iran-ship

കാസർകോട്: ബ്രിട്ടൻ പിടിച്ചെടുത്ത ഇറാനിയൻ കപ്പലിലെ മൂന്നു മലയാളികൾ ഉൾപ്പെടെ മുഴുവൻ ഇന്ത്യക്കാരും ഉടൻ നാട്ടിലേക്കു മടങ്ങും.കപ്പലിലുണ്ടായിരുന്ന 24 ജീവനക്കാരെയും മോചിപ്പിച്ചതായി വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ ട്വിറ്ററിൽ അറിയിച്ചു.

മോചിതരായ ജീവനക്കാർക്കു പകരം ജോലിക്കാർ കപ്പലിൽ എത്തിാലുടൻ നാട്ടിലേക്ക് മടങ്ങുമെന്ന് ഗ്രേസ് വൺ കപ്പലിലെ ജീവനക്കാരനായ ഉദുമ സ്വദേശി പ്രജിത്ത് പുരുഷോത്തമൻ വീട്ടുകാരോട് ഫോണിൽ പറഞ്ഞു. മുഴുവൻ ജീവനക്കാരെയും ഒരുമിച്ച് പുറത്തുവിടുകയില്ലെന്നും,​ ഒന്നോ രണ്ടോ സംഘങ്ങളായിട്ടായിരിക്കും കപ്പലിൽ നിന്ന് ഇറക്കുകയെന്നും പ്രജിത് അറിയിച്ചതായി വീട്ടുകാർ പറ‌ഞ്ഞു. ഇക്കാര്യം വ്യക്തമാകാൻ മൂന്നു ദിവസമെടുക്കുമെന്നും ഇന്നലെ ഉച്ച കഴിഞ്ഞ് മൂന്നു മണിയോടെ വീട്ടിലേക്കു വിളിച്ച പ്രജിത്ത് അറിയിച്ചു.

ഇറാന്റെ എണ്ണക്കപ്പലായ ഗ്രേസ് വൺ ജൂലായ് നാലിനാണ് ബ്രിട്ടീഷ് നാവിക സേന പിടിച്ചെടുത്തത്. യൂറോപ്യൻ യൂണിയന്റെ ഉപരോധം ലംഘിച്ച്‌ സിറിയയിലേക്ക് എണ്ണ കടത്തിയെന്നാരോപിച്ചാണ് ജിബ്രാൾട്ടർ കടലിടുക്കിൽ വച്ച് കപ്പലൽ പിടികൂടിയത്. ഇതിനു തിരിച്ചടിയെന്നോണം ബ്രിട്ടീഷ് കപ്പൽ ഇറാനും പിടിച്ചെടുത്തു. ഗ്രേസ് വൺ വിട്ടുനല്‍കുന്നതോടെ ഇറാന്റെ കസ്റ്റഡിയിലുള്ള ബ്രിട്ടീഷ് കപ്പലായ സ്റ്റെന ഇംപറോ വിട്ടുനല്‍കാനും സാധ്യത തെളിയുകയാണ്.

ഒരു മാസത്തിനു ശേഷം ജീവനക്കാരെ മോചിപ്പിക്കാൻ സാധ്യതയുണ്ടെന്ന് പ്രജിത് നേരത്തേ വീട്ടുകാരെ അറിയിച്ചിരുന്നു. അത് യാഥാർത്ഥ്യമായതിന്റെ ആഹ്ലാദം പങ്കുവയ്ക്കുകയാണ് അച്ഛൻ പുരുഷോത്തമനും അമ്മ പി.കെ. ശ്രീജയും ബന്ധുക്കളും. 'ഏതായാലും വിട്ടയയ്ക്കാൻ തീരുമാനിച്ചല്ലോ- ദൈവം സഹായിച്ചു. വളരെ സന്തോഷം തോന്നുന്നു.'- ബാങ്ക് ഒഫ് ബറോഡ കാസർകോട് ശാഖയിൽ നിന്ന് മാനേജർ ആയി വിരമിച്ച പുരുഷോത്തമൻ പറഞ്ഞു. മലപ്പുറം വണ്ടൂർ സ്വദേശി അജ്മൽ,​ ഗുരുവായൂർ സ്വദേശി രജിൻ എന്നിവരാണ് കപ്പലിലുള്ള മറ്റു മലയാളികൾ.