന്നും തന്നെ കാര്യമാക്കുന്നില്ല.ഫീൽഡ് സ്റ്റാഫിന് പുറമെയുള്ള ജീവനക്കാർ അടക്കം പല പ്രദേശങ്ങളിലായി കർമ്മ നിരതരായിരുന്നു എൽ.ടി ലൈനുകളാണ് ഇനി ശരിയാക്കാൻ ഉള്ളത്.അതിന് ഈ അഞ്ച് ദിവസം പ്രവർത്തിച്ച പോലെ തന്ന പ്രവർത്തിക്കേണ്ടതുണ്ട്.മലയോരമേഖലകളിലാണ് കൂടുതൽ പ്രശ്നങ്ങൾ.തുടർന്നും കൂട്ടായ പരിശ്രമം ഉണ്ടാകും"
എ.എം.ശ്രീല ,അസി.എക്സിക്യൂട്ടീവ് എൻജിനീയർ ,പ്രോജക്ട് മാനേജ്മെന്റ് യൂണിറ്റ് കണ്ണൂർ