കണ്ണൂർ: ഒളിമ്പിക്സിൽ മെഡൽ നേടിയ ഏകമലയാളിയായ ഒളിമ്പ്യൻ മാനുവൽ ഫ്രെഡറികിനെ തേടിയെത്തിയ ധ്യാൻചന്ദ് പുരസ്കാരം അർഹതയ്ക്കുള്ള അംഗീകാരമായി മാറുകയാണ്. വൈകിയാണെങ്കിലും തന്നെ തേടിയെത്തിയ അംഗീകാരത്തിൽ ആഹ്ളാദമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മുൻ ഒളിമ്പിക് ഹോക്കി മെഡൽ ജേതാവിന് ജീവിതം മുഴുവൻ അവഗണനയുടെ ഗോൾവർഷമായിരുന്നു. വാടകവീട്ടിൽ നിന്നും കഴിഞ്ഞ മാസമാണ് സർക്കാർ നിർമ്മിച്ച വീട്ടിലേക്ക് ഫ്രെഡറിക് താമസം മാറുന്നത്. വീടിനു വേണ്ടി ഫ്രെഡറിക് മുട്ടാത്ത വാതിലുകളുണ്ടായിരുന്നില്ല.. ഒരുകാലത്ത് ഇന്ത്യയുടെ ഗോൾവല കാത്ത ഒളിമ്പ്യന്റെ കഥയറിഞ്ഞ് പലരും സഹായിക്കാനെത്തിയെങ്കിലും സ്വന്തമായൊരു വീടെന്നത് അദ്ദേഹത്തിന്റെ വലിയൊരു സ്വപ്നമായിരുന്നു.
കണ്ണൂർ ബർണശ്ശേരി സ്വദേശിയായ മാനുവൽ 1972 ൽ പശ്ചിമ ജർമനിയിലെ മ്യൂണിച്ച് ഒളിമ്പിക്സിലാണ് ഇന്ത്യക്ക് വേണ്ടി ഹോക്കി മത്സരത്തിൽ കളിക്കളത്തിലിറങ്ങിയത്. ബ്രിട്ടൻ, ആസ്ട്രേലിയ, പോളണ്ട്, കെനിയ, ന്യൂസിലൻഡ് തുടങ്ങിയ രാജ്യങ്ങളെ അന്ന് ഇന്ത്യ തറപറ്റിച്ചു. ഇന്ത്യ ഗ്രൂപ്പ് ചാമ്പ്യന്മാരായി. പക്ഷെ, സെമിയിൽ അയൽക്കാരായ പാക്കിസ്ഥാനോടെ പൊരുതിത്തോറ്റു. എങ്കിലും പോളണ്ടിനെ തോൽപ്പിച്ച് ഇന്ത്യ മൂന്നാം സ്ഥാനം കരസ്ഥമാക്കി വെങ്കല മെഡൽ നേടി. ഇന്ത്യൻ സൈന്യത്തിൽ സേവനം ചെയ്യുമ്പോഴാണ് ഹോക്കിയിൽ തിളങ്ങിയത്. നിരവധി ടൂർണമെന്റുകളിൽ പങ്കെടുത്ത് ഗോൾ വലയം കാത്ത് കപ്പുകൾ നേടിക്കൊടുത്തു. ലോകകപ്പ്, ഏഷ്യൻ ഗെയിംസ്, ടെസ്റ്റ് പരമ്പരകൾ രാജ്യന്തര മത്സരങ്ങൾ തുടങ്ങി അന്ന് മാനുവൽ ഇല്ലാതെ ഹോക്കി മത്സരമില്ല എന്ന് തന്നെ പറയാം.