കണ്ണൂർ:ശക്തമായ മഴയെത്തുടർന്ന് വെള്ളം കയറിയും മറ്റും ഭാഗികമായി തകർന്ന വീടുകൾ വാസയോഗ്യമാക്കുന്നതിനും മാലിന്യങ്ങൾ അതിവേഗം സംസ്‌ക്കരിച്ച് പകർച്ച വ്യാധി സാധ്യത തടയുന്നതിനും അടിയന്തര പ്രാധാന്യം നൽകണമെന്ന് വ്യവസായ വകുപ്പ് മന്ത്രി ഇ പി ജയരാജൻ പറഞ്ഞു. ജില്ലയിലെ പ്രളയ ദുരിതാശ്വാസപുനരധിവാസ പ്രവർത്തനങ്ങളുടെ അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അപകടകരമായ രീതിയിൽ നിൽക്കുന്ന മരങ്ങൾ മുറിച്ചുമാറ്റാനും ജലമൊഴുക്ക് തടസ്സപ്പെടുത്തുന്ന വിധം പുഴകളിലും മറ്റും അടിഞ്ഞുകൂടിയ മണലും മരങ്ങളും നീക്കം ചെയ്യാനും ബന്ധപ്പെട്ടവർക്ക് ജില്ലാകളക്ടർ ടി .വി. സുഭാഷ് അടിയന്തര നിർദ്ദേശം നൽകി. മഴക്കെടുതിയെ തുടർന്നുണ്ടായ നാശനഷ്ടങ്ങളുടെ കണക്കെടുപ്പ് എത്രയും വേഗം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കണം.
മഴക്കെടുതിയിലുണ്ടായ നാശനഷ്ടങ്ങളുടെ പ്രാഥമിക കണക്കെടുപ്പും യോഗത്തിൽ നടത്തി.
ജില്ലാ കളക്ടറുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ്, എ.ഡി.എം ഇ .പി. മേഴ്‌സി, ഡി.എം ഡെപ്യൂട്ടി കളക്ടർ എൻ.കെ. അബ്രഹാം, വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവരും സംബന്ധിച്ചു.

ജില്ലയിൽ പലയിടങ്ങളും ഉരുൾപൊട്ടൽ ഭീഷണിയിലാണ്. ചിലയിടങ്ങളിൽ കിണറുകൾ താഴ്ന്നുപോകുന്നതായും കണ്ടുവരുന്നുണ്ട്. ഇത്തരം പ്രദേശങ്ങളിലെ ഭൂപ്രകൃതിയെ കുറിച്ച് വിദഗ്ധ പഠനം നടത്തി റിപ്പോർട്ട് നൽകാൻ ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകി. ക്യാമ്പുകളിൽ കഴിഞ്ഞവർക്കും ബന്ധുവീടുകളിലും മറ്റും മാറിത്താമസിച്ചവർക്കും അത്യാവശ്യ സാധനങ്ങളടങ്ങിയ കിറ്റുകൾ വിതരണം ചെയ്തുവരികയാണ്​- മന്തി ഇ.പി

തീരുമാനങ്ങൾ

ബാക്കി വീടുകൾ രണ്ടുദിവസത്തിനകം ശുചീകരിക്കും

വീടുകൾ പൂർണമായി നഷ്ടമായവർക്കും വാസയോഗ്യമല്ലാതായവർക്കും ഫ്‌ളാറ്റുകളിലോ കെട്ടിടങ്ങളിലോ താൽക്കാലിക സംവിധാനം

മഴക്കെടുതിയിൽ ജീവൻ നഷ്ടമായവരുടെ ബന്ധുക്കൾക്കും വീടുകൾ, കടകൾ, കൃഷി, വളർത്തുമൃഗങ്ങൾ തുടങ്ങിയവ നഷ്ടമായവർക്കും നഷ്ടപരിഹാരം

പൂർണമായും തകർന്ന റോഡുകൾ താൽക്കാലികമായി ഗതാഗത യോഗ്യമാക്കാൻ സംവിധാനം

പാലങ്ങൾ തകർന്ന സ്ഥലങ്ങളിൽ താൽക്കാലിക പാലങ്ങൾ നിർമ്മിക്കണം.

പ്രളയബാധിത സ്‌കൂളുകളുടെ ഫിറ്റ്‌നസ് പരിശോധിക്കണം.

പ്രളയത്തിൽ നഷ്ടമായ രേഖകൾ ലഭ്യമാക്കുന്നതിന് താലൂക്ക്തല അദാലത്തുകൾ

മഴക്കെടുതിയിലകപ്പെട്ട ആദിവാസി ജനവിഭാഗങ്ങളുടെ സുരക്ഷയ്ക്ക് പ്രത്യേക പരിഗണന

കേടുവന്ന ഇലക്ട്രോണിക് ഉപകരണങ്ങളുടെ കേടുപാടുകൾ തീർക്കുന്നതിന് പ്രത്യേക ടീം

വീടുകളിലെയും കടകളിലെയും ചെളിയും മറ്റും നീക്കം ചെയ്യുന്നതിന് തദ്ദേശ സ്ഥാപനം സംവിധാനം ഏർപ്പെടുത്തണം. പകർച്ചവ്യാധികൾക്കുള്ള സാദ്ധ്യത കണക്കിലെടുത്ത് ജാഗ്രത പുലർത്തണം

പ്രളയബാധിത പ്രദേശത്തെ കിണറുകൾ മാലിന്യമുക്തമാക്കണം

അതു കുടിവെള്ള വിതരണ സംവിധാനമൊരുക്കും.