കാസർകോട്: നഗരങ്ങളിലെ വിവിധ കേന്ദ്രങ്ങളിൽ നിന്നും മാലിന്യങ്ങൾ വാഹനങ്ങളിലെത്തിച്ച് ചന്ദ്രഗിരി പുഴയിലേക്ക് തള്ളുന്നത് പതിവാകുന്നു.

കാസർകോട്, ചെർക്കള, ഉദുമ നഗരങ്ങളിലെ മാലിന്യങ്ങളാണ് സ്ഥിരമായി ചന്ദ്രഗിരി പുഴയിൽ കൊണ്ടുവന്നു തള്ളുന്നത്. ചന്ദ്രഗിരി പാലത്തിന്റെ മുകളിൽ നിന്നും പട്ടാപ്പകൽ പോലും മാലിന്യങ്ങൾ തള്ളുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്. മുൻകാലങ്ങളിൽ രാത്രിയും പുലർച്ചെയുമായിരുന്നു ഇത്.

കഴിഞ്ഞ ദിവസം കാസർകോട് രജിസ്‌ട്രേഷൻ നമ്പറിലുള്ള കാറിലെത്തിയ ഒരാൾ മാലിന്യം നിറച്ച കവർ പുഴയിലേക്ക് വലിച്ചെറിയുന്ന ദൃശ്യം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതോടെയാണ് മാലിന്യം തള്ളുന്നവർക്കെതിരെ ശക്തമായ നടപടിയെടുക്കാൻ അധികൃതർ തയ്യാറായത്. കാറിൽ നിന്നിറങ്ങി ഒരാൾ മാലിന്യം നിറച്ച കവർ ചന്ദ്രഗിരിപ്പാലത്തിൽ നിന്നു പുഴയിലേക്ക് വലിച്ചെറിയുന്നത്, പിന്നാലെ മറ്റൊരു വാഹനത്തിലെത്തിയവരാണ് മൊബൈൽ ഫോണിൽ പകർത്തിയത്. തുടർന്ന് നവമാധ്യമങ്ങളിലൂടെ ഷെയർ ചെയ്യുകയായിരുന്നു.

കാറിന്റെ നമ്പർ വ്യക്തമായി തിരിച്ചറിയാൻ സാധിച്ചതിനാൽ കാസർകോട് സ്വദേശിയായ അഷറഫിന്റെ ഉടമസ്ഥതയിലുള്ള കാറാണ് ഇതെന്ന് അധികൃതർ അറിയിച്ചു. അറവുശാലകൾ, വിവാഹ വീടുകൾ, ഹോട്ടലുകൾ എന്നിവിടങ്ങളിൽ നിന്നുള്ള മാലിന്യങ്ങൾ രാത്രികളിൽ വാഹനങ്ങളിൽ കയറ്റി തള്ളുന്നുണ്ട്. ഇതിനു പ്രത്യേക സംഘങ്ങളും ജില്ലയിലുണ്ടെന്ന് സംശയിക്കുന്നതായി പൊലീസ് പറയുന്നു. കഴിഞ്ഞ ദിവസം അണങ്കൂരിലെ അശോകൻ പുഴയിൽ ചാടിയതിനെ തുടർന്ന് തിരച്ചിൽ നടത്താൻ ഇറങ്ങിയ ആളുകൾക്ക് കിട്ടിയത് മുഴുവൻ മാലിന്യങ്ങൾ നിറച്ച ചാക്കുകെട്ടുകളായിരുന്നു.