കണ്ണൂർ:ഒരു ജീവിത കാലത്തെ അധ്വാനമായിരുന്ന വീട് കൺമുമ്പിൽ തകർന്നു വീണതിന്റെ ഞെട്ടലിലാണ് ഇരിക്കൂർ കേളോട് സ്വദേശികളായ ശാരദയും കുടുംബവും.
വളപ്പട്ടണംപുഴ കരകവിഞ്ഞൊഴുകിയപ്പോൾ അതിൽ ഒലിച്ചുപോയത് ഇവരുടെ കൊച്ചു കൊച്ചു സ്വപ്‌നങ്ങൾ കൂടിയായിരുന്നു. കൂലിപ്പണി ചെയ്തുണ്ടാക്കിയ വീടും മറ്റ് വസ്തുക്കളും വെള്ളം കൊണ്ടുപോയപ്പോൾ ഇനി എന്ത് എന്നുള്ള ചോദ്യത്തിന് കണ്ണീർ മാത്രമാണ് ഈ കുടുംബത്തിന്റെ മറുപടി.
മൺകട്ടകൾ കൊണ്ടുള്ള വീട് വെള്ളത്തിന്റെ ശക്തമായ കുത്തൊഴുക്കിൽ പൂർണമായും തകർന്നു. വാഴ, മഞ്ഞൾ, ചേന ഉൾപ്പെടെയുള്ള കൃഷിയും നശിച്ചു. 63 കാരിയായ ശാരദയും ഭർത്താവ് കുഞ്ഞമ്പുവും നാല് മക്കളും അടങ്ങുന്നതാണ് ഇവരുടെ കുടുംബം. മൂന്ന് പെൺമക്കളെയും വിവാഹം ചെയ്ത് അയച്ചത് ഈ വീട്ടിൽ നിന്നായിരുന്നു. മകൻ ലോറി ഡ്രൈവറാണ്. ശാരദ തൊഴിലുറപ്പ് തൊഴിലാളിയും കുഞ്ഞമ്പു തെങ്ങ് കയറ്റ തൊഴിലാളിയും. ഇതിലൂടെ കിട്ടുന്ന വരുമാനത്തിലൂടെ ഉണ്ടാക്കിയ ചെറിയ സമ്പാദ്യങ്ങളെല്ലാം വെള്ളമെടുത്തു.
മൂന്ന് ദിവസമായി ക്യാമ്പിലായിരുന്ന ഇവർ കഴിഞ്ഞ ദിവസമാണ് മകളുടെ വീട്ടിലേക്ക് തിരിച്ചുവന്നത്. വസ്ത്രങ്ങളും പാത്രങ്ങളും വരെ നഷ്ടപ്പെട്ട ഇവർക്ക് എല്ലാം ഒന്നിൽ നിന്ന് തുടങ്ങേണ്ട അവസ്ഥയാണ്. രാവന്തിയോളം തകർന്ന പുരയ്ക്ക് കാവൽ നിൽക്കുകയും ഒരോ മൂലയും വീണ്ടും വീണ്ടും പരിശോധിക്കുകയും ചെയ്യുന്ന ഇവർ നാട്ടുകാർക്കും കണ്ണീർ കാഴ്ചയാണ്.
തകർന്ന വീടിന് സമീപം നിൽക്കുന്ന ശാരദ