പട്ടുവം: കാർഷികമേഖലയിലും കച്ചവടസ്ഥാപനങ്ങളിലും വൻനാശം വരുത്തിയ തമ്പടിച്ച വെള്ളം പട്ടുവം,ഏഴോം പ്രദേശങ്ങളിൽ നിന്ന് പിൻവാങ്ങി.ഇരുപ്രദേശങ്ങളിലും ബസ് സർവീസ് പുനരാരംഭിച്ചു. താഴ്ന്ന പ്രദേശങ്ങളിൽ നിന്ന് ജനം ഒഴിഞ്ഞുപോയതിനാൽ പട്ടുവത്ത് കാര്യമായ നാശനഷ്ടങ്ങൾ ഉണ്ടായില്ലെങ്കിലും തൊട്ടടുത്ത കോട്ടക്കീൽ കവലയിൽ വൻനാശം തന്നെയുണ്ടായി.
വി.വി.കെ.അവിൽമില്ലിൽ സൂക്ഷിച്ച 60ടൺ നെല്ല് നശിച്ചുപോയി. ഒഡിഷ,പാലക്കാട്, വയനാട് എന്നിവിടങ്ങളിൽ നിന്നെത്തിച്ചതായിരുന്നു നെല്ല്. മില്ലിനകത്ത് നാലുദിവസത്തോളം അഞ്ചടി ഉയരത്തിൽ വെള്ളം തങ്ങിനിന്നിരുന്നു.ഏകദേശം ഇരുപത് ലക്ഷത്തിന്റെ നഷ്ടം ഇതുവഴിയുണ്ടാകുമെന്ന് മില്ലുടമ പറഞ്ഞു.ഇതിന് പുറമെ ഇടിച്ചുതയ്യാറാക്കിയ അവിൽ, അവിൽപൊരി, തടിവ് എന്നിവയും നശിച്ചു. അവിൽ ,തവിട് എന്നിവ നശിച്ചതിന്റെ നഷ്ടം മാത്രം മൂന്ന് ലക്ഷത്തോളം വരുമെന്ന് ഉടമ പറഞ്ഞു.മുപ്പതോളം പേർ ജോലി ചെയ്യുന്ന മില്ലാണിത്. ശബരിമലയിലേക്കടക്കം അവിൽ എത്തിക്കുന്ന സ്ഥാപനമാണിത്.
ഇലക്ട്രോണിക് ഉപകരണങ്ങളും യന്ത്രങ്ങളും നശിച്ചതിന്റെ നഷ്ടം വേറെയാണ്. ദുർഗന്ധം വമിക്കുന്ന നെല്ല് എങ്ങനെ നശിപ്പിക്കുമെന്നതാണ് മറ്റൊരു വിഷയം.
ജില്ലയിൽ കൈപ്പാട് കൃഷി നടക്കുന്ന പ്രധാന പഞ്ചായത്താണ് ഏഴോം. കണ്ണോം ,കോട്ടക്കീൽ, എന്നിവിടങ്ങളിലെല്ലാം കൈപ്പാട് കൃഷി ഇറക്കിയിരുന്നു.എന്നാൽ കൈപ്പാടുകളിൽ നിന്ന് ഞാറ് ഒലിച്ചുപോയ അവസ്ഥയാണ്.