knee-pain

നമ്മുടെ ശരീരത്തിലെ വലിയ സന്ധികളിലൊന്നായ കാൽമുട്ടിലുണ്ടാകുന്ന വേദന നിത്യജീവിതത്തെ അലട്ടുന്ന ഒരു പ്രശ്‌നം തന്നെയാണ്. ശരീരത്തിന്റെ മുഴുവൻ ഭാരവും ചുമക്കുന്ന കാൽമുട്ടുകളിൽ നടക്കുമ്പോഴും ഓടുമ്പോഴും പടികയറുമ്പോഴുമെല്ലാം പലമടങ്ങായി കൂടുതൽ ഭാരമെത്തും. ഇതൊക്കെ തരണംചെയ്താണ് കാൽമുട്ടിന്റെ പ്രവർത്തനം. തുടയെല്ലും കണങ്കാലിലെ അസ്ഥികളും തമ്മിൽ സന്ധിക്കുന്ന കാൽമുട്ട് അതിസങ്കീർണമായ വിധത്തിലാണ് കിടക്കുന്നത്. ജാനു സന്ധിയെന്നാണ് ആയുർവേദം കാൽമുട്ടുകളെ പറയുന്നത്.

തരുണാസ്ഥികൾ, സ്‌നായുക്കൾ, ചലനവള്ളികൾ അഥവ ലിഗ്മെന്റ്‌സ്, ദ്രാവകം നിറഞ്ഞ അറകൾ ഇവയൊക്കെ കാൽമുട്ടിൽ ഒത്തുചേരുന്നു. സന്ധി രൂപപ്പെടുന്ന ഭാഗത്തെ എല്ലുകളുടെ അഗ്രത്തെ മൂടിയിരിക്കുന്ന മൃദുവായ ഉപാസ്ഥിയാണ് തരുണാസ്ഥി. ചലിക്കുമ്പോൾ അസ്ഥികൾ തമ്മിലുള്ള ഘർഷണം ഒഴിവാക്കാൻ സഹായിക്കുന്നത് തരുണാസ്ഥിയാണ്.

മുട്ടിന് തേയ്മാനം സംഭവിച്ച് വേദനയും നീരും അനുഭവപ്പെടുന്ന സന്ധിവാതം അഥവ ഓസ്റ്റിയോ ആർത്രൈറ്റിസാണ് മുട്ടുവേദനക്കിടയാക്കുന്ന പ്രധാന കാരണം. പ്രായമാകുമ്പോൾ മിക്കവരിലും സ്വാഭാവികമായിത്തന്നെ സന്ധിവാതം കാണുന്നു. എന്നാൽ, വ്യായാമക്കുറവുള്ളവരിലും അമിതഭാരമുള്ളവരിലും സന്ധിവാതം നേരത്തെ എത്തുന്നു.

മുട്ടിനുണ്ടാകുന്ന പരിക്കുകളും ഘടനാപരമായ വൈകല്യങ്ങളും മുട്ടുവേദനയുണ്ടാക്കാറുണ്ട്. കായികതാരങ്ങളിൽ പരിക്കിനുള്ള സാദ്ധ്യതയേറെയാണ്. ചിരട്ട തെന്നിപ്പോകുന്നത് കടുത്ത മുട്ടുവേദനയ്ക്കിടയാക്കാറുണ്ട്. വാതപ്പനി, ആമവാതം, യൂറിക് ആസിഡ് കൂടുന്നത് മൂലമുള്ള ഗൗട്ട്, സോറിയാസിസ് എന്ന ചർമ്മരോഗവുമായി ബന്ധപ്പെട്ട സോറിയാറ്റിക് ആർത്രൈറ്റിസ്, അണുബാധയ്ക്കുശേഷമുണ്ടാകുന്ന റിയാക്ടീവ് ആർത്രൈറ്റിസ് തുടങ്ങിയ രോഗങ്ങളും മുട്ടുവേദനയുണ്ടാക്കുന്നു.

തൊഴിലുമായി ബന്ധപ്പെട്ട് പടികയറുക, ഇരിക്കുകയും നിൽക്കുകയും ചെയ്യുക, ഭാരം എടുക്കുക, കൂടുതൽ നടക്കുക എന്നിവയൊക്കെ മുട്ടുവേദനയുണ്ടാക്കുന്നതാണ്. സ്ത്രീകളിൽ ആർത്തവ വിരാമത്തോടനുബന്ധിച്ചുള്ള അസ്ഥിക്ഷയവും മുട്ടുവേദനയുണ്ടാക്കും. സന്ധികളുടെ പ്രവർത്തനം മെച്ചപ്പെടുത്തുക, പേശീബലം വർദ്ധിപ്പിക്കുക, മുട്ടിനുള്ള ക്ഷതങ്ങൾ പരിഹരിക്കുക ഇങ്ങനെയാണ് ചികിത്സ വേണ്ടത്. ഭക്ഷണത്തിലും ജീവിതശൈലിയിലും മാറ്റംവരുത്തേണ്ടതുണ്ട്. കൂടാതെ ആവശ്യത്തിനുള്ള വ്യായാമം ശീലമാക്കണം.

ഡോ. അമൃത കെ.പി

ബി.എ.എം.എസ്,

വി.എം ഹോസ്പിറ്റൽ,

ഗവ. ആശുപത്രിക്ക് എതിർവശം,

മട്ടന്നൂർ

9207966000