നീലേശ്വരം: നഗരസഭാ പരിധിയിൽ വെള്ളപ്പൊക്കത്തിൽ വീടുകളിലും സ്ഥാപനങ്ങളിലും സൂക്ഷിച്ചിരുന്ന കേടുപാടുകൾ സംഭവിച്ചതും ചീത്തയായതുമായ ആധാരം, റേഷൻ കാർഡ്, ആധാർ കാർഡ്, വിദ്യാർത്ഥികളുടെ മാർക്ക് ലിസ്റ്റുകൾ, സർട്ടിഫിക്കറ്റുകൾ തുടങ്ങിയ രേഖകളുടെ കേടുപാടുകൾ നീക്കി സംരക്ഷിക്കുന്നതിനുള്ള നടപടിയായി.

തൃപ്പൂണിത്തുറ ആസ്ഥാനമായുള്ള പൈതൃക പഠനകേന്ദ്രത്തിന്റെ സാങ്കേതിക സഹായത്തോടുകൂടിയാണ് ഈ സംരംഭം നഗരസഭ നടപ്പിലാക്കുന്നത്. പൈതൃക പഠനകേന്ദ്രത്തിലെ വിദഗ്ധസംഘം നീലേശ്വരത്തുവന്ന്‌ രേഖകളുടെ കേടുപാടുകൾ പരിഹരിച്ചു നൽകുന്നതാണ്. ഇതുസംബന്ധിച്ച് നഗരസഭാ ചെയർമാൻ പ്രൊഫ: കെ.പി. ജയരാജൻ പൈതൃക പഠനകേന്ദ്രത്തിലെ ഉന്നത അധികാരികളുമായി ചർച്ച നടത്തി നടപടികൾ പൂർത്തിയാക്കി.
ഇതോടൊപ്പം നഗരസഭാ പരിധിയിൽ സ്‌കൂൾ-കോളജ് വിദ്യാർത്ഥികളുടെ നഷ്ടപ്പെട്ടുപോയ നോട്ടുബുക്കുകൾക്ക് പകരം പുതിയ നോട്ടുബുക്കുകൾ നൽകാൻ നഗരസഭ തീരുമാനിച്ചിട്ടുണ്ട്.


മേഖല സമ്മേളനം 18ന്

കാഞ്ഞങ്ങാട്: കേരള പ്രിന്റേഴ്‌സ് അസോസിയേഷൻ കാഞ്ഞങ്ങാട് മേഖല സമ്മേളനം 18ന് ഉച്ചയ്ക്ക് 2.30ന് കാഞ്ഞങ്ങാട് ഗസ്റ്റ് ഹൗസിൽ നടക്കും. കെ.പി.എ ജില്ലാ കമ്മിറ്റി പ്രസിഡന്റ് എൻ. കേളു നമ്പ്യാർ ഉദ്ഘാടനം ചെയ്യും. കെ.പി.എ സംസ്ഥാന സെക്രട്ടറി കെ. വിനയരാജ്, എ.എഫ്.എം.പി.എ ദേശീയ കൗൺസിൽ അംഗം സിബി കൊടിയംകുന്നേൽ എന്നിവർ മുഖ്യാതിഥികളാകും.

10 ക്വിന്റൽ അരി നൽകി

കാഞ്ഞങ്ങാട്: കാലവർഷക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാനായി കോട്ടച്ചേരി സർവീസ് സഹകരണ ബാങ്ക് 10 ക്വിന്റൽ അരി നൽകി. ജില്ലയിലെ ദുരിതാശ്വാസശേഖരണ യൂണിറ്റായ പടന്നക്കാട് കാർഷിക ഗവേഷണകേന്ദ്രത്തിലാണ് അരി എത്തിച്ചത്. ബാങ്ക് പ്രസിഡന്റ് കെ.വി വിശ്വനാഥനും സെക്രട്ടറി പി. വനജാക്ഷിയും ചേർന്ന് അരി കൈമാറി. വൈസ് പ്രസിഡന്റ് പി. പത്മനാഭൻ, കെ.വി വിശ്വനാഥൻ, ഭരണസമിതി അംഗങ്ങൾ, ജീവനക്കാർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

ദുരിതബാധിതരെ സഹായിക്കുന്നതിനായി കോട്ടച്ചേരി സർവീസ് സഹകരണ ബാങ്ക് 10 ക്വിന്റൽ അരി ബാങ്ക് പ്രസിഡന്റ് കെ.വി വിശ്വനാഥൻ നൽകുന്നു.

പെൻഷൻ 3000 രൂപ ആക്കണം: നിർമാണ തൊഴിലാളി യൂണിയൻ

കാഞ്ഞങ്ങാട്: നിർമാണ തൊഴിലാളി പെൻഷൻ 3000 രൂപ ആയി വർധിപ്പിക്കണമെന്ന് നിർമാണ തൊഴിലാളി യൂണിയൻ മേഖലാ സമ്മേളനം ആവശ്യപ്പെട്ടു. പ്രളയ ദുരിതം അനുഭവിക്കുന്നവരെ സഹായിക്കുന്നതിന് മുഴുവൻ തൊഴിലാളികളും രംഗത്തിറങ്ങണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. സി.ഐ.ടി.യു ജില്ലാ സെക്രട്ടറി എം. രാമൻ ഉദ്ഘാടനം ചെയ്തു.

കോടാട്ട് കൃഷ്ണൻ അധ്യക്ഷത വഹിച്ചു. ബല്ലാരാജൻ, സി.വി. കൃഷ്ണൻ, വി.ആർ. ഗംഗധധരൻ, കെ.വി. രാഘവൻ, എം. ബാലകൃഷ്ണൻ, പി. ദാമോദരൻ, എൻ. ഗോപി, ബല്ലബാബു, എൻ. ശോഭ എന്നിവർ സംസാരിച്ചു.

നിർമാണ തൊഴിലാളി യൂണിയൻ മേഖലാ സമ്മേളനം സി.ഐ.ടി.യു ജില്ലാ സെക്രട്ടറി എം. രാമൻ ഉദ്ഘാടനം ചെയ്യുന്നു