കോൺഗ്രസ് വിമതൻ പി.കെ.രാഗേഷിന്റെ വോട്ട് വീണ്ടും യു.ഡി.എഫിന്
കണ്ണൂർ: കണ്ണൂർ കോർപറേഷൻ ഭരണം വീണ്ടും യു.ഡി.എഫിന്റെ കൈപ്പിടിയിലായി. സി.പി.എം മേയർക്കെതിരെ ഇന്നലെ യു.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസം വോട്ടിനിട്ട് പാസായി. കോൺഗ്രസ് വിമതനായി മത്സരിച്ച എൽ.ഡി.എഫിലെ ഡെപ്യൂട്ടി മേയർ പി.കെ.രാഗേഷിന്റെ ഒരു വോട്ട് ഭൂരിപക്ഷത്തിനാണ് നാല് വർഷമായി തുടരുന്ന എൽ.ഡി.എഫ് ഭരണം അവസാനിച്ചത്.
ഇന്നലെ രാവിലെ നടന്ന വോട്ടെടുപ്പിൽ, 55 അംഗങ്ങളുള്ള കോർപറേഷൻ ഭരണസമിതിയിൽ 26നെതിരെ 28 വോട്ട് നേടിയാണ് യു.ഡി.എഫ് ഭരണം പിടിച്ചത്. എടക്കാട് വാർഡിലെ കൗൺസിലർ കുട്ടികൃഷ്ണൻ കഴിഞ്ഞയാഴ്ച മരണമടഞ്ഞതോടെയാണ് 27 അംഗങ്ങളുണ്ടായിരുന്ന എൽ.ഡി.എഫിന്റെ വോട്ട് 26 ആയി കുറഞ്ഞത്.
കനത്ത പൊലീസ് സുരക്ഷയിലാണ് വോട്ടെടുപ്പ് നടന്നത്. കോൺഗ്രസ്, ലീഗ് അംഗങ്ങളെ കഴിഞ്ഞ ദിവസം രാത്രി രഹസ്യകേന്ദ്രത്തിൽ പാർപ്പിച്ച ശേഷം പുലർച്ചെ നാല് മണിയോടെയാണ് കോർപറേഷൻ ഓഫീസിലെത്തിച്ചത്. രാവിലെ ഒമ്പതു മണിയോടെ യോഗ നടപടികൾ തുടങ്ങി. അദ്ധ്യക്ഷനായ വരണാധികാരി ജില്ലാ കളക്ടർ ടി.വി. സുഭാഷ് പ്രമേയം വായിച്ചു. തുടർന്ന് അംഗങ്ങൾ ചർച്ചയിൽ പങ്കെടുത്തു. കോൺഗ്രസ് കൗൺസിൽ പാർട്ടി ലീഡർ അഡ്വ. ടി.ഒ. മോഹനനാണ് ചർച്ചയ്‌ക്ക് തുടക്കം കുറിച്ചത്. പ്രതിപക്ഷത്തു നിന്ന് 11 പേരും ഭരണപക്ഷത്തു നിന്ന് ഒമ്പത് പേരും ചർച്ചയിൽ പങ്കെടുത്തു.
നാല് മണിക്കൂർ നീണ്ട ചർച്ചയ്ക്കു ശേഷമായിരുന്നു വോട്ടെടുപ്പ്. യോഗ നടപടി തുടങ്ങുമ്പോൾ തന്നെ പി.കെ. രാഗേഷ് ഡെപ്യൂട്ടി മേയറുടെ കസേരയിൽ നിന്ന് മാറി പ്രതിപക്ഷത്തോടൊപ്പമാണ് ഇരിപ്പുറപ്പിച്ചത്.
സുമാ ബാലകൃഷ്ണൻ
മേയറായേക്കും
കെ.സുധാകരൻ എം.പിയുടെ നേതൃത്വത്തിൽ നടന്ന ചർച്ചയെ തുടർന്നാണ് എൽ.ഡി.എഫിനെ പിന്തുണച്ചിരുന്ന ഡെപ്യൂട്ടി മേയർ പി.കെ. രാഗേഷ് യു.ഡി.എഫ് പാളയത്തിലെത്തിയത്. ഇനിയുള്ള ഒന്നേകാൽ വർഷത്തെ കാലയളവിൽ ആദ്യ ആറ് മാസം കോൺഗ്രസിലെ സുമാ ബാലകൃഷ്ണനും പിന്നീട് മുസ്ലിംലീഗിലെ സി. സീനത്തും മേയറാകണമെന്ന ധാരണ നിലവിലുണ്ട്. പി.കെ. രാഗേഷ് ഡെപ്യൂട്ടി മേയർ സ്ഥാനത്ത് തുടരുമെന്ന് യു.ഡി.എഫ് കേന്ദ്രങ്ങൾ പറഞ്ഞു.