കാസർകോട്: പേമാരി തകർത്തെറിഞ്ഞ സഹജീവികൾക്കുവേണ്ടിയായിരുന്നു മറിയുമ്മയുടെ ഈ വർഷത്തെ പെരുന്നാളാഘോഷം. നാട്ടുകാരും പ്രിയപ്പെട്ടവരും ദുരിതം അനുഭവിക്കുമ്പോൾ തന്നാലാകുന്ന വിധം സഹായമേവുകയാണ് മറിയുമ്മ. ബലിപെരുന്നാളിന് മക്കളും മരുമക്കളും നാട്ടുകാരും നല്കിയ വസ്ത്രങ്ങളും സാധനങ്ങളും നടക്കാവിലെ 77 കാരി കെ.കെ. മറിയുമ്മ പടന്നക്കാട് കാർഷിക കോളേജിലെ പ്രളയദുരിതാശ്വാസ കളക്ഷൻ സെന്ററിലെത്തി കൈമാറി.
20 കിലോ അരി, വെളിച്ചെണ്ണ, ചായപ്പൊടി ,വസ്ത്രങ്ങൾ എന്നിവയാണ് മറിയുമ്മ കളക്ഷൻ സെന്ററിൽ എത്തിച്ചത്. ഹൃദ്‌രോഗിയായ മകൻ അമീറിനോടൊപ്പം നടക്കാവിൽ സർക്കാർ നൽകിയ നാല് സെന്റ് ഭൂമിയിൽ പണിത ചെറിയ വീട്ടിലാണ് മറിയുമ്മയുടെ താമസം. ഭർത്താവ് അബ്ദുൾ ഖാദർ മരിച്ചിട്ട് 50 വർഷമായി. ആറു മക്കളുണ്ടായിരുന്നു. 3 മക്കൾ മാത്രമേ ജീവിച്ചിരിപ്പൂള്ളൂ . മകൾ കല്യാണം കഴിച്ച് ഭർത്താവിനൊപ്പം താമസിക്കുന്നു. കടല വിറ്റ് ജീവിച്ചിരുന്ന മകന് രോഗം കാരണം ഒരു മാസത്തോളമായി ജോലിക്ക് പോകാൻ പറ്റുന്നില്ല. ഇവർക്ക് പള്ളിക്കാരും കുടുംബക്കാരും സ്‌നേഹമുളളവരും ദാനമായി നൽകുന്ന പണവും സാധനങ്ങളുമാണ് ജീവിക്കാനുള്ള ആശ്രയം. പ്രളയബാധിതരുടെ ദുരിതക്കാഴ്ചകൾ മറിയുമ്മയെ സങ്കടപ്പെടുത്തിയത് കുറച്ചൊന്നുമല്ലായിരുന്നു. ഇതേത്തുടർന്നാണ് ഈ വർഷത്തെ പെരുന്നാളിന് ലഭിച്ച സാധനങ്ങൾ ദുരിതബാധിതർക്ക് നൽകാൻ കൈമാറിയത്. എനിക്കുള്ളത് ദൈവം തരും എന്നാണ് മറിയുമ്മ പറയുന്നത്. മറ്റുള്ളവരെ സഹായിക്കാനുള്ള മനസ്സ് മനുഷ്യനുണ്ടായിരിക്കണമെന്നാണ് മറിയുമ്മയ്ക്ക് സമൂഹത്തിനോട് പറയുന്നത്.
പടം......മറിയുമ്മ പടന്നക്കാട് കാർഷിക കോളേജിലെ പ്രളയദുരിതാശ്വാസ കളക്ഷൻ സെന്ററിലെത്തി സാധനങ്ങൾ കൈമാറുന്നു.