കാസർകോട്: കനത്ത മഴ മാറുകയും അല്പം വെയിൽ പരക്കുകയും ചെയ്തതോടെ വെള്ളക്കെട്ടുകൾ ഒഴിഞ്ഞെങ്കിലും ബാക്കിവെച്ചത് ദുരിതക്കടൽ. വെള്ളത്തിനടിയിലായി താഴ്ന്ന പ്രദേശങ്ങളിൽ നിന്നും ഒഴിഞ്ഞുപോയി ക്യാമ്പുകളിൽ അഭയം തേടിയ കുടുംബങ്ങൾ തിരികെ എത്തിയപ്പോൾ കാണാൻ കഴിഞ്ഞത് ചെളികൂമ്പാരം മൂടിയ വീടുകളായിരുന്നു.

ഒന്നും രണ്ടും അടിയോളം ഉയരത്തിൽ ചെളി പുതഞ്ഞു കിടക്കുന്ന വീടുകൾ കാണാൻ കഴിയാതെ പലരും കണ്ണീർ വാർത്തു. അതിനു പുറമെയാണ് ഇഴജന്തുക്കളായ പാമ്പുകളും പെരുച്ചാഴികളും സ്വൈരവിഹാരം നടത്തുന്ന കാഴ്ചകൾ. പെരുമ്പാമ്പുകൾ പതുങ്ങികിടക്കുന്നുണ്ടാവും എന്ന ഭീതിയോടെയാണ് വീട്ടുകാർ അകത്തേക്ക് കാലെടുത്തുവെച്ചത്.

വെള്ളം കയറിയപ്പോൾ വൃത്തിയുള്ള മനോഹരമായ വീടുകൾ ഉപേക്ഷിച്ചാണ് കിട്ടാവുന്നതെല്ലാം പെറുക്കിയെടുത്തു കുടുംബങ്ങൾ രക്ഷപ്പെട്ടത്. തിരിച്ചെത്തുമ്പോൾ ആ സ്ഥാനത്ത് കാണാൻ കഴിഞ്ഞ വീടുകളുടെ ചിത്രം വേദനയുടേതായിരുന്നു.

'ഒരു വീടുകളും വാസയോഗ്യമായിരുന്നില്ല. ചെളിയും പായലും നിറഞ്ഞു കിടക്കുന്ന കാഴ്ചയാണ് എല്ലാ വീടുകളിലും കാണാൻ കഴിഞ്ഞത്. ചില വീടുകളിൽ പാമ്പുകളും പെരുച്ചാഴികളും ഉണ്ടായിരുന്നു. വൃത്തിയാക്കിയാലും അതിനകത്ത് കഴിഞ്ഞുകൂടുക പ്രയാസകരമാണ്..' കാരി കിഴക്കേമുറിയിലെ ചെളിമൂടിയ 70 ഓളം വീടുകൾ വൃത്തിയാക്കി വാസയോഗ്യമാക്കുന്നതിന് നേതൃത്വം നൽകിയ വിക്ടറി ക്ലബിന്റെ പ്രസിഡന്റ് പി.പി. പവിത്രൻ പറയുന്നു.

വെള്ളം പൊങ്ങി ദുരിതത്തിലായ കാരി, കുറ്റിവയൽ, പതിക്കാൽ, മീൻകടവ്, കണ്ണംകൈ തുടങ്ങിയ പ്രദേശങ്ങളിലെ വീട്ടുകാരും വെള്ളം ഇറങ്ങിയതോടെ സ്വന്തം വീടുകളിലേക്ക് തിരിച്ചെത്തി തുടങ്ങിയിട്ടുണ്ട്. ജില്ലയിലെ ക്യാമ്പുകളിൽ നിന്നും ഇന്നലെ രണ്ടായിരത്തോളം ആളുകൾ വീടുകളിലേക്ക് മാറിയിട്ടുണ്ട്.