ചെറുവത്തൂർ: ട്രോളിംഗ് നിരോധനം നീങ്ങിയെങ്കിലും മടക്കര തുറമുഖം കേന്ദ്രീകരിച്ച് മത്സ്യബന്ധനം നടത്തുന്ന ബോട്ടുകൾക്ക് കടലിൽ പോകാൻ കഴിയാത്തത് തീരപ്രദേശത്തെ വറുതിയിലാക്കുന്നു.
കനത്തമഴയെ തുടർന്ന് ഒഴുകിയെത്തിയ മണൽ മടക്കര മത്സ്യബന്ധന തുറമുഖത്തെ ബോട്ട് ചാനലിൽ അടിഞ്ഞതാണ് ബോട്ടുകളുടെ കടലിലേക്കും തിരിച്ചുള്ള സർവ്വീസിന് വിഘാതമാകുന്നത്.
ഇന്നലെ കടലിൽ പോയ തൈകടപ്പുറത്തെ വി. മുഹമ്മദ് കുഞ്ഞിയുടെ അൽഅമീൻ എന്ന ബോട്ട് മണൽതിട്ടയിൽ തട്ടി നിന്നത് ഏറെ പണിപ്പെട്ടാണ് കരയ്ക്കെത്തിച്ചത്. ഇതേ തുടർന്ന് മറ്റു ബോട്ടുകളൊന്നും ഇന്നലെ കടലിൽ പോകാൻ തയ്യാറായില്ല.
നിലവിൽ പൂഴി നിറഞ്ഞ രണ്ടു ചാനലും ബോട്ടുകളുടെ സർവ്വീസിന് കനത്ത ഭീഷണി ഉയർത്തുകയാണ്. കടലിൽ ചാകര പ്രത്യക്ഷപ്പെടുന്ന വർഷ കാലത്ത് ജോലി ചെയ്യാൻ കഴിയാതെ കരയിൽ കിടക്കേണ്ടി വരുന്നത് ദുരിതമായി മാറിയെന്ന് തൊഴിലാളികൾ പരിതപിക്കുന്നു.
എന്നാൽ അടിഞ്ഞ പൂഴി നീക്കാൻ വർക് അറേഞ്ച് പ്രകാരം ക്വട്ടേഷൻ നടപടികൾ ആരംഭിച്ചിട്ടുണ്ടെന്നാണ് എൻജിനീറിംഗ് ഓഫീസിൽ നിന്നുള്ള വിവരം.
ട്രോളിംഗ് നിരോധനം നീങ്ങി ബോട്ടുകൾ കടലിലേക്ക് പോകാൻ തുടങ്ങിയതോടെ ബോട്ട് ചാനലിൽ അടിഞ്ഞുകൂടിയ മണൽ ആയിരക്കണക്കിന് മത്സ്യതൊഴിലാളികളുടെ കഞ്ഞികുടി മുട്ടിക്കുന്ന സ്ഥിതിയാണ് ഉണ്ടാക്കിയിട്ടുള്ളത്. എത്രയും വേഗം മണൽ നീക്കം ചെയ്യാനുള്ള നടപടികൾ സ്വീകരിക്കാൻ ബന്ധപ്പെട്ടവർ തയ്യാറാവണം
മത്സ്യബന്ധന ബോട്ട് ഓണേർസ് അസോസിയേഷൻ ഭാരവാഹികൾ
പുതിയ ബോട്ടുചാനൽ പൂർത്തിയായില്ല
കാലങ്ങളായി ഉപയോഗിച്ചുകൊണ്ടിരുന്ന ബോട്ട് ചാനൽ വേണ്ടത്ര ആഴം ഇല്ലാത്തത് മൂലമുള്ള ബുദ്ധിമുട്ട് ഒഴിവാക്കാനാണ്
3.69 കോടി ചെലവിൽ കഴിഞ്ഞ വർഷം 560 മീറ്റർ നീളത്തിൽ പുതിയ ചാനൽ നിർമ്മിച്ചത്. എന്നാൽ ഈ ചാനൽ
ഇതുവരെ ഉപയോഗിക്കാൻ കഴിഞ്ഞില്ല. ഇവിടെ 80 മീറ്റർ നീളത്തിൽ ഇനിയും ചാനൽ പൂർത്തിയാക്കേണ്ടതുണ്ടെന്ന് ഹാർബർ എൻജിനീയറിംഗ് അധികൃതർ പറയുന്നു. ചാനലിന് മൈനസ് 2 സി.ഡി ആഴമാണുള്ളത്. ഇത് മൈനസ് 3.05 ആക്കണം. ഇതിനുള്ള നടപടിക്രമങ്ങളും ആരംഭിച്ചിട്ടുണ്ട്.
മണൽതിട്ടയിൽ പൂണ്ടു കിടന്ന അൽഅമീൻ എന്ന മത്സ്യ ബന്ധന ബോട്ട്.