manjima

കാസർകോട്: പ്രളയത്തിൽ എല്ലാം നഷ്ടമായവരുടെ കണ്ണീരൊപ്പാൻ ചിത്രങ്ങൾ വരച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം സ്വരൂപിക്കുകയാണ് കുറ്റിക്കോൽ കാഞ്ഞിരടുക്കത്തെ എസ്.എം. മഞ്ജിമ. പി.ജി വിദ്യാർത്ഥിയായ ചിത്രകാരിയുടെ ഫേസ്ബുക്ക് പോസ്റ്റ് സുമനസ്സുകൾ ഏറ്റെടുത്തപ്പോൾ ചിത്രങ്ങൾക്കു ലഭിച്ചത് 35,113 രൂപയുടെ സ്ക്രീൻ ഷോട്ട് ഓഫറുകൾ. ഓഫർ നൽകിയ 50 പേർക്ക് ചിത്രം വരച്ചുനൽകാനുള്ള ദൗത്യം കോളേജ് തുറന്ന് ഹോസ്റ്റലിൽ എത്തിയാലുടൻ തുടങ്ങാനിരിക്കുകയാണ് മഞ്ജിമ.

അതിജീവനം എന്ന പേരിൽ മഞ്ജിമയുടെ ഫേസ് ബുക്ക് പോസ്റ്റ് ഇങ്ങനെ...'കലാകാരന്മാർ തീർച്ചയായും വേദന അനുഭവിക്കേണ്ടവരാണ്. അതുകൊണ്ടാണ് പെയിന്റർ എന്നു പറയുന്നത്. പെർഫെക്റ്റ് ആയല്ലെങ്കിലും ആകെ അറിയാവുന്ന പണി വരയാണ്. ഇതുപോലെ കുഞ്ഞു കുഞ്ഞു ചിത്രങ്ങൾ വരച്ചുതരാം. കുറഞ്ഞത് 100 രൂപ മതി. പൈസ ദുരിതാശ്വാസ നിധിയിലേക്ക് ട്രാൻസ്ഫർ ചെയ്ത സ്‌ക്രീൻഷോട്ടും അഡ്രസ്സും തന്നാ മതി...'

ഒരു ചിത്രത്തിന് പ്രതിഫലമായി ചോദിച്ചത് ബാങ്കിൽ 100 രൂപ അടച്ചതിന്റെ സ്ക്രീൻഷോട്ട് ആയിരുന്നെങ്കിലും പലരും 1000 മുതൽ 5000 രൂപ വരെ അടച്ചതിന്റെ സ്ക്രീൻഷോട്ട് ആണ് അയച്ചുകൊടുത്തത്. ഓഫർ പ്രകാരം ചിത്രങ്ങൾ വരച്ചു നല്കാൻ സമയം കിട്ടിയില്ലെങ്കിലോ എന്നു കരുതിയാണ് നിർത്തുന്നതെന്ന് മഞ്ജിമ പറയുന്നു. ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാല പയ്യന്നൂർ കാമ്പസിലെ മലയാളം ബിരുദാനന്തര ബിരുദ വിദ്യാർത്ഥിനിയാണ് മഞ്ജിമ. അച്ഛൻ മാധവനും അമ്മ ശാരദയും.